ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ അവസാനിച്ച ടെസ്റ്റ് പരമ്പരയിലെ ഓരോ മത്സരങ്ങളും അത്യന്തം ആവേശകരമായാണ് അവസാനിച്ചത്. ഓവലിലെ അഞ്ചാം ടെസ്റ്റില്‍ ഏറിയ പങ്കും ഇംഗ്ലണ്ടിന് വിജയസാധ്യതയുണ്ടായിട്ടും ഇന്ത്യയ്ക്ക് വിജയിക്കാനായത് ഇന്ത്യന്‍ ബൗളര്‍മാര്‍ നടത്തിയ മികച്ച പ്രകടനങ്ങളുടെ ബലത്തിലായിരുന്നു. അവസാന ദിനം 4 വിക്കറ്റുകള്‍ ശേഷിക്കെ 35 റണ്‍സ് മാത്രമായിരുന്നു ഇംഗ്ലണ്ടിന് വിജയിക്കാനായി വേണ്ടിയിരുന്നത്. മത്സരത്തില്‍ പതിനൊന്നാമനായി പരിക്കേറ്റ ക്രിസ് വോക്‌സിന് കളിക്കാന്‍ ഇറങ്ങേണ്ടതായി വന്നിരുന്നു. അവസാന ഓവറുകളില്‍ ബാറ്റ് ചെയ്തിരുന്ന ഗസ് ആറ്റ്കിന്‍സനെ റണ്ണൗട്ടാക്കാനുള്ള ഒരു അവസരം ഇന്ത്യ നഷ്ടമാക്കിയിരുന്നു. ഈ സംഭവത്തിന്റെ പേരില്‍ സിറാജ് തന്നെ ചോദ്യം ചെയ്‌തെന്നാണ് മത്സരശേഷം ഇന്ത്യന്‍ ടീം നായകനായ ശുഭ്മാന്‍ ഗില്‍ വ്യക്തമാക്കിയത്.
കൈയിന് പരിക്കുള്ള ക്രിസ് വോക്‌സ് ഒരു നോണ്‍ സ്‌ട്രൈക്കറില്‍ നില്‍ക്കുമ്പോള്‍ മത്സരത്തില്‍ സിറാജ് എറിഞ്ഞ ഓവറിലെ അവസാന പന്തില്‍ ഗസ് ആറ്റ്കിന്‍സന്‍ സിംഗിളിനായി ശ്രമിക്കുമെന്ന് ഇന്ത്യയ്ക്ക് ഉറപ്പുള്ള കാര്യമായിരുന്നു. ഈ സമയത്ത് ആറ്റ്കിന്‍സനെ റണ്ണൗട്ടാക്കാനായി ഇന്ത്യന്‍ വീക്കറ്റ് കീപ്പര്‍ ധ്രുവ് ജുറലിനോട് ഗ്ലൗ ഊരി പന്ത് എറിയാന്‍ തയ്യാറായി നില്‍ക്കണമെന്ന നിര്‍ദേശം നല്‍കാന്‍ പേസര്‍ മുഹമ്മസ് സിറാജ് നായകനായ ശുഭ്മാന്‍ ഗില്ലിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഈ പ്ലാന്‍ മത്സരത്തില്‍ വര്‍ക്കൗട്ടായില്ല. ഇതിനെ പറ്റിയാണ് ഗില്‍ വ്യക്തമാക്കിയത്.
മത്സരത്തിലെ 84മത്തെ ഓവറില്‍ സിറാജ് ആറ്റ്കിന്‍സന് നേരെ വൈഡ് യോര്‍ക്കര്‍ എറിയാനാണ് പദ്ധതിയിട്ടത്. പന്ത് മിസ് ചെയ്താലും ആറ്റ്കിന്‍സണ്‍ റണ്ണിനായി ഓടുമെന്ന് ഉറപ്പായതിനാല്‍ റണ്ണൗട്ട് ചെയ്യാന്‍ ഗ്ലൗ ഊരി നില്‍ക്കാന്‍ ജുറലിനോട് പറയണമെന്ന് സിറാജ് ഗില്ലിനോട് പറഞ്ഞു. എന്നാല്‍ ഈ പന്തില്‍ റണ്‍സെടുക്കാന്‍ ഇംഗ്ലണ്ട് താരങ്ങള്‍ക്കായി. സിറാജ് എന്നോട് കാര്യം പറഞ്ഞിരുന്നു. എന്നാല്‍ ഞാന്‍ ജുറലിനോട് പറയും മുന്‍പ് തന്നെ സിറാജ് തന്റെ റണ്ണപ്പ് തുടങ്ങിയിരുന്നു. ജുറലിന് ഗ്ലൗ ഊരാനുള്ള സമയം കിട്ടിയില്ല എന്നതാണ് സത്യം. പന്തെറിഞ്ഞ് കഴിഞ്ഞതും സിറാജ് എന്നോട് വന്ന് ചോദിച്ചു. എന്താണ് അവനോട് പറയാതിരുന്നത്. ഇതാണ് സംഭവിച്ചത്. മത്സരശേഷമുള്ള പ്രസ്മീറ്റില്‍ ഗില്‍ പറഞ്ഞു. അതേസമയം മത്സരത്തിലെ 86മത്തെ ഓവറിലെ ആദ്യ പന്തില്‍ തന്നെ യോര്‍ക്കറിലൂടെ ആറ്റ്കിന്‍സനെ പുറത്താക്കാന്‍ സിറാജിന് സാധിച്ചു. ഇതോടെയാണ് മത്സരത്തില്‍ 6 റണ്‍സിന്റെ വിജയം ഇന്ത്യ സ്വന്തമാക്കിയത്.