കാത്ത് കാത്തിരുന്ന ചിത്രമായിരുന്നു ഒടിയൻ. ഒടുവിൽ മോഹൻലാലിനെ നായകനാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ചിത്രം റിലീസ് ആയിരിക്കുകയാണ്. റിലീസിനു മുന്നും പിൻപുമായി നിരവധി അവകാശവാദങ്ങളായിരുന്നു സംവിധായകൻ നടത്തിയത്. പക്ഷേ, ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
റിലീസിനു ശേഷം ഒടിയനെതിരെ നെഗറ്റീവ് റിവ്യു എഴുതുന്നവർ കൂലിയെഴുത്തുകാർ ആണെന്നും ഇത് കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നും ആരോപണം ഉന്നയിച്ച് സംവിധായകൻ തന്നെ രംഗത്തെത്തിയിരുന്നു. വിഷയത്തിൽ ശ്രീകുമാർ മറുപടി അർഹിക്കുന്നില്ലെന്ന് ദിലീപ് ഫാൻസ് ചെയർമാൻ റിയാസ് ഖാൻ.
ഒടിയൻ സിനിമയ്ക്കെതിരെയും സംവിധായകൻ ശ്രീകുമാർ മേനോനെതിരെയും നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ദിലീപ് ഫാൻസ് ആണെന്ന ആരോപണം നിഷേധിച്ച് മനോരമ ഓൺലൈനോട് സംസാരിക്കുകയായിരുന്നു റിയാസ്.
‘യാഥാർഥ്യം എന്താണെന്ന് പ്രേക്ഷകർക്ക് അറിയാം. അത്രയേ ഉള്ളൂ. ഇതൊന്നും വലിയ സംഭവമാക്കേണ്ട സംഗതിയല്ല. അയാൾ പറയുന്ന പൊട്ടത്തരങ്ങൾ മറുപടി അർഹിക്കുന്നില്ല‘ എന്നാണ് റിയാസ് പ്രതികരിച്ചത്.