മമ്മൂട്ടി ഒരു തികഞ്ഞ മനുഷ്യസ്നേഹി ആണെന്നും മമ്മൂട്ടിയിലെ മനുഷ്യ സ്നേഹിയെ അധികം ആരും തിരിച്ചറിഞ്ഞിട്ടില്ലെന്നും ഇക്കാരണത്താൽ പല തവണ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയുമാണ് അദ്ദേഹമെന്ന് നടനും സംവിധായകനും തിരക്കഥാകൃത്തുമായ പി ശ്രീകുമാര്‍. സഫാരി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്.
മമ്മൂട്ടിയുമായി വഴക്കിട്ടതിനു ശേഷമാണ് അക്കാര്യം വ്യക്തമാകുന്നതെന്ന് ശ്രീകുമാർ പറയുന്നു. കൈയും തലയും പുറത്തിടരുതെന്ന ചിത്രത്തിന്റെ കഥ പറയാൻ മമ്മൂട്ടിയുടെ അരികിൽ ഒരിക്കൽ ശ്രീകുമാറും തോപ്പിൽ ഭാസിയും ചെന്നു. നല്ല തിരക്കുള്ള സമയമായിരുന്നു. കഥ പറഞ്ഞു, ഡേറ്റ് 6 മാസത്തേക്ക് മതിയെന്ന് പറഞ്ഞു. സമയമില്ല, തിരക്കാണ് മറ്റാരെ കൊണ്ടെങ്കിലും ചെയ്യിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.
അഡ്ജസ്റ്റ് ചെയ്തൂടെ എന്ന് ചോദിച്ചപ്പോൾ മമ്മൂട്ടി പൊട്ടിത്തെറിക്കുകയായിരുന്നു. ‘അഡ്ജസ്റ്റ് ചെയ്ത് തരാന്‍ താനാരാ, എന്റെ സ്വജാതിക്കാരനാണോ, അതോ കൂടെ പഠിച്ചതാണോ, മറ്റെന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ'യെന്നും മമ്മൂട്ടി ചോദിച്ചു. മറ്റുള്ളവരുടെ മുന്നിൽ ഇളിഭ്യനായ ശ്രീകുമാർ അതേകാര്യങ്ങൾ തന്നെ അങ്ങോട്ടും തിരിച്ചടിച്ചു. അന്ന് അവിടെ നിന്നും ഇരുവരും പിണങ്ങി ഇറങ്ങി.
ആ സംഭവത്തിനു ശേഷം പ്രിയദര്‍ശന്റെ രാക്കുയിലിന്‍ രാഗസദസില്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ച് ഇരുവരും വീണ്ടും കണ്ടുമുട്ടി. എന്നെ കണ്ടയുടനെ അദ്ദേഹം സലാം വച്ചു. എന്നാല്‍ ഞാന്‍ മൈന്‍ഡ് ചെയ്തില്ല. അദ്ദേഹം ഇങ്ങോട്ട് വന്ന് എന്നോട് മിണ്ടുകയായിരുന്നു. എന്നെ കെട്ടി പിടിച്ച് അദ്ദേഹം പറഞ്ഞു 'നിങ്ങള്‍ ഇതുവരെ ഇതൊന്നും മറന്നില്ലേ എന്ന്'.
പി. ശ്രീകുമാറിന്റെ സംവിധാനത്തിൽ മമ്മൂട്ടി, സായി കുമാർ, ജഗതി ശ്രീകുമാർ, ശോഭന, രഞ്ജിത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച വിഷ്ണു എന്ന ചിത്രത്തിന്റെ ലൊക്കെഷനിൽ വെച്ചാണ് ഇരുവരുടെയും പിണക്കം ശരിക്കും മാറിയത്.
‘മനുഷ്വത്യം മാത്രം ഉള്ളിൽ വെച്ച് മലയാള സിനിമയിൽ ഉള്ള ഒരാളാണ് മമ്മൂട്ടി. പക്ഷേ അയാളെ എല്ലാവരും തെറ്റിദ്ധരിച്ചിരിക്കുകയാണ്. അഹങ്കാരി ആണെന്നൊക്കെ പറയും. പക്ഷേ അതൊന്നുമല്ല. മമ്മൂട്ടി ഒരു കൈകൊണ്ട് ദാനം ചെയ്യുന്നത് മറുകൈ അറിയാറില്ല.’ - ശ്രീകുമാർ പറഞ്ഞവസാനിപ്പിച്ചു.