തൃഷയോട് ഉലകനായകന്‍റെ 'പഴംപൊരി' പരാമര്‍ശം; ടോക്സിക് കമൽ എന്ന് സോഷ്യൽ മീഡിയയുടെ വിമർശനം
തഗ് ലൈഫിന്റെ പ്രൊമോഷൻ തിരക്കിലാണ് താരങ്ങൾ.
തമിഴിലെ ബ്രഹ്‌മാണ്ഡ സിനിമയുടെ അവസാനഘട്ട തയ്യാറെടുപ്പിലാണ് കമൽഹാസനും മണിരത്നവും. വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന തഗ് ലൈഫിന്റെ പ്രൊമോഷൻ തിരക്കിലാണ് താരങ്ങൾ. ഇപ്പോഴിതാ പ്രമോഷൻ വേദിയിൽ തൃഷയെ കളിയാക്കികൊണ്ടുള്ള കമലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനത്തിന് ഇരയാക്കുകയാണ്.
വേദിയിൽ തൃഷയുടെ ഇഷ്ടവിഭവം ഏതാണ് എന്ന ചോദ്യത്തിന് 'എനിക്ക് എല്ലാം കഴിക്കാൻ ഇഷ്ടമാണ്, പക്ഷേ എനിക്ക് വാഴപ്പഴം കൊണ്ടുള്ള ആ വിഭവം കൂടുതൽ ഇഷ്ടം. അതിനെന്താണ് പറയുക എന്ന് അറിയില്ല' എന്നാണ് തൃഷയുടെ മറുപടി. പഴംപൊരിയാണ് തൃഷ ഉദ്ദേശിച്ചതെന്ന് ഇതിനിടയിൽ കമൽ ഹാസൻ പറഞ്ഞു. 'അവർക്ക് പേര് അറിയില്ല, പക്ഷേ കഴിക്കാൻ ഇഷ്ടമാണ്' എന്നും കമൽഹാസൻ കൂട്ടിച്ചേർത്തു.
തൃഷയും പരിപാടിയിലെ പ്രേക്ഷകരും ഇത് ചിരിച്ച് തള്ളിയെങ്കിലും കമൽ ഹാസന്റെ കമന്റ് ദ്വയാർത്ഥം നിറഞ്ഞതാണെന്നും ടോക്സിക് കമൽ എന്നെല്ലാമാണ് സോഷ്യൽ മീഡിയയിലെ വിമർശനം. എന്നാൽ കമൽ ഹാസനെ പിന്തുണച്ചും പ്രതികരണങ്ങൾ ഉണ്ട്. കമൽ പറഞ്ഞതിൽ ദ്വയാർത്ഥമോ അധിക്ഷേപമോ ഇല്ലെന്നും തമാശയെ ആ രീതിയിൽ കാണാൻ പഠിക്കണമെന്നും അഭിപ്രായമുണ്ട്.
അതേസമയം ജൂൺ 5 നാണ് തഗ് ലൈഫ് തിയേറ്ററുകളിലെത്തുന്നത്. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. ജോജു ജോർജ്, തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.