Select Your Language

Notifications

webdunia
webdunia
webdunia
webdunia

Mammootty in 2025: 'ഇത്തവണയും വിട്ടുകൊടുക്കാന്‍ ഉദ്ദേശമില്ല'; 2025 ലും ഞെട്ടിക്കാന്‍ മമ്മൂട്ടി, ബിലാലും നടന്നേക്കാം !

നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന 'ബസൂക്ക' ആയിരിക്കും ഈ വര്‍ഷം തിയറ്ററുകളിലെത്തുന്ന മമ്മൂട്ടിയുടെ രണ്ടാമത്തെ ചിത്രം

Mammootty

രേണുക വേണു

, വ്യാഴം, 2 ജനുവരി 2025 (10:50 IST)
Mammootty in 2025: കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പോലെ 2025 ലും പ്രേക്ഷകരെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് മമ്മൂട്ടി. മലയാളികള്‍ കാത്തിരിക്കുന്ന വമ്പന്‍ പ്രൊജക്ടുകള്‍ അടക്കം ഈ വര്‍ഷം മമ്മൂട്ടിയുടേതായി തിയറ്ററുകളിലെത്തും. മുന്‍ വര്‍ഷങ്ങളിലെ പോലെ പരീക്ഷണ സിനിമകളുടെ ഭാഗമായും ഇത്തവണ മമ്മൂട്ടിയെ കാണാന്‍ സാധിക്കും. 
 
ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ്' ആണ് മമ്മൂട്ടിയുടേതായി ഈ വര്‍ഷം തിയറ്ററുകളിലെത്തുന്ന ആദ്യ സിനിമ. ഷെര്‍ലക് ഹോംസ് കഥകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കിയിരിക്കുന്ന ഇന്‍വസ്റ്റിഗേഷന്‍ കോമിക് ത്രില്ലര്‍ ആണ് ഈ ചിത്രമെന്നാണ് വിവരം. പ്രൈവറ്റ് ഡിറ്റക്ടീവ് ആയാണ് മമ്മൂട്ടി വേഷമിടുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഈ ചിത്രം ജനുവരി 23 നു വേള്‍ഡ് വൈഡായി റിലീസ് ചെയ്യും. 
 
നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന 'ബസൂക്ക' ആയിരിക്കും ഈ വര്‍ഷം തിയറ്ററുകളിലെത്തുന്ന മമ്മൂട്ടിയുടെ രണ്ടാമത്തെ ചിത്രം. ഗെയിം ത്രില്ലര്‍ ഴോണറില്‍ ഒരുക്കിയിരിക്കുന്ന ചിത്രം 'നല്ലതും ചീത്തയും തമ്മിലുള്ള കളി' എന്ന പ്ലോട്ടിലൂടെയാണ് കഥ പറയുന്നത്. ഡീനോ തന്നെയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിക്രം മെഹ്‌റ, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവര്‍ ചേര്‍ന്നാണ് ബസൂക്ക നിര്‍മിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിമിഷ് രവി. മിഥുന്‍ മുകുന്ദന്‍ ആണ് സംഗീതം. മാര്‍ച്ചില്‍ ആയിരിക്കും ചിത്രത്തിന്റെ റിലീസ്. 
 
നവാഗതനായ ജിതിന്‍ കെ.ജോസ് സംവിധാനം ചെയ്യുന്ന സൈക്കോളജിക്കല്‍ ത്രില്ലറും മമ്മൂട്ടിയുടേതായി ഈ വര്‍ഷം തിയറ്ററുകളില്‍ എത്തും. പേരിടാത്ത ഈ സിനിമയുടെ ചിത്രീകരണം 2024 നവംബറില്‍ പൂര്‍ത്തിയായതാണ്. മമ്മൂട്ടി നെഗറ്റീവ് വേഷത്തിലാണ് എത്തുന്നത്. വിനായകന്‍ മറ്റൊരു ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിക്കുന്നു. സ്ത്രീപീഡകനായ വില്ലന്‍ വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിഷു റിലീസ് ആയാകും ഈ സിനിമ തിയറ്ററുകളിലെത്തുക. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം 'കുറുപ്പി'ന്റെ സഹതിരക്കഥാകൃത്തായ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ സിനിമ നിര്‍മിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് ഇത്.
 
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മാര്‍ച്ചിലായിരിക്കും ഈ സിനിമയുടെ ചിത്രീകരണം അവസാനിക്കുക. മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മഹേഷ് നാരായണന്‍ ചിത്രം 2025 അവസാനത്തോടെ തിയറ്ററുകളിലെത്തുമെന്നാണ് സൂചന.

മഹേഷ് നാരായണന്‍ സിനിമയുടെ ചിത്രീകരണത്തിനു ശേഷം ഇടവേളയെടുക്കുന്ന മമ്മൂട്ടി പിന്നീട് അഭിനയിക്കുക മറ്റൊരു വലിയ പ്രൊജക്ടില്‍ ആയിരിക്കുമെന്നാണ് വിവരം. അമല്‍ നീരദ് ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ ആയിരിക്കുമോ അതെന്നാണ് ആരാധകര്‍ അറിയാന്‍ കാത്തിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒളിച്ചോടുമെന്ന പേടിസ്വപ്നമുണ്ടായിരുന്നു, ഒരാൾക്ക് വേണ്ടി വർഷങ്ങളോളം കാത്തിരിക്കുക എളുപ്പമല്ല: കീർത്തി സുരേഷ്