കഥ കേട്ട് ദുൽഖർ ഒരുപാട് ചിരിച്ചു, സ്‌പോട്ടിൽ ഓകെ പറയുമെന്ന് കരുതി പക്ഷേ സംഭവിച്ചത് മറ്റൊന്ന്!
കഥ കേട്ട് ദുൽഖർ ഒരുപാട് ചിരിച്ചു, സ്‌പോട്ടിൽ ഓകെ പറയുമെന്ന് കരുതി പക്ഷേ സംഭവിച്ചത് മറ്റൊന്ന്!
'സോളോ' എന്ന ചിത്രത്തിന് ശേഷം ഒരു ചെറിയ ഇടവേളയ്‌ക്ക് ശേഷം ദുൽഖർ സൽമാൻ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് 'ഒരു യമണ്ടൻ പ്രേമകഥ'. ബിസി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ മുഴുനീള കോമഡി പറയുന്ന കഥാപാത്രമായിട്ടാണ് എത്തുന്നത്.
പുതിയ ചിത്രവുമായി ദുല്‍ഖര്‍ എത്തുമ്പോള്‍ ആരാധകര്‍ ഏറെ ആകാംക്ഷയിലാണ്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളെളാരു പ്രണയ ചിത്രമായിരിക്കും യമണ്ടന്‍ പ്രേമകഥയാണ് ചിത്രമെന്നും സൂചനകളുണ്ട്.
അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളായ വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിന്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്നാണ് ഈ കോമഡി ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദുൽഖറിന്റെ അടുത്ത് കഥ പറയാൻ ചെന്നപ്പോഴുണ്ടായ അനുഭവമാണ് വിഷ്ണു ഇപ്പോൾ പറയുന്നത്. അടുത്തിടെ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിഷ്ണു ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. വിഷ്ണുവിന്റെ വാക്കുകൾ:
‘കുഞ്ഞിക്കയുടെ അടുത്ത് കഥ പറയാൻ ചെന്നപ്പോൾ ഇത് ഹ്യൂമർ പടമാണെന്ന് പറഞ്ഞു. ചിത്രം മുഴുവൻ കോമഡിയും പ്രണയവുമാണ്. ഞങ്ങടെ മൂന്നാമത്തെ പടമാണ്. ചെറിയ കാര്യങ്ങൾ ഉണ്ടെങ്കിൽ പോലും നന്നായി ചിരിക്കുന്ന ആളാണ് പുള്ളി. സ്ക്രിപ്റ്റ് വായിച്ച് കേൾപ്പിച്ചപ്പോൾ പുള്ളി ചിരിച്ച് ചിരിച്ച് കണ്ണീന്നൊക്കെ വെള്ളം വന്നു. അപ്പോൾ ഞങ്ങൾ കരുതി ഇത് പുള്ളി ചെയ്യും. വേറെ കൂടുതൽ ഒന്നും പറയേണ്ടി വരില്ല എന്ന്’.
‘എല്ലാം ഓകെ ആയെന്ന് കരുതി. പുള്ളിയുടെ ഒരു ഓകെ കിട്ടിയാൽ സ്വർഗം കിട്ടിയ പോലെ ആയിരുന്നു. ഇത്രേം ചിരി കഴിഞ്ഞിട്ട് പുള്ളി പറഞ്ഞു ‘ഞാനൊന്ന് ആലോചിക്കട്ടെ’ എന്ന്. അപ്പോൾ ഞങ്ങളൊന്ന് ഞെട്ടി. സത്യത്തിൽ പുള്ളിക്ക് കഥ ഇഷ്ടമായി. ഇതുവരെ ചെയ്യാത്ത ഒരു കഥാപാത്രമായത് കൊണ്ട് ചെയ്യാനാകുമോ എന്നൊരു സംശയത്തിന്റെ പേരിലാണ് അങ്ങനെ പറഞ്ഞത്.’
‘പക്കാ ലോക്കൽ ക്യാരക്ടർ ആണ്. സാദാ ലോക്കൽ പെയിന്റ് പണിക്കാരൻ ആണ്. ചെയ്യാമെന്ന് പിന്നീട് വാക്ക് തന്നു. പിന്നീട് ഞങ്ങളെ വിസ്മയിപ്പിക്കുന്ന രീതിയിലായിരുന്നു ദുൽഖറിൽ നിന്നും ലല്ലുവിലേക്കുള്ള പകർന്നാട്ടം. അതിഗംഭീരമായിട്ടാണ് ഡിക്യു അഭിനയിച്ചത്.‘- വിഷ്ണു പറഞ്ഞവസാനിപ്പിച്ചു.