Publish Date: Wed, 17 Jan 2024 (18:59 IST)
Updated Date: Wed, 17 Jan 2024 (19:03 IST)
താരസംഘടനയായ അമ്മയില്‍ നിന്നും പിളര്‍ന്നാണ് പാര്‍വതി തിരുവോത്ത്,റിമ കല്ലിങ്കല്‍,രമ്യാ നമ്പീശന്‍ തുടങ്ങിയവര്‍ ഡബ്യുസിസി എന്ന സംഘടനയ്ക്ക് തുടക്കമിട്ടത്. അമ്മയില്‍ തങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന കാരണത്താലായിരുന്നു പുതിയ സംഘടനയുടെ പിറവി. സിനിമയിലെ സ്ത്രീകള്‍ക്കായി രൂപപ്പെട്ട സംഘടനയെന്ന നിലയില്‍ ഡബ്യുസിസി ഒട്ടെറെ കാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് വെയ്ക്കുകയുണ്ടായി. ഇപ്പോഴിതാ ഡബ്യുസിസി പിറവിയെ പറ്റിയും കസബ സിനിമയെ തുടര്‍ന്നുണ്ടായ വിവാദങ്ങളെയും പറ്റി മനസ് തുറന്നിരിക്കുകയാണ് അമ്മ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു.
കാന്‍ ചാനല്‍ മീഡിയയുമായുള്ള അഭിമുഖത്തിലാണ് ഇടവേള ബാബു മനസ് തുറന്നത്.നമ്മുടെ കൂടെ നടന്ന സുഹൃത്തുക്കള്‍ അപ്പുറത്ത് നിന്ന് എതിര് പറയുമ്പോള്‍ നമ്മള്‍ക്ക് വിഷമം തോന്നുമെന്ന് ബാബു പറയുന്നു. ഞാന്‍ വളരെ സെന്റിമെന്റലാണ്. റിമയും പാര്‍വതിയുമെല്ലാം ഏറെ അടുപ്പമുള്ളവരാണ്.പെട്ടെന്ന് ഒരു ദിവസം അവര്‍ അപ്പുറത്ത് നിന്ന് പറയുമ്പോള്‍ വിഷമം തോന്നി. കസബ സിനിമക്കെതിരെ സംസാരിച്ച ശേഷം മമ്മൂട്ടിയെ അഭിമുഖീകരിക്കുന്നതില്‍ പാര്‍വതിക്ക് വലിയ പ്രശ്‌നമായിരുന്നു. ഞാന്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ശ്രമിച്ച ആളാണ്. പാര്‍വതിയുടെ കാര്യത്തിലും അത് തന്നെയാണ് ഞാന്‍ ചെയ്തത്.
അമ്മയുടെ ഷോയ്ക്ക് വരാന്‍ പാര്‍വതി മടിച്ചു. അതിന് തൊട്ടുമുന്‍പായിരുന്നു കസബയ്‌ക്കെതിരെ പാര്‍വതി സംസാരിച്ചത്. എല്ലാവരും അത് എങ്ങനെയെടുക്കുമെന്ന് അറിയില്ല. പ്രത്യേകിച്ച് മമ്മൂക്കയെന്നാണ് പാര്‍വതി പറഞ്ഞത്. ഞാന്‍ ഇക്കാര്യം മമ്മൂക്കയോട് ചോദിച്ചു. എനിക്കൊരു പ്രശ്‌നവുമില്ലെന്നാണ് മമ്മൂക്ക പറഞ്ഞത്. അങ്ങനെ ആ ഷോ ഭംഗിയായി തന്നെ ചെയ്തു. ഇടവേള ബാബു പറഞ്ഞു.