Empuraan: റിലീസിനു ഇനി 15 ദിവസങ്ങള്‍ കൂടി; 'ആളും അനക്കവും' ഇല്ലാത്തതില്‍ ഫാന്‍സിനു അതൃപ്തി, ആദ്യ ഷോയുടെ കാര്യത്തിലും അനിശ്ചിതത്വം
നിര്‍മാതാക്കളായ ആശീര്‍വാദ് സിനിമാസിനെയും ലൈക പ്രൊഡക്ഷന്‍സിനെയും ചീത്ത വിളിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍
Empuraan: മലയാളത്തിലെ ഏറ്റവും വലിയ റിലീസായ 'എമ്പുരാന്‍' തിയറ്ററുകളിലെത്താന്‍ ഇനി 15 ദിവസങ്ങള്‍ മാത്രം. മാര്‍ച്ച് 27 നാണ് മോഹന്‍ലാല്‍ ചിത്രം വേള്‍ഡ് വൈഡായി റിലീസ് ചെയ്യുക. എന്നാല്‍ സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ ആരംഭിക്കാത്തതില്‍ മോഹന്‍ലാല്‍ ആരാധകര്‍ക്കു അതൃപ്തിയുണ്ട്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം തിയറ്ററുകളിലെത്തുമ്പോള്‍ അതിനനുസരിച്ചുള്ള പ്രൊമോഷന്‍ പരിപാടികള്‍ വേണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.
നിര്‍മാതാക്കളായ ആശീര്‍വാദ് സിനിമാസിനെയും ലൈക പ്രൊഡക്ഷന്‍സിനെയും ചീത്ത വിളിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍. ട്രെയ്‌ലറെങ്കിലും ഉടന്‍ റിലീസ് ചെയ്യണമെന്നാണ് ആരാധകരുടെ ആവശ്യം. പാന്‍ ഇന്ത്യന്‍ റിലീസായാണ് എമ്പുരാന്‍ എത്തുന്നത്. എന്നാല്‍ കേരളത്തില്‍ പോലും സിനിമയുടെ പ്രൊമോഷന്‍ ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയിലാണ്. ലൈക പ്രൊഡക്ഷന്‍സ് അടുത്തകാലത്ത് ചെയ്ത മിക്ക സിനിമകളും സാമ്പത്തികമായി വലിയ പരാജയമായതിനാല്‍ എമ്പുരാന്റെ പ്രീ ബിസിനസ് പ്രതീക്ഷിച്ച പോലെ നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാരണത്താലാണ് പ്രൊമോഷന്‍ പരിപാടികളും ഇഴഞ്ഞു നീങ്ങുന്നതെന്ന് ആരോപണമുണ്ട്.
ചിത്രത്തിന്റെ ക്യാരക്ടര്‍ റിലീവിങ് പൂര്‍ത്തിയായിട്ട് 14 ദിവസങ്ങള്‍ കഴിഞ്ഞു. അതിനുശേഷം കാര്യമായ പ്രൊമോഷന്‍ പോസ്റ്ററുകള്‍ പോലും വന്നിട്ടില്ല. സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്റെ ഫെയ്സ്ബുക്ക് പേജില്‍ എമ്പുരാന്റെ അവസാന അപ്ഡേറ്റ് വന്നിരിക്കുന്നത് ഫെബ്രുവരി 26 നാണ്. മാത്രമല്ല രാജമൗലി ചിത്രത്തില്‍ അഭിനയിക്കാനായി പൃഥ്വിരാജ് കേരളത്തില്‍ നിന്ന് പോകുകയും ചെയ്തു. പൃഥ്വിരാജിന്റെ അസാന്നിധ്യവും എമ്പുരാന്റെ പ്രൊമോഷനെ ബാധിച്ചിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.
അതുപോലെ തന്നെ ഫാന്‍സ് ഷോയുടെ കാര്യത്തിലും തീരുമാനമായിട്ടില്ല. മുന്നൂറോളം ഫാന്‍സ് ഷോകള്‍ നടത്തുമെന്നാണ് വിവരം. എന്നാല്‍ എത്ര മണിക്കായിരിക്കും ഷോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. പുലര്‍ച്ചെ അഞ്ചിനോ ആറിനോ ഫാന്‍സ് ഷോ വേണമെന്ന് ആരാധകര്‍ ആവശ്യപ്പെടുമ്പോള്‍ രാവിലെ എട്ട് മണി കഴിഞ്ഞിട്ട് ആദ്യ ഷോ മതിയെന്ന നിലപാടിലാണ് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും. ഈ അനിശ്ചിതത്വങ്ങളെല്ലാം ഉടന്‍ നീക്കി എമ്പുരാന്റെ പ്രൊമോഷന്‍ പരിപാടികള്‍ ഊര്‍ജ്ജസ്വലമാക്കണമെന്നാണ് മോഹന്‍ലാല്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെടുന്നത്.