ബോക്സ് ഓഫീസിൽ ഇന്നുവരെ കാണാത്ത കുതിപ്പുമായി ഒരു മലയാള സിനിമ. മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ട് ഒന്നിച്ച എമ്പുരാൻ മലയാളത്തിൽ ഇതുവരെ ഉള്ള കളക്ഷൻ റെക്കോർഡുകൾ എല്ലാം മറികടക്കുകയാണ്. വിവാദങ്ങൾക്കിടയിലും കളക്ഷനിൽ വലിയ മുന്നേറ്റമാണ് നടത്തുന്നത്. ചിത്രം ഇതിനോടകം 100 കോടി നേടിക്കഴിഞ്ഞു. പല തിയേറ്ററുകളിലും ടിക്കറ്റുകൾ കിട്ടാനില്ല. ഇപ്പോഴിതാ മറ്റൊരു റെക്കോർഡ് കൂടി സിനിമയെ തേടി എത്തിയിരിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റെക്കോർഡ് ടിക്കറ്റ് വിൽപ്പനയാണ് സിനിമ ബുക്ക് മൈ ഷോയിലൂടെ നടത്തിയിരിക്കുന്നത്. 345.11K ടിക്കറ്റാണ് സിനിമ വിറ്റഴിച്ചത്. ഇത് എമ്പുരാനൊപ്പം റിലീസ് ചെയ്ത മറ്റു സിനിമകളെക്കാൾ കൂടുതലാണ്. വിക്രം ചിത്രമായ വീര ധീര സൂരൻ 24 മണിക്കൂറിൽ 117.6K ടിക്കറ്റ് വിറ്റപ്പോൾ സൽമാൻ ചിത്രമായ സിക്കന്ദർ 121.02K ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ വിറ്റത്. തെലുങ്ക് ചിത്രമായ മാഡ് സ്‌ക്വയർ എന്ന സിനിമയ്ക്കും എമ്പുരാനൊപ്പം എത്താനായില്ല. 150K ടിക്കറ്റ് ആണ് മാഡ് വിറ്റുതീർത്തത്.
ഓവര്‍സീസില്‍ മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി എമ്പുരാന്‍ മാറിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 80 കോടിയോളം ഇപ്പോള്‍ എമ്പുരാന്‍ ഓവര്‍സീസില്‍ നിന്നും നേടിയിരിക്കുന്നത്. രണ്ട് ദിവസം കൊണ്ട് നൂറ് കോടിയെന്ന നേട്ടവും എമ്പുരാൻ നേടിക്കഴിഞ്ഞു. മഞ്ഞുമ്മല്‍ ബോയ്‌സ് ഓവര്‍സീസില്‍ നിന്നും 72 കോടിയോളമായിരുന്നു നേടിയതെന്നാണ് കണക്കുകള്‍. ഓവര്‍സീസിലെ മഞ്ഞുമ്മലിന്റെ ലൈഫം ടെം കളക്ഷനെയാണ് ദിവസങ്ങള്‍ക്കുള്ളില്‍ എമ്പുരാന്‍ മറികടന്നിരിക്കുന്നത്.