പ്രഖ്യാപനം മുതൽ മലയാളികൾ നെഞ്ചേറ്റിയ ചിത്രമായിരുന്നു ആടുജീവിതം. ബ്ലെസി സംവിധാനം ചെയ്ത ചിത്രത്തിൽ പൃഥ്വിരാജ് ആയിരുന്നു നായകനായത്. മലയാളത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നോവലുകളിലൊന്നായ ആടുജീവിതം വൻ ബജറ്റിലാണ് ഒരുങ്ങിയത്. 6 വർഷത്തോളം സിനിമയുടെ ചിത്രീകരണം നീണ്ടു. 10 വർഷമാണ് ബ്ലെസി ആടുജീവിതത്തിനായി മാറ്റിവെച്ചത്.
തിയേറ്ററിലെത്തിയ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് 150 കോടിയോളമാണ് സ്വന്തമാക്കിയത്. എന്നാൽ സിനിമ സാമ്പത്തികമായി ലാഭമുണ്ടാക്കിയില്ലെന്ന് പറയുകയാണ് സംവിധായകനായ ബ്ലെസി. ജിഞ്ചർ മീഡിയ എന്റർടൈന്മെന്റ്‌സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ആടുജീവിതം എന്ന സിനിമ സാമ്പത്തികമായി ലാഭം തന്ന ഒന്നാണെന്ന് പറയാൻ കഴിയില്ല. കാരണം, വളരെ ഭീമമായ ബജറ്റായിരുന്നു ആ സിനിമയുടേത്. അത് കവർ ചെയ്യാൻ കഴിയുന്ന തരത്തിലുള്ള കളക്ഷൻ ബോക്‌സ് ഓഫീസിൽ നിന്ന് കിട്ടിയില്ലെന്ന് വേണം പറയാൻ. ഇപ്പോൾ കിട്ടിയ കളക്ഷൻ നോക്കുമ്പോൾ ആടുജീവിതം സാമ്പത്തികലാഭം തന്നെന്ന് പലർക്കും തോന്നും. പക്ഷേ, അത് കഷ്ടിച്ച് ബ്രേക്ക് ഈവനായതേയുള്ളൂ', ബ്ലെസി പറഞ്ഞു.