അങ്കണവാടി അധ്യാപകരെക്കുറിച്ച് വിവാദ പരാമർശം നടത്തിയ ശ്രീനിവാസനെതിരെ നടൻ ഹരീഷ് പേരടി രംഗത്ത്. അങ്കണവാടിയിലെ അമ്മമാര്‍ കുട്ടികളെ വഴി തെറ്റിക്കുന്നവരാണെങ്കില്‍... അവര്‍ കുട്ടികളുടെ മനശാസ്ത്രത്തില്‍ ഡോക്ടറേറ്റ് എടുക്കാത്തവരാണങ്കില്‍ നമ്മുടെ സിനിമയിലെ തിരക്കഥാ, സംവിധായക അച്ഛന്‍മാര്‍ക്കും ഈ യോഗ്യതയൊക്കെ വേണ്ടേയെന്നാണ് ഹരീഷ് ഫേസ്ബുക്കിലൂടെ ചോദിക്കുന്നത്.
വിദേശ സിനിമകള്‍ കണ്ട് ആ ഫോര്‍മാറ്റിലേക്ക് മലയാളം പറയുന്ന കഥാപാത്രങ്ങളെ ഒട്ടിച്ച് വെക്കുന്നത് പോലെ അത്ര എളുപ്പമല്ല അങ്കണ വാടിയിലെ കുട്ടികളെ പഠിപ്പിക്കുന്നത് - ഹരീഷ് പേരടി അഭിപ്രായപ്പെട്ടു. കേരളത്തിന്റെ മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും അന്താരാഷ്ട്ര മാധ്യമങ്ങൾ പുകഴത്തുന്നത് ഡോക്ടറേററില്ലാത്ത ഈ അങ്കണവാടി അമ്മമാർ ജീവിതം പണയം വെച്ച് സമുഹത്തിലേക്ക് ഇറങ്ങുന്നതുകൊണ്ടു കൂടിയാണെന്നും ഹരീഷ് പേരാടി പറയുന്നു.
തോക്കെടുത്ത് ഒരാളെ വെടിവെക്കുന്നതിനേക്കാൾ വലിയ സംഘർഷമാണ് ഒരു കുഞ്ഞിന് മുലകൊടുക്കുന്നത്... ആ സഹന ശക്തിയുള്ളതുകൊണ്ടാണ് അങ്കണവാടിയിലെ അമ്മമാർ ഈ മഹാമാരിയുടെ കാലത്തും കാണാത്ത വൈറസിനോട് യുദ്ധം ചെയാൻ ആരോഗ്യ പ്രവർത്തകരോടാപ്പം കേരളത്തിന്റെ തെരുവുകളിലേക്ക് ഇറങ്ങുന്നതെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു