ചെന്നൈ: നിർമാണക്കമ്പനിയായ ലൈക്കയുടെ പരാതിയിൽ നടൻ വിശാലിന് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. 30 ശതമാനം പലിശസഹിതം 21.29 കോടി രൂപ ലൈക്കയ്ക്ക് തിരിച്ചുനൽകണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. പണം മുഴുവനായും നൽകുന്നതുവരെ വിശാലിന്റെ സിനിമകളുടെ എല്ലാ അവകാശങ്ങളും ലൈക്ക പ്രൊഡക്‌ഷൻസിന്റെ നിയന്ത്രണത്തിൽ തുടരണമെന്നും കോടതി വ്യക്തമാക്കി.
സിനിമാ നിർമാണത്തിന് പണം നൽകുന്ന അൻബു ചെഴിയാന്റെ ഗോപുരം ഫിലിംസിൽ നിന്ന് ലൈക്കയുടെ പേരിൽ, ഫിലിം ഫാക്ടറി എന്ന തന്റെ നിർമാണക്കമ്പനിക്കായി വിശാൽ പണം വായ്പയെടുത്തിരുന്നു. പണം മുഴുവനായും തിരിച്ചുനൽകുന്നതുവരെ വിശാലിന്റെ സിനിമകളുടെ അവകാശങ്ങൾ ലൈക്കയ്ക്കാണെന്ന കരാർപ്രകാരമായിരുന്നു ഇത്.
എന്നാൽ, വിശാൽ നിബന്ധനകൾ ലംഘിച്ച് ചിത്രങ്ങൾ പുറത്തിറക്കിയെന്നാരോപിച്ച് ലൈക്ക കോടതിയെ സമീപിക്കുകയായിരുന്നു. കാര്യങ്ങൾ പഠിച്ച കോടതി വിശാലിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായതായി കണ്ടെത്തി.