മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെതിരെ തുറന്നടിച്ച് നടി ഹണി റോസ്. കാസ്റ്റിംഗ് കൗച്ച് എന്നത് യാഥാർഥ്യമാണെന്നും കഴിവ് ഉണ്ടായിട്ട് മാത്രം കാര്യമില്ലെന്നും ഹണി പറയുന്നു. നോ പറയുന്നതോടെ അവസരം നഷ്ടമാകുമെന്നും ഹണി റോസ് പറയുന്നു. ന്യുസ് 18 കേരളയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഹണി റോസ് മനസ് തുറന്നത്.
അതേസമയം നോ പറയാൻ പേടിക്കേണ്ടതില്ലെന്നും ഹണി റോസ് പറയുന്നു. ശാരീരികമായ അതിക്രമം ഉണ്ടാകുന്നത് വിരളമാണെന്നും കാസ്റ്റിംഗ് കൗച്ചുമായി സമീപിക്കുന്നവരോട് നോ പറയണമെന്നും ഹണി റോസ് പറയുന്നു. എന്നാൽ നോ പറയുന്നതോടെ ആ അവസരവും തുടർന്നുള്ള അവസരങ്ങളും നഷ്ടമാകുമെന്നും ഹണി റോസ് പറയുന്നുണ്ട്.
''പേടിക്കേണ്ടതായ സാഹചര്യമില്ല. സിനിമ ഇൻഡസ്ട്രിയിൽ പേടിക്കേണ്ട സാഹചര്യമില്ല. അല്ലെങ്കിൽ ശാരീരികമായി ആക്രമിക്കുന്ന സാഹചര്യം ഉണ്ടാകണം. അങ്ങനൊരു സാഹചര്യത്തെക്കുറിച്ച് വളരെ വിരളമായാണ് കേട്ടിട്ടുള്ളത്. എന്റെ അറിവിൽ ഫോൺ കോളിലൂടേയോ നേരിട്ടോ സംസാരിക്കുകയാവും ചെയ്യുക. നമുക്ക് അതിന് മറുപടി നൽകാൻ സാധിക്കില്ലേ? വ്യക്തമായി മറുപടി നൽകാനാകും. പിന്നെ ആ മനുഷ്യൻ മുന്നിലേക്ക് വരില്ല. പക്ഷെ ആ അവസരം അവിടെ നഷ്ടപ്പെടുമോ ഇല്ലയോ എന്നറിയില്ല. എന്നിരുന്നാലും പേടിക്കേണ്ടതായ കാര്യമില്ല. അപ്പോഴും അവസരത്തിന്റെ കാര്യത്തിൽ പ്രശ്‌നമുണ്ടാകുമെന്നത് അവിടെ കിടക്കുന്നു.
കാസ്റ്റിംഗ് കൗച്ച് ഉണ്ടായിരുന്നു. പുതിയ ആളായി ഇൻഡസ്ട്രിയിലേക്ക് വരുമ്പോൾ നമ്മൾ എസ്റ്റാബ്ലിഷ് ആയിരിക്കില്ല. അപ്പോഴായിരിക്കും ഈ ചൂഷണം ഏറ്റവും കൂടുതൽ നേരിടേണ്ടി വരിക. ഞാൻ കേട്ടിട്ടുള്ളതും ഞാൻ അനുഭവിച്ചിട്ടുള്ളതും ഫോൺ കോളിലൂടെയുള്ള സംസാരമാണ്. മറുപടി നൽകുമ്പോൾ അത് അവിടെ നിൽക്കും. അതോടെ ആ പടത്തിലേക്കും ആ വ്യക്തിയുടെ സിനിമകളിലേക്കും നമ്മളെ വിളിക്കാതാകും. അതൊരു യാഥാർത്ഥ്യമാണ്. നിർഭാഗ്യവശാൽ നമുക്ക് പ്രതികരണം നൽകാം എന്നല്ലാതെ വേറൊന്നും ചെയ്യാനാകില്ല',' എന്നാണ് ഹണി റോസ് പറയുന്നത്.