നടി ഹണി റോസിന്റെ വിമർശനത്തിന് മറുപടിയുമായി രാഹുൽ ഈശ്വർ. വസ്ത്രധാരണത്തെ കുറിച്ചുള്ള രാഹുൽ ഈശ്വറിന്റെ പരാമർശത്തിനെതിരെ ഹണി റോസ് രംഗത്തെത്തിയിരുന്നു. ചർച്ചകളിൽ സ്ത്രീകൾ ഉന്നയിക്കുന്ന വിഷയങ്ങളെ നിർവീര്യമാക്കുന്നയാളാണ് രാഹുൽ. ഭാഷയിലുള്ള നിയന്ത്രണം, രാഹുലിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ല എന്നായിരുന്നു ഹണി പരിഹസിച്ചത്. ഇതിനുള്ള മറുപടിയുമായിട്ടാണ് രാഹുൽ ഈശ്വർ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
വാക്കുകൾക്ക് മിതത്വം വേണമെങ്കിൽ വസ്ത്രധാരണത്തിനും മിതത്വം വേണം. ഹണിയുടെ വസ്ത്രങ്ങൾ ഇടയ്‌ക്കെങ്കിലും സഭ്യതയുടെ അതിര് ലംഘിക്കുന്നതാണ്. ബോബി ചെമ്മണൂർ പറഞ്ഞത് ശരിയല്ലെന്ന് പറഞ്ഞ ആളാണ് താൻ എന്നാണ് രാഹുൽ ഈശ്വറിന്റെ വിശദീകരണം. ബോബി മാപ്പ് പറയണമെന്നും ആ മാപ്പ് ഹണി സ്വീകരിക്കണമെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ഇന്നലെ മനോരമ ന്യൂസ് കൗണ്ടർപോയിന്റിലായിരുന്നു ഹണി റോസിന്റെ വസ്ത്രധാരണത്തെ കുറിച്ചുള്ള രാഹുൽ ഈശ്വറിന്റെ പരാമർശം.
സ്ത്രീകളെ ഏതു വേഷത്തിൽ കണ്ടാൽ ആണ് അദ്ദേഹത്തിന്റെ നിയന്ത്രണം പോകുന്നത് എന്നറിയില്ലല്ലോ. ഭാഷയുടെ കാര്യത്തിൽ ഉള്ള നിയന്ത്രണം അദ്ദേഹത്തിന് സ്ത്രീകളുടെ വസ്ത്രധാരണം കാണുമ്പോൾ ഇല്ല എന്നാണ് എനിക്ക് മനസ്സിലായത്. എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം എന്നായിരുന്നു ഹണി മറുപടി നൽകിയത്.