Mohanlal: വളരെക്കാലം സ്ത്രീ ആയിട്ടാണ് ഞാൻ പുറം രാജ്യങ്ങളിൽ ജീവിച്ചത്: അനുഭവം പറഞ്ഞ് മോഹൻലാൽ
എല്ലാ വർഷവും പുതിയ പുതിയ രാജ്യങ്ങളിലേക്ക് നടൻ യാത്രകൾ പോകാറുണ്ട്.
സിനിമ കഴിഞ്ഞാൽ മോഹൻലാലിന് ഏറെ ഇഷ്ടമുള്ള കാര്യങ്ങളാണ് പാചകം ചെയ്യുന്നതും യാത്ര ചെയ്യുന്നതും. സമയം കിട്ടുമ്പോഴെല്ലാം ഒരുപാട് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ആളാണ് മോഹൻലാൽ. എല്ലാ വർഷവും പുതിയ പുതിയ രാജ്യങ്ങളിലേക്ക് കുടുംബത്തിനൊപ്പവും സുഹൃത്തുക്കൾക്കൊപ്പവുമൊല്ലാം നടൻ യാത്രകൾ പോകാറുണ്ട്.
സിനിമയിൽ വന്നില്ലായിരുന്നുവെങ്കിൽ താനും പ്രണവിനെപ്പോലെ ഒരു സഞ്ചാരിയായി മാറുമായിരുന്നുവെന്നും താരം പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പഴയൊരു അഭിമുഖത്തിൽ മോഹൻലാൽ പങ്കുവെച്ച യാത്ര അനുഭവമാണ് വൈറലാകുന്നത്. കൈരളി ടിവിക്ക് വർഷങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിലാണ് രസകരമായ അനുഭവം നടൻ വെളിപ്പെടുത്തിയത്.
വളരെക്കാലം സ്ത്രീ ആയിട്ടാണ് താൻ പുറം രാജ്യങ്ങളിൽ ജീവിച്ചതെന്ന് നടൻ പറയുന്നു. അമേരിക്കൻ യാത്ര അനുഭവങ്ങളെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടൻ.
'അമേരിക്കയിൽ ഞാൻ ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട്. ഇപ്പോഴും അമേരിക്കയിൽ നിന്നാണ് വരുന്നത്. വേൾഡ് ട്രെയ്ഡ് സെന്റർ ഉണ്ടായിരുന്നപ്പോഴും അമേരിക്കയിൽ പോയിട്ടുണ്ട്. അവിടെ വെച്ച് ലാൽ അമേരിക്കയിൽ എന്ന സിനിമയുടെ ചില ഭാഗങ്ങൾ ഷൂട്ട് ചെയ്തിട്ടുണ്ട്. 1983 മുതൽ അമേരിക്കയിലേക്ക് ഇടയ്ക്കിടെ യാത്ര പോകുന്നുണ്ട്. നാട്ടിൽ നിന്നും വ്യത്യസ്തമായ ഒരുപാട് കാര്യങ്ങൾ അമേരിക്കയിലുണ്ടെന്ന് തോന്നിയിട്ടുണ്ട്.
ഒരുപാട് നല്ല കാര്യങ്ങളും നമുക്ക് ഇഷ്ടപ്പെടാത്ത ചില കാര്യങ്ങളും ഉള്ള നാടാണ്. അമേരിക്കയിൽ എത്തുക എന്നത് ഒരുപാട് സമയം ആവശ്യമുള്ള ഒന്നാണ്. എന്നിരുന്നാലും ബോംബെയിൽ നിന്നൊക്കെ അമേരിക്കയ്ക്ക് സ്ട്രെയിറ്റ് ഫ്ലൈറ്റുണ്ട്. അവധിക്കാലം ആഘോഷിക്കാൻ വേണ്ടി അമേരിക്കയിൽ പോകാനാണ് എനിക്ക് ഏറ്റവും ഇഷ്ടം. ഒരു മാസമോ രണ്ട് മാസമോ കഴിഞ്ഞാൽ തിരികെ വരും. കാരണം എന്ത് തന്നെയായാലും നമ്മൾ വളർന്ന നാട് തന്നെയാകും എല്ലാവർക്കും കൂടുതൽ പ്രിയം.
ഒരു സമയത്ത് ഏറ്റവും മോശം നഗരമായിരുന്നു ന്യൂയോർക്ക്. ആ സാഹചര്യം മാറി. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി ന്യൂയോർക്ക് അവിടുത്തെ ജനം മാറ്റി. ആളുകൾക്ക് കൂടുതൽ വാല്യു കൊടുക്കുന്ന സ്ഥലമാണ്. വെളിനാടുകളിലേക്കുള്ള യാത്രകൾക്കിടയിൽ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അവയിൽ രസകരമായതുമുണ്ട്.
ചിലതൊക്കെ ഒരുപാട് മാഗസീനുകളിൽ എഴുതിയിട്ടുമുണ്ട്. അതിൽ ഒന്ന് പറയാൻ പറഞ്ഞാൽ വളരെക്കാലം ഞാൻ ഇന്ത്യയ്ക്ക് പുറത്ത് ഒരു സ്ത്രീയായിട്ടാണ് ജീവിച്ചതെന്ന് പറയാം. കാരണം എന്റെ പാസ്പോർട്ടിൽ സെക്സ് എന്നുള്ളിടത്ത് എമ്മിന് പകരം എഫ് എന്നായിരുന്നു പ്രിന്റ് ചെയ്തിരുന്നത്. അതൊരു വലിയ മിസ്റ്റേക്ക് തന്നെയാണ്. പക്ഷെ അറിയാതെ സംഭവിച്ചതാണ്.
വളരെ കാലത്തിനുശേഷം ഒരാളാണ് ആ മിസ്റ്റേക്ക് കണ്ടുപിടിച്ചത്. പാസ്പോർട്ട് നോക്കിയശേഷം അയാൾ എന്നേയും ഒന്ന് നോക്കി. ശേഷം ഫീമെയിൽ എന്ന് പ്രിന്റ് ചെയ്തത് കാണിച്ച് തന്നു. ഫീമെയിൽ എന്നാണ് പ്രിന്റ് ചെയ്തിരിക്കുന്നതെങ്കിലും ഞാൻ ഒരു പുരുഷനാണെന്ന് മറുപടി പറഞ്ഞു. മേജർ മിസ്റ്റേക്കാണ് സംഭവിച്ചതെന്ന് അയാളും തെറ്റ് ചൂണ്ടി കാണിച്ച് പറഞ്ഞു. ഞാൻ വളരെക്കാലം ഒരു സ്ത്രീ ആയിട്ടാണ് പുറം രാജ്യങ്ങളിൽ ജീവിച്ചത്', നടൻ പറഞ്ഞു.