Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ യക്ഷിയമ്മ എന്നെ രക്ഷിക്കും! സ്വപ്നം പോലെ തന്നെ യക്ഷി സഹായിച്ചു,'ആകാശഗംഗ' യുടെ 25-ാം വാര്‍ഷികത്തില്‍ വിനയന് ചിലത് പറയാനുണ്ട്

Vinayan Tg

കെ ആര്‍ അനൂപ്

, ശനി, 27 ജനുവരി 2024 (12:50 IST)
Vinayan Tg
'ആകാശഗംഗ' സിനിമ റിലീസായി 25 വര്‍ഷങ്ങള്‍ പിന്നിടുന്നു. 1999 ജനുവരി 26നാണ് സിനിമ പ്രദര്‍ശനത്തിന് എത്തിയത്. ചിത്രം വിജയമായെങ്കിലും ഇങ്ങനെയൊരു സിനിമ ഒരുക്കിയതിന് പിന്നിലെ പ്രതിസന്ധികളെ കുറിച്ചും സംവിധായകന്‍ തന്നെ നിര്‍മ്മാതാവാകേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചും വിനയന്‍ തന്നെ തുറന്നു പറയുകയാണ്.നായകനായി തീരുമാനിച്ചിരുന്ന യുവനടന്‍ അവസാന നിമിഷം പിന്മാറിയിരുന്നുവെന്നും യക്ഷിക്കഥ ചെയ്യാന്‍ നിര്‍മാതാക്കളാരും മുന്നോട്ടു വരാതിരുന്ന സാഹചര്യത്തിലാണ് താന്‍ നിര്‍മാണം ഏറ്റെടുത്തതെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.
 
 വിനയന്റെ കുറിപ്പ് വായിക്കാം 
 
ആകാശഗംഗ റിലീസായിട്ട് നാളെ ഇരുപത്തഞ്ചു വര്‍ഷം തികയുന്നു..
 വെള്ള സാരി ഉടുത്ത ഏഴിലം പാലയിലെ യക്ഷിക്കഥയുടെ 
കാലം കഴിഞ്ഞു എന്നെന്നോട് നിരവധി നിര്‍മ്മാതാക്കള്‍ അന്നു പറഞ്ഞിരുന്നു..പക്ഷേ എനിക്കെന്തോ ആ കഥ ജനം സ്വീകരിക്കും എന്ന വിശ്വാസം തോന്നിയിരുന്നു.. കഥ കേട്ട പലരും എന്നോട് മുഖം തിരിച്ചപ്പോള്‍ ഒടുവില്‍ സ്വയം നിര്‍മ്മാതാവിന്റെ കൂടി മേലങ്കി അണിയുവാന്‍ ഞാന്‍ തീരുമാനിച്ചു.. പ്രതികാര ദുര്‍ഗ്ഗയായ യക്ഷിക്കും അവളെ തളക്കുന്ന മേപ്പാടന്‍ എന്ന രാജന്‍ പി ദേവ് ചെയ്ത കഥാപാത്രത്തിനും ആയിരുന്നു സിനിമയില്‍ പ്രാധാന്യം എന്നതു കൊണ്ടു തന്നെ അന്നു പ്രശസ്തനായിരുന്ന യുവനടനും ആകാശ ഗംഗയില്‍ നിന്നു പിന്‍മാറി.. അപ്പോഴും ഈ യക്ഷിയമ്മ എന്നെ രക്ഷിക്കും എന്നെന്റെ മനസ്സെന്നോടു പറഞ്ഞു കൊണ്ടേയിരുന്നു..

അതിനൊരു കാരണവും ഉണ്ടായിരുന്നു കുട്ടനാട്ടിലെ ഞങ്ങടെ കുടുംബമായ കോയിപ്പുറത്ത് കാവിലെ കന്യക്കോണില്‍ നിന്നിരുന്ന ഏഴിലം പാലയിലെ പ്രണയാദ്രയും പ്രതികാര ദാഹിയുമായ യക്ഷിയുടെ കഥ അമ്മ പലപ്പോഴും പറയുമായിരുന്നു.. ആ കഥ തന്നെ ആയിരുന്നു ആകാശ ഗംഗയുടെ ത്രെഡ്.. ചെല കാര്യങ്ങള്‍ നടപ്പാക്കാന്‍ പലപ്പോഴും വലിയ റിസ്‌ക് എടുക്കേണ്ടി വരും..ആകാശഗംഗയുടെ കാര്യത്തില്‍ ഞാനതെടുത്തു..വീടു വയ്കാനനുവദിച്ച ലോണ്‍ പോലും എടുത്ത് ആ സിനിമയ്കു വേണ്ടി ഉപയോഗിച്ച കാര്യം ഞാന്‍ പല ഇന്റര്‍വ്യുകളിലും മുന്‍പ് പറഞ്ഞിട്ടുണ്ട്..നായകനായി പുതുമുഖം റിയാസിനെ ആ യുവ നടനു പകരം കാസ്റ്റു ചെയ്തുകൊണ്ട് മുന്നോട്ടു പോയ എന്നെ അന്നു ഞാന്‍ കണ്ടിരുന്ന സ്വപ്നം പോലെ തന്നെ യക്ഷി സഹായിച്ചു..
 
ആകാശ ഗംഗ സൂപ്പര്‍ഹിറ്റായെന്നു മാത്രമല്ല സംവിധായകനപ്പുറം നിര്‍മ്മാതാവെന്ന നിലയില്‍ എനിക്ക് വലിയ ലാഭവും നേടിത്തന്നു.. ആകാശ ഗംഗ റിലീസായ 1999 ല്‍ തന്നെ വാസന്തിയും ലഷ്മിയും ലഷ്മിയും പിന്നെ ഞാനും, പ്രണയ നിലാവും! ഇന്‍ഡിപ്പെന്‍ഡന്‍സും റിലീസു ചെയ്തിരുന്നു..എല്ലാം വിജയചിത്രങ്ങളായിരുന്നു..അതിനടുത്ത വര്‍ഷങ്ങളിലായിരുന്നു കരുമാടിക്കുട്ടനും ദാദാ സാഹിബും രാക്ഷസ രാജാവുമൊക്കെ.. പിന്നീടിങ്ങോട്ടു മലയാളത്തിലും തമിഴിലുമായി നാല്‍പ്പത്തി നാലു ചിത്രങ്ങള്‍..
ഒടുവില്‍ റിലീസായ 'പത്തൊമ്പതാം നൂറ്റാണ്ടു' വരെയുള്ള എന്റെ സിനിമാ ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ സംതൃപ്തനാണ്..
 ഫിലിം ഇന്‍ഡസ്ട്രിയില്‍ ഞാനെടുത്ത ചില ശക്തമായ നിലപാടുകളുടെ പേരില്‍ എനിക്കു കുറേ വര്‍ഷങ്ങള്‍ നഷ്ടമായെങ്കിലും.. പറയാനുള്ളത് ഏതു ദിവ്യന്‍േറം മുഖത്ത് നോക്കി പറയാന്‍ കഴിഞ്ഞു.. അതിന്‍െ പേരില്‍ സുപ്രീം കോടതി വരെ പോയി കേസു പറഞ്ഞ് ഞാന്‍ പറഞ്ഞതായിരുന്നു സത്യം എന്നു തെളിയിക്കാന്‍ കഴിഞ്ഞു എന്ന്‌തൊക്കെ ഒരു സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെയാണ് ഞാന്‍ കാണുന്നത്..
 
ഞാന്‍ ഏറ്റുമുട്ടിയത് മഹാ മേരുക്കളോടായിരുന്നല്ലോ?..
എന്റെ മനസ്സാക്ഷിക്കു നേരെന്നു തോന്നുന്നതിനു വേണ്ടി ഫൈറ്റു ചെയ്യുന്നതിന്റെ ലഹരി എനിക്കേറെ ഇഷ്ടമാണ്. അതിനിയും തുടരും . ഇതു വരെ എന്നെ സഹിച്ച സപ്പോര്‍ട്ടു ചെയ്ത, കൂടെ സഹകരിച്ച,എല്ലാവര്‍ക്കും നന്ദി പറയാന്‍ കൂടി ഈ അവസരം ഉപയോഗിക്കട്ടെ.. വ്യത്യസ്ഥങ്ങളായ പ്രമേയങ്ങളുമായിട്ടാണ് ഞാന്‍ മിക്കപ്പോഴും പ്രേക്ഷകരുടെ മുന്നില്‍ എത്തിയിട്ടുള്ളത്.. ഇനിയും അത്തരം സിനിമകളുമായി വരാനാണ് ശ്രമിക്കുന്നതും..അതിന്റെ പണി പ്പുരയിലാണ്.. നന്ദി...
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംഘിയല്ല രജനികാന്ത്, ആ വാക്ക് വല്ലാതെ വേദനിപ്പിക്കുന്നു, മകള്‍ ഐശ്വര്യ പറയുന്നു