കോവിഡിന് ശേഷം തെലുങ്ക് സിനിമ ലോകത്തിന് അത്ര നല്ല കാലമല്ല. വലിയ ഹൈപ്പോടെ എത്തിയ പല ചിത്രങ്ങളും വീണു. സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിക്കും പിടിച്ചുനില്‍ക്കാനായില്ല. അടുത്തിടെ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ സിനിമകള്‍ ഒന്നും വിജയം നേടിയില്ല. നടന്റെ സൂപ്പര്‍താര പദവി തന്നെ നഷ്ടമാകുമെന്ന് അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. ആചാര്യ ഗോഡ് ഫാദര്‍ ഭോലാശങ്കര്‍ തുടങ്ങിയ മൂന്ന് ചിരഞ്ജീവി ചിത്രങ്ങളും വന്‍ പരാജയമാണ് നേരിട്ടത്.
വാള്‍ട്ടയ്യര്‍ വീരയ്യ എന്ന സിനിമ മാത്രമാണ് ഈ അടുത്ത് ചിരഞ്ജീവിയുടെ വിജയിച്ചത്. അതൊരു മള്‍ട്ടി സ്റ്റാര്‍ ചിത്രമായിരുന്നു. ചിത്രങ്ങള്‍ തുടരെ പരാജയപ്പെടുമ്പോഴും പ്രതിഫലം കുറയ്ക്കാന്‍ നടന്‍ തയ്യാറാകുന്നില്ല. അതിനാല്‍ തന്നെ നടനെ വച്ച് സിനിമ ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ക്കും വലിയ താല്പര്യമില്ലെന്നാണ് കേള്‍ക്കുന്നത്. തെലുങ്ക് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നിലവില്‍ ഒരു സിനിമ ചെയ്യാന്‍ 70 കോടിയില്‍ കൂടുതല്‍ നടന്‍ പ്രതിഫലമായി ആവശ്യപ്പെടുന്നുണ്ട്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഭോലാ ശങ്കര്‍ എന്ന ചിത്രത്തിന് വന്‍ പ്രതിഫലമാണ് ചിരഞ്ജീവി വാങ്ങിയത്. ഈ സിനിമ വലിയ പരാജയമായി മാറി. ഹൈദരാബാദിലെ നിരവധി നിര്‍മ്മാതാക്കള്‍ നടനായി വെച്ച പ്രോജക്ടുകള്‍ വേണ്ടെന്നുവച്ചു. അതിനു കാരണം നടന്റെ ഉയര്‍ന്ന പ്രതിഫലം ആണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതുകൊണ്ടുതന്നെ സിനിമയുടെ ബജറ്റ് ഉയരുകയും തിയറ്ററുകളില്‍ നിന്ന് ഇത് തിരിച്ചുപിടിക്കാന്‍ നിര്‍മ്മാതാക്കള്‍ക്ക് ആകുന്നില്ലെന്നും പറയുന്നു.
നിലവില്‍ 200 കോടി ബജറ്റില്‍ ഒരുങ്ങുന്ന മല്ലിഡി വസിഷ്ഠ സംവിധാനം ചെയ്യുന്ന മെഗാ 156 എന്ന ചിത്രത്തിലാണ് നടന്‍ അഭിനയിക്കുന്നത്. ഫാന്റസി അഡ്വഞ്ചര്‍ ജോണറില്‍ ആണ് സിനിമ ഒരുങ്ങുന്നത്. സംവിധായകന്‍ തന്നെയാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.