മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ഇരുപതാമത് ചിത്രമാണ് ഹൃദയപൂർവ്വം. ചിത്രത്തിന്റെ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുകയാണ്. മോഹൻലാലുമായുള്ള സൗഹൃദത്തെ കുറിച്ച് സത്യൻ അന്തിക്കാട് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരുപാട് ഹിറ്റുകൾ ഒന്നിച്ച് ഉണ്ടാക്കിയ ശേഷം മോഹൻലാൽ മറ്റ് സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ തുടങ്ങിയപ്പോഴുള്ള തന്റെ നഷ്ടത്തെ കുറിച്ചാണ് സംവിധായകൻ സംസാരിച്ചത്.
'ഞാൻ വിളിക്കുന്ന സമയത്ത് ലാൽ വരണം എന്ന് നിർബന്ധം പിടിക്കരുതായിരുന്നു എന്ന് എനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്. വിട്ടുപിരിയാൻ പറ്റാത്തത്ര ലാലുമായി അടുത്തു പോയിരുന്നു ഞാൻ. അയാൾ മാഞ്ഞു പോയപ്പോൾ എന്റെ മുന്നിൽ സിനിമയുടെ ലോകം ശൂന്യമായ വെള്ളത്താൾപോലെ കിടന്നു. പുതിയൊരു ലോകം കെട്ടിപ്പടുക്കേണ്ടതുണ്ട് എന്ന കടുത്ത യാഥാർഥ്യത്തിന് മുഖാമുഖം നിൽക്കുകയായിരുന്നു ഞാൻ.
ജന്മസിദ്ധമായ വാശിയില്ലെങ്കിൽ അന്ന് ഞാൻ തളർന്നു പോവുമായിരുന്നു. കാരണം, അഭിനേതാക്കളാണ് സംവിധായകന്റെ കരു. എന്റെ കരു നഷ്ടപ്പെട്ടുപോയിരുന്നു. എന്നാൽ, അപ്പോഴൊന്നും ഞാൻ ലാലിനെ ശപിച്ചിരുന്നില്ല. അയാളെ ഓർത്ത് ഞാൻ മനസിൽ കരഞ്ഞിരുന്നു', എന്നാണ് സത്യൻ അന്തിക്കാട് സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിനോട് പ്രതികരിച്ചത്.