തമിഴ് നടൻ ജയം രവി തന്റെ പേര് മാറ്റിയതായി ആരാധകരെ അറിയിച്ചു. ഇനി മുതൽ തന്നെ രവി മോഹൻ എന്ന് വിളിച്ചാല്‍ മതിയെന്ന് നടൻ ആരാധകരോട് അഭ്യർത്ഥിച്ചു. ഔദ്യോഗിക ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് പേര് മാറ്റിയ വിവരം നടൻ പങ്കുവച്ചത്. 'രവി മോഹൻ' എന്ന തലക്കെട്ടിൽ ഒരു കുറിപ്പും നടൻ പങ്കുവച്ചിട്ടുണ്ട്.
'പ്രിയപ്പെട്ട ആരാധകർക്കും മാധ്യമങ്ങൾക്കും കൂട്ടുകാർക്കും.... പുതിയ പ്രതീക്ഷകളുമായാണ് നമ്മൾ ന്യൂ ഇയറിനെ വരവേറ്റത്. ഈ സമയം ഞാൻ എന്റെ പുതിയ അദ്ധ്യായത്തെക്കുറിച്ച് പറയാൻ ആഗ്രഹിക്കുന്നു. ഇന്ന് മുതൽ ഞാൻ രവി മോഹൻ എന്ന് അറിയപ്പെടും. ഞാൻ ജീവിത്തിലെ ഒരു പുതിയ അദ്ധ്യായത്തിലേക്ക് നീങ്ങുകയാണ്. ഈ പേരിൽ എന്നെ ഇനി മുതൽ അഭിസംബോധന ചെയ്യണമെന്ന് എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു',- ജയം രവി പറഞ്ഞു.
ആദ്യമായി നായകവേഷത്തിലെത്തിയ ജയം എന്ന ചിത്രത്തിന്‍റെ വിജയത്തോടെയാണ് 'ജയം രവി' എന്ന പേര് നടന് ചാര്‍ത്തി നല്‍കപ്പെടുന്നത്. ഇത് സിനിമാമേഖലയും ആരാധകരും ഒരുപോലെ ഏറ്റെടുക്കുകയായിരുന്നു. അതേസമയം രവി മോഹന്‍ പ്രധാന വേഷത്തിലെത്തുന്ന കാതലിക്ക നേരമില്ലെെ പൊങ്കല്‍ റിലീസായി തിയേറ്ററുകളിലെത്തുകയാണ്.