Kalamkaaval Movie: വിനായകനെ സജസ്റ്റ് ചെയ്തത് മമ്മൂട്ടി; 'കളങ്കാവൽ' സംവിധായകൻ ജിതിൻ കെ ജോസ് പറയുന്നു
മമ്മൂട്ടി, വിനായകൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ സിനിമയ്ക്ക് കളങ്കാവൽ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങായി തുടരുകയാണ്. മമ്മൂട്ടി, വിനായകൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയിൽ വിനായകനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നും മമ്മൂട്ടി വില്ലന്‍ വേഷത്തിലാണ് എത്തുന്നതെന്നുമുള്ള റിപ്പോർട്ടുകൾ നേരത്തെ തന്നെ സജീവമാണ്.
ഈ ചിത്രത്തിൽ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് വിനായകൻ അവതരിപ്പിക്കുന്നത്. ഈ വേഷം അവതരിപ്പിക്കേണ്ടത് ആരെന്ന കാര്യത്തിൽ ഒരുപാട് ചർച്ചകൾ നടത്തിയിരുന്നുവെന്നും മമ്മൂട്ടിയാണ് വിനായകന്റെ പേര് നിർദേശിച്ചത് എന്നും സംവിധായകൻ ജിതിൻ പറയുന്നു. റിപ്പോർട്ടറിനോട് മനസ്സ് തുറക്കുകയാണ് ജിതിൻ.
'മമ്മൂക്കയുടേത് എന്ന പോലെ വിനായകൻ ചേട്ടനും ഇതിന് മുന്നേ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള കഥാപാത്രമാണ് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തിനായി അത്യാവശ്യം ഇൻവോൾവ് ചെയ്താണ് അവതരിപ്പിച്ചിരിക്കുന്നത്. സിനിമ ഓൺ ആയപ്പോൾ ഈ കഥാപാത്രം ആര് ചെയ്യണം എന്നത് സംബന്ധിച്ച് ഏറെ ചർച്ചകൾ നടന്നു. അപ്പോൾ മമ്മൂക്ക തന്നെയാണ് വിനായകൻ ചേട്ടനെ സജസ്റ്റ് ചെയ്തത്,' ജിതിൻ കെ ജോസ് വ്യക്തമാക്കി.