'നാം' സിനിമ പിൻവലിക്കുന്നു; കാരണം വ്യക്തമാക്കിയുള്ള സംവിധായകന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് വൈറലാകുന്നു
'നാം' സിനിമ പിൻവലിക്കുന്നു
യുവതാരങ്ങളെ അണിനിരത്തി ജോഷി തോമസ് പള്ളിക്കൽ സംവിധാനം ചെയ്ത ചിത്രമാണ് നാം. കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറങ്ങിയ 'നാം' ഒരാഴ്ച മാത്രം പിന്നിടുമ്പോൾ തിയേറ്ററുകളിൽ നിന്ന് പിൻവലിക്കാൻ നിർബന്ധിതമാവുകയാണ്.
ഇതിന്റെ കാരണമെന്താണെന്ന് ഫേസ്‌ബുക്കിലൂടെ തുറന്നെഴുതിയിട്ടുണ്ട് സംവിധായകൻ ജോഷി തോമസ്. "നാം എന്നഞങ്ങളുടെസിനിമകാണുകയും ,ഇഷ്ടപ്പെട്ട കാര്യം പങ്കുവയ്ക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു." എന്നു തുടങ്ങിയാണ് ഫേസ്‌ബുക്ക് പോസ്‌റ്റ്.
കണ്ടുമടുത്ത ക്യാമ്പസ് ചിത്രങ്ങളിൽ നിന്ന് ഏറെ വ്യത്യ്സ്‌തമായ പ്രമേയത്തോടെയാണ് 'നാം' പ്രേക്ഷകരിലേക്കെത്തിയത്. സമൂഹത്തിന്റെ പല ദിക്കിൽ നിന്നുള്ള ഒരു കൂട്ടം വിദ്യാർത്ഥികൾ ഒരുമിച്ചെത്തുന്നതും പിന്നീട് ഇവർക്കിടയിൽ ഉണ്ടാകുന്ന സംഘർഷങ്ങളും സൗഹൃദവും മറ്റുമാണ് ചിത്രത്തിന്റെ സാരാംശം.
ജോഷി തോമസ് പള്ളിക്കലിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണ രൂപം:
നാം എന്നഞങ്ങളുടെസിനിമകാണുകയും ,ഇഷ്ടപ്പെട്ട കാര്യം പങ്കുവയ്ക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു .സിനിമ കാണാത്ത ചില വിദ്യാർത്ഥി സുഹൃത്തുക്കൾ പരീക്ഷയും കോളേജ് അവുധിയും കാരണം പറഞ്ഞു വിളിച്ചിരുന്നു .പക്ഷെ ഏറ്റവും വിഷമിപ്പിക്കുന്ന കാര്യം- പലർക്കും ജോലികഴിഞ്ഞോ ,ഫാമിലിയെയും കൂട്ടി പോകാനോ പറ്റുന്ന സമയത്തു ,ചുരുക്കം ചില സ്ഥലത്തൊഴികെ ഈസിനിമക്ക് പ്രദർശന സമയം ലഭിച്ചില്ല എന്നുള്ളതാണ് .(ചില സ്ഥലങ്ങളിൽ തിയറ്റർ പോലും ).സ്വാഭാവികമായും അപ്പോൾ എല്ലാവർക്കും തോന്നാവുന്ന സംശയം എന്നിട്ടെന്തിന് അന്ന് റിലീസ് വച്ചു എന്നുള്ളതാണ് .പക്ഷെ നാം റിലീസ് തീരുമാനിച്ചപ്പോൾ (രണ്ടുമാസം മുൻപ് )അന്നൊരു ഫിലിമും ഈ ഡേറ്റിൽ ഇല്ലായിരുന്നു .മുന്പിറങ്ങിയ ചില ചിത്രങ്ങൾ നല്ല രീതിയിൽ ഓടുന്നതിനാൽ ചിലയിടങ്ങളിൽ ആരെയും കുറ്റപ്പെടുത്താനും സാധിക്കില്ല .
പ്രേക്ഷകർ തിരഞ്ഞെടുക്കുന്ന സമയത്തു സിനിമകാണാൻ പറ്റുന്നില്ല എന്ന വിഷമം കണക്കിലെടുത്തു ,ഈ സിനിമയെ ഇഷ്ടപ്പെടുന്ന പലരുമായും കൂടി ആലോചിച്ചശേഷം ,കൂടുതൽ നല്ലത് എന്നുതോന്നുന്നു ഒരുതീരുമാനം ഞങ്ങൾ കൈക്കൊള്ളുകയാണ്- നാം എന്ന ഞങ്ങളുടെ കുഞ്ഞു സിനിമ ഇന്ന് നിങ്ങളിൽ നിന്നും പിൻവലിക്കുന്നു .(വലിയ തിരക്കൊഴിഞ്ഞുള്ള മറ്റൊരു വേളയിൽ ഈ സിനിമയ്ക്കു കൂടുതൽ ഷോ ടൈം അനുവദിച്ചു സഹായിക്കാം എന്ന് വളരെയധികം തിയറ്റർ അധികൃതർ ഉറപ്പു തന്നിട്ടുമുണ്ട് ).
നന്മയുള്ള സിനിമകളെ എന്നും സ്വീകരിച്ചിട്ടുള്ള നിങ്ങളിലേക്ക് നാമാവാൻ ഞങ്ങൾ വീണ്ടും എത്തിച്ചേരും ..ഇതുവരെ ഞങ്ങളെ അകമഴിഞ്ഞ് സഹായിച്ച എല്ലാ സഹൃദയർക്കും ഒരിക്കൽക്കൂടി നന്ദിയും ..എല്ലാ നന്മകളും നേർന്നുകൊണ്ട് -ടീം നാം