കളങ്കാവലില്‍ മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജ്; വിനായകനിലേക്ക് എത്തിയത് പിന്നീട്
കളങ്കാവല്‍ സിനിമയുടെ കഥ പറയാന്‍ ആദ്യം സമീപിച്ചത് പൃഥ്വിരാജിനെയാണെന്ന് സംവിധായകന്‍ ജിതിന്‍ കെ ജോസ് വെളിപ്പെടുത്തി
മലയാള സിനിമ പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് 'കളങ്കാവല്‍'. നവാഗതനായ ജിതിന്‍ കെ ജോസ് ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയും വിനായകനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍ ഏറ്റവും ആദ്യം ഈ സിനിമയുടെ കഥ കേള്‍ക്കുന്നതും 'യെസ്' മൂളുന്നതും പൃഥ്വിരാജാണ് !
കളങ്കാവല്‍ സിനിമയുടെ കഥ പറയാന്‍ ആദ്യം സമീപിച്ചത് പൃഥ്വിരാജിനെയാണെന്ന് സംവിധായകന്‍ ജിതിന്‍ കെ ജോസ് വെളിപ്പെടുത്തി. കഥ കേട്ട ശേഷം പൃഥ്വിരാജ് സമ്മതം അറിയിച്ചു. ഈ സിനിമയിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രം ചെയ്യാന്‍ മമ്മൂട്ടിയെ സമീപിക്കണമെന്ന് നിര്‍ദേശിച്ചത് പൃഥ്വിരാജ് ആണെന്നും ജിതിന്‍ കെ ജോസ് പറയുന്നു.
പിന്നീട് മമ്മൂട്ടിയെ സമീപിക്കുകയും അദ്ദേഹം സമ്മതം അറിയിക്കുകയും ചെയ്തു. എന്നാല്‍ പല കാരണങ്ങളാല്‍ പ്രൊജക്ട് നീണ്ടുപോയി. അങ്ങനെയാണ് വിനായകനിലേക്ക് എത്തുന്നത്. പൃഥ്വിരാജിന്റെ ഡേറ്റ് പ്രശ്‌നം വന്നതാണ് കളങ്കാവലില്‍ നിന്ന് അദ്ദേഹം ഒഴിവാകാന്‍ കാരണം. എങ്കില്‍ പൃഥ്വിരാജിനു പകരം വിനായകനെ വെച്ച് ചെയ്യാമെന്ന് മമ്മൂട്ടി പിന്നീട് നിര്‍ദേശിക്കുകയായിരുന്നെന്നും സംവിധായകന്‍ പറയുന്നു.
സെപ്റ്റംബറില്‍ ആയിരിക്കും കളങ്കാവല്‍ റിലീസ്. മമ്മൂട്ടി നെഗറ്റീവ് വേഷത്തിലാണ് അഭിനയിച്ചിരിക്കുന്നത്. വിനായകന്റേത് പൊലീസ് കഥാപാത്രമാണ്.