Bilal: കൊച്ചിയെ വിറപ്പിച്ച ബിലാൽ ലോഡിങ്! നിതീഷ് സഹദേവന്റെ പടത്തിന് ശേഷം മമ്മൂട്ടിയുടെ ബിഗ് ബി 2?
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ബിലാൽ ആണ് ചർച്ചാ വിഷയം.
മമ്മൂട്ടി ആരാധകരെ ഏറെ ത്രസിപ്പിച്ച ബിലാൽ ജോൺ കുരിശിങ്കലിന്റെ ബിഗ് ബിയുടെ രണ്ടാം ഭാഗം പ്രഖ്യാപിച്ച് വർഷങ്ങൾ ഏറെയായി. 2020 ൽ ഷൂട്ടിങ് ആരംഭിക്കേണ്ടിയിരുന്ന ചിത്രം, കോവിഡ് മൂലം നടക്കാതെ ആവുകയായിരുന്നു. ഇതോടെ സിനിമ വീണ്ടും മുന്നോട്ട് പോയി.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ബിലാൽ ആണ് ചർച്ചാ വിഷയം. ബിലാൽ സംബന്ധിച്ച ഔദ്യോഗികമായ അറിയിപ്പുകൾ ഒന്നും വന്നിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിറയെ മേരിടീച്ചറുടെ മൂത്തമകനാണ്.
മമ്മൂട്ടിയോടൊപ്പം ഫഹദ് ഫാസിൽ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും ഫഹദും അമൽ നീരദും ചേർന്നാണ് ചിത്രം നിർമ്മിക്കുകയെന്നും സ്ഥിരീകരിക്കാനാവാത്ത പല റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. തിരക്കഥ പൂർത്തിയായതായി നേരത്തെ റിപ്പോർട്ട് വന്നിരുന്നു. ബിലാൽ ഷൂട്ടിങ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് തങ്ങൾ വെയ്റ്റിങ് ആണെന്ന് മനോജ് കെ ജയനും ബാലയും അടുത്തിടെ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു.
നിലവിൽ മമ്മൂട്ടി ബ്രെക്കിലാണ്. ആരോഗ്യ സംബന്ധമായ കാര്യങ്ങൾക്കായി നടൻ അവധിയെടുത്തിരിക്കുകയാണ്. അടുത്ത മാസം ആദ്യത്തോടെ മമ്മൂട്ടി തിരിച്ചെത്തുമെന്നാണ് സൂചന. തിരിച്ചെത്തിയാൽ മഹേഷ് നാരായണന്റെ പടത്തിൽ ജോയിൻ ചെയ്യും. പാതിയാക്കിയ ഷൂട്ടിങ് പുനരാരംഭിക്കും. ശേഷം ഫാലിമി സംവിധായകൻ നിതീഷ് സഹദേവിനൊപ്പമുള്ള സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും. ഇതിനുശേഷം അമൽനീരദുമായി കൈകോർത്ത് മമ്മൂട്ടി ബിലാലിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ തുടങ്ങുമെന്നാണ് സോഷ്യൽ മീഡിയയിൽ സംസാരവിഷയം.
അതേസമയം, മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും സ്റ്റൈലിഷ് കഥാപാത്രങ്ങളിലൊന്നായിരുന്നു ബിഗ് ബിയിലെ ബിലാൽ ജോൺ. കൊച്ചിയിലെ ബിലാലിന്റെ ജീവിതമാണ് ബിലാൽ പറയുകയെന്നാണ് സൂചന. ബിലാലിനായി കാത്തിരിക്കുന്ന ആരാധകർ മാത്രമല്ല, മലയാള സിനിമ കൂടെയാണ്. 2007 ഏപ്രിൽ 14നാണ് ബിഗ് ബി റിലീസ് ആയത്.