കഴിഞ്ഞ വർഷത്തെ തമിഴിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു ശിവകാർത്തികേയൻ നായകനായി സായി പല്ലവി നായികയായി അഭിനയിച്ച അമരൻ. ശിവകാർത്തികേയന്റെ കരിയർ മാറ്റി മറിച്ച ചിത്രമാണ് 'അമരൻ'. തമിഴ്നാട്ടിൽ കാര്യമായ ഹിറ്റുകൾ ഉണ്ടാവാതിരുന്ന സമയത്ത് കോളിവുഡിന് രക്ഷകനായെത്തിയ ചിത്രം കൂടിയായിരുന്നു ഈ സിനിമ. സിനിമയുടെ 100 ാം ദിവസത്തെ വിജയാഘോഷത്തിൽ നിർമാതാവ് കൂടിയായ കമൽ ഹാസൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ക്ലൈമാക്സിൽ നായകൻ മരിക്കുന്ന സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന പേടി സിനിമയുടെ വിതരണക്കാർക്ക് ഉണ്ടായിരുന്നുവെന്നും എന്നാൽ അത്തരം കഥകൾ പ്രേക്ഷകർ സ്വീകരിക്കുമെന്ന ഉറപ്പ് തനിക് ഉണ്ടായിരുന്നുവെന്ന് പറയുകയാണ് സിനിമയുടെ നിർമാതാവ് കൂടിയായ കമൽ ഹാസൻ.
അമരന്‍ എന്ന സിനിമ വളരെ നല്ല രീതിയിലാണ് രാജ്കുമാര്‍ ഒരുക്കിയത്. അഭിനയിച്ചവരും അവരുടെ ഭാഗം ഗംഭീരമാക്കി. എന്നാല്‍ ആ സിനിമ വിതരണത്തിന് കൊടുക്കുന്ന സമയത്ത് ചെറിയൊരു പ്രശ്‌നമുണ്ടായി. ക്ലൈമാക്‌സില്‍ നായകന്‍ മരിക്കുന്ന സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന പേടി അവര്‍ക്ക് വന്നു. സിനിമ വിജയിക്കുമോ എന്നായിരുന്നു അവരുടെ സംശയം.
ജനിച്ചുകഴിഞ്ഞാല്‍ മരണം തീര്‍ച്ചയാണ്. അതിനെ ആര്‍ക്കും മാറ്റാന്‍ കഴിയില്ല എന്നായിരുന്നു ഞാന്‍ അവരോട് പറഞ്ഞത്. ഗാന്ധിയും ബുദ്ധനും മരിച്ചവരാണല്ലോ. അവര്‍ ഇപ്പോഴും പലരുടെയും മനസില്‍ ഇല്ലേ എന്നും ഞാന്‍ ചോദിച്ചു. അങ്ങനെയുള്ളവരുടെ കഥ എങ്ങനെയായാലും പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഈ സിനിമയില്‍ എന്റെ ഏറ്റവും വലിയ വിശ്വാസവും അതായിരുന്നു, കമല്‍ ഹാസന്‍ പറഞ്ഞു.