വിജയ് സിനിമകളിലെ വയലൻസ് രംഗങ്ങളെ വിമർശിച്ച് നടനും ഗതാഗത മന്ത്രിയുമായ കെ ബി ഗണേഷ് കുമാർ. നടൻ വിജയ്‌യുടെ സിനിമകൾ കാണുമ്പോൾ ആ നാട്ടിൽ പൊലീസ് ഇല്ലെന്ന് തോന്നുമെന്നും ഒറ്റയ്ക്ക് നിരവധി പേരെയാണ് കൊല്ലുന്നതെന്നും ഗണേഷ് കുമാർ പറഞ്ഞു. സിനിമകളിലെ വയലന്‍സ് സമൂഹത്തെ സ്വാധീനിക്കുന്നു എന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ റിപ്പോർട്ടർ ടി വിയോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
'വിജയ്‌യുടെ സിനിമകൾ കാണുമ്പോൾ ഞാൻ ഓർക്കാറുണ്ട് അദ്ദേഹം രാഷ്ട്രീയത്തിൽ വന്നയാളല്ലേ? പൊതുപ്രവർത്തകൻ അല്ലേ, അദ്ദേഹത്തിന്റെ സിനിമ കണ്ടാൽ 18 പേരെയൊക്കെയാണ് വെട്ടിവീഴ്ത്തുന്നത്. പൊലീസ് ഈ നാട്ടിൽ ഇല്ലേ എന്ന് നമുക്ക് തോന്നും. അടുത്ത സീനിൽ വീണ്ടും 20 പേരെ വെട്ടി വീഴ്ത്തുകയാണ്. വെട്ടേറ്റ് വീഴുന്ന ഇവർ മരിച്ചാൽ കേസ് ഒന്നുമില്ലേ. സിനിമകളിൽ അടിച്ച് കൊല്ലുന്നതിനും പരാക്രമം കാണിക്കുന്നതിനും ഒന്നും കേസ് ഇല്ല. പൊലീസ് ഇല്ല നാട്ടിൽ. ഇത് എന്ത് സിനിമയാണ്,' കെ ബി ഗണേഷ് കുമാർ ചോദിച്ചു.
'നായകന് എന്തും ചെയ്യാം. ഒരാളെ വെട്ടി കൊന്നിട്ട് പിറ്റേ ദിവസം വീണ്ടും കാർ ഓടിച്ചു പോകുകയും പാട്ടു സീനിൽ അഭിനയിക്കുകയും ചെയ്യുകയാണ്. കണ്ടോണ്ട് ഇരിയ്ക്കുന്നവർ മണ്ടന്മാരാണെന്ന് വിചാരിച്ചാണോ ഇങ്ങനെ ചെയ്യുന്നത്. ഇത് വല്ലാതെ സ്വാധീനിക്കുന്നുണ്ട്. കാണിക്കുന്ന ഗോഷ്ടികൾ മനുഷ്യൻ കാണിക്കുന്നത് പോലെ കാണിക്ക്,' ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.