കഴിഞ്ഞ ഏതാനും മാസങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കെ.പി.എ.സി.ലളിത ചികിത്സയിലായിരുന്നു. ആശുപത്രി ചികിത്സയ്ക്ക് ശേഷം മകന്‍ സിദ്ധാര്‍ത്ഥ് ഭരതന്റെ വീട്ടിലേക്കാണ് ലളിതയെ കൊണ്ടുപോയത്. പരസഹായമില്ലാതെ ലളിതയ്ക്ക് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കില്ലെന്ന അവസ്ഥയായിരുന്നു. ഇടയ്ക്കിടെ ഓര്‍മ നഷ്ടപ്പെട്ടിരുന്നു. ഓര്‍മ നഷ്ടപ്പെട്ടിരുന്ന സമയത്ത് സംസാരിക്കാനും ലളിത ഏറെ ബുദ്ധിമുട്ടിയിരുന്നു.
കെ.പി.എ.സി. ലളിതയെ കുറിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട് പറഞ്ഞ വാക്കുകള്‍ മലയാളികളുടെ കണ്ണ് നനയിക്കുന്നു. ജയറാമിനേയും മീര ജാസ്മിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി താന്‍ സംവിധാനം ചെയ്തിരിക്കുന്ന അവസാന ചിത്രമായ മകളില്‍ അഭിനയിക്കാന്‍ കെ.പി.എ.സി.ലളിതയെ വിളിച്ചപ്പോള്‍ ഉണ്ടായ അനുഭവമാണ് സത്യന്‍ പങ്കുവച്ചത്.
ലളിത ആരോഗ്യപ്രശ്‌നങ്ങളാല്‍ വിശ്രമിക്കുകയാണെന്ന് അറിഞ്ഞു. പുതിയ സിനിമയില്‍ ലളിത ചേച്ചിക്കും ഒരു കഥാപാത്രം മാറ്റിവെച്ചിട്ടുണ്ട്. ലളിത ചേച്ചിയെ വിളിച്ച് ഞാന്‍ കാര്യം പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടല്ലേ, വരാന്‍ സാധിക്കുമോ എന്ന് ചോദിച്ചു. ഞാന്‍ വരും സത്യാ...എത്തിക്കോളാം...അതൊന്നും കുഴപ്പമില്ല എന്നായിരുന്നു ലളിത ചേച്ചിയുടെ മറുപടി. പിന്നീട് മകന്‍ സിദ്ധാര്‍ത്ഥ ഭരതനെ വിളിച്ചപ്പോഴാണ് കാര്യം മനസ്സിലായത്. അമ്മയ്ക്ക് ഇടയ്ക്കിടെ ഓര്‍മ വന്നു പോയിക്കൊണ്ടിരിക്കുമെന്നും അപ്പോള്‍ പറഞ്ഞതാകുമെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു. അത്രയും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള സമയത്തും ലളിത ചേച്ചിയുടെ മനസ്സില്‍ സിനിമ മാത്രമായിരുന്നെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.