അഭിനയത്തിൽ കരകയറാൻ കഴിയാത്ത നടനെന്ന ചീത്തപ്പേര് വർഷങ്ങൾ കഴിഞ്ഞ് രണ്ടാംവരവിൽ പൊളിച്ചടുക്കി കൊടുത്ത നടനാണ് ഫഹദ് ഫാസിൽ. കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലെ ഫഹദ് ഫാസിലിനെ അത്ര പെട്ടന്ന് ആരും മറക്കില്ല. കേരള കഫേയായിരുന്നു രണ്ടാം വരവിൽ ആദ്യം തിയേറ്ററുകളിലെത്തിയ സിനിമ. പിന്നീട് തുടരെ തുടരെ സിനിമകൾ ഫഹദിനെ തേടിയെത്തി. ലാൽ ജോസ് സിനിമകളിലെ ഫഹദ് ഫാസിലിന് ഇപ്പോഴും പ്രത്യേക ഫാൻസുണ്ട്. കഴിഞ്ഞ ദിവസം റെഡ് എഫ് എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ഫഹദിനെ കുറിച്ച് ലാൽ ജോസ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.
'അസിസ്റ്റന്റ് ഡയറക്ടറാകാൻ വേണ്ടിയാണ് ഫഹദ് ആദ്യം എന്റെ അടുത്ത് വന്നത്. വെളുത്ത് ചുവന്ന ഒരു ചെക്കൻ. അഭിനയിച്ചാൽ മതി അസിസ്റ്റന്റ് ഡയറക്ടറായി വെയിലുകൊണ്ട് ചീത്തയാകേണ്ടെന്ന് ഞാൻ പറഞ്ഞു. ഭയങ്കര വാചാലമായ കണ്ണുകളായിരുന്നു ഫഹദിന്റേത്. ആദ്യം കാണുമ്പോൾ തന്നെ നമുക്ക് അവനോട് പ്രേമം തോന്നിപ്പോകും. അത്ര മനോഹരമായ കണ്ണുകളും കൈ വിരലുകളും കാൽ വിരലുകളുമെല്ലാമായിരുന്നു ഫഹദിന്റേത്. നീ ഒന്ന് വെയിറ്റ് ചെയ്യൂ... നിന്നെ നായകനാക്കി ഞാൻ സിനിമ ചെയ്യുമെന്ന് പറഞ്ഞു. പോ ചേട്ടാ കളിയാക്കാതെ എന്നായിരുന്നു അവന്റെ മറുപടി.
എന്റെ മനസിൽ വാസ്തവത്തിൽ അങ്ങനൊരു പദ്ധതിയുണ്ടായിരുന്നു. ഷാനുവിനെ വെച്ച് അവന്റെ രണ്ടാം വരവില്‍ ആദ്യ സിനിമ ചെയ്യാന്‍ പ്ലാനിട്ടത് ഞാനായിരുന്നു. അത് വലിയൊരു സെറ്റപ്പിലുമായിരുന്നു. ബോളിവുഡ് താരങ്ങളായ ഹേമമാലിനി, രേഖ എന്നിവരോടൊപ്പം ഫഹദിനെയും മറ്റൊരു നായികയേയും പ്രധാന കഥാപാത്രമാക്കി മദര്‍ ഇന്ത്യ എന്ന പേരില്‍ ഒരു സിനിമ ചെയ്യാനായിരുന്നു പ്ലാന്‍. മുരളി ഗോപി അതിന് തിരക്കഥയെഴുതാന്‍ റെഡിയായിരുന്നു. പക്ഷെ അതിന് നിർമാതാവിനെ കിട്ടിയില്ല. അതിനിടയിലാണ് ഫഹദ് ചാപ്പാ കുരിശിൽ അഭിനയിക്കുന്നത്. അഭിനയമോഹം ആദ്യം ഫഹദിലിട്ടത് ഞാനാണ്', ലാൽ ജോസ് പറയുന്നു.