കൊച്ചി: സ്ത്രീപീഡന പരാതികൾ വിദേശത്തും വൈകാറുണ്ടെന്ന് കേരളം സുപ്രീം കോടതിയിൽ. ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്റെ ജാമ്യാപേക്ഷ തള്ളണമെന്നാവശ്യപ്പെട്ട് കേരളം നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. പരാതികൾ വൈകുന്നതിന് അന്താരാഷ്‌ട്ര തലത്തിൽ തന്നെ ഉദാഹരണങ്ങളുണ്ടെന്നും മേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരേ ലൈംഗികപീഡനക്കേസ് രജിസ്റ്റർ ചെയ്തത് 21 വർഷത്തിന് ശേഷമാണെന്നും കേരളം സുപ്രീം കോടതിയെ ഓർമിപ്പിച്ചു.
തിരുവനന്തപുരത്തെ മാസ്‌കോട്ട് ഹോട്ടലിൽ വെച്ച് സിദ്ദിഖ് തന്നെ പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ ആരോപണം. 2016 ജനുവരി 28-നായിരുന്നു സംഭവമെന്നും പരാതിക്കാരി ആരോപിക്കുന്നു. സിദ്ദിഖിന് അറസ്റ്റിൽനിന്ന് ഇടക്കാലസംരക്ഷണം നൽകിയ സുപ്രീം കോടതി, ജാമ്യഹർജി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട് സംസ്ഥാന സർക്കാർ കോശത്തിൽ ഹാജരാക്കുന്നത്.
കുടുംബത്തിന്റെ സത്‌പേര് കളങ്കപ്പെടുമെന്നതുൾപ്പെടെ വിവിധകാരണങ്ങൾകൊണ്ടാണ് ഇന്ത്യൻ സമൂഹത്തിൽ സ്ത്രീപീഡനക്കേസുകൾ റിപ്പോർട്ടുചെയ്യാൻ വൈകുന്നത്. പരാതി നൽകാൻ വൈകി എന്നതുകൊണ്ടുമാത്രം കേസ് തള്ളിക്കളയരുതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.