'ജയ് ഭീമിലെ ലിജോമോളുടെ അഭിനയം ജൂറി കണ്ടില്ലേ'; അപര്‍ണയ്ക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് കിട്ടിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച, യാഥാര്‍ഥ്യം ഇതാണ്
ജയ് ഭീം എന്ന ചിത്രത്തില്‍ അഭിനയിച്ച ലിജോമോള്‍ക്ക് എന്തുകൊണ്ട് ദേശീയ അവാര്‍ഡ് കിട്ടിയില്ല എന്നതാണ് പലരുടേയും സംശയം. സുരരൈ പോട്രുവിലെ അപര്‍ണയേക്കാള്‍ മികച്ച പ്രകടനമാണ് ജയ് ഭീമില്‍ ലിജോമോളുടേതെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു
സുരരൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയമാണ് അപര്‍ണ ബാലമുരളിക്ക് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്തത്. ബൊമ്മി എന്ന കഥാപാത്രത്തെയാണ് അപര്‍ണ ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. അവാര്‍ഡ് നിര്‍ണയത്തിന്റെ ആദ്യ ഘട്ടം മുതല്‍ മികച്ച നടിക്കുള്ള മത്സരത്തില്‍ അപര്‍ണ തന്നെയായിരുന്നു മുന്‍പില്‍.
അതേസമയം, അപര്‍ണയ്ക്ക് അവാര്‍ഡ് കിട്ടിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ച നടക്കുകയാണ്. ജയ് ഭീം എന്ന ചിത്രത്തില്‍ അഭിനയിച്ച ലിജോമോള്‍ക്ക് എന്തുകൊണ്ട് ദേശീയ അവാര്‍ഡ് കിട്ടിയില്ല എന്നതാണ് പലരുടേയും സംശയം. സുരരൈ പോട്രുവിലെ അപര്‍ണയേക്കാള്‍ മികച്ച പ്രകടനമാണ് ജയ് ഭീമില്‍ ലിജോമോളുടേതെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു.
'ലിജോമോളെ ജൂറി കണ്ടില്ലേ?' 'അപര്‍ണയേക്കാള്‍ മികച്ച പ്രകടനം ലിജോമോളുടെ തന്നെയാണ്' തുടങ്ങി നിരവധി കമന്റുകളാണ് സിനിമാ പ്രേമികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. എന്നാല്‍ ഇതിന്റെ യാഥാര്‍ഥ്യം എന്താണെന്ന് അറിയുമോ?
2020 ലെ ദേശീയ അവാര്‍ഡാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. അപര്‍ണ ബാലമുരളിയുടെ സുരരൈ പോട്ര് 2020 ല്‍ സെന്‍സര്‍ ചെയ്ത ചിത്രമാണ്. അതാത് വര്‍ഷം സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് അവാര്‍ഡിനായി ജൂറി പരിഗണിക്കുക. എന്നാല്‍ ലിജോമോള്‍ നായികയായി അഭിനയിച്ച ജയ് ഭീം 2021 ല്‍ സെന്‍സറിങ് ചെയ്ത ചിത്രമാണ്. 2021 നവംബര്‍ രണ്ടിനാണ് സിനിമ റിലീസ് ചെയ്തത്. 2020 ലെ സിനിമകള്‍ പരിഗണിക്കുമ്പോള്‍ ജയ് ഭീം അതിന്റെ പരിധിയില്‍ വരുന്നില്ല. മറിച്ച് 2021 ലെ ദേശീയ അവാര്‍ഡിനായാണ് ജയ് ഭീം പരിഗണിക്കപ്പെടുക. ഇത് അറിയാതെയാണ് ആരാധകരുടെ അഭിപ്രായ പ്രകടനം.