'ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണെന്നു പറഞ്ഞപ്പോള്‍ കഥ കേള്‍ക്കാന്‍ പോലും തയ്യാറായില്ല, 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ അദ്ദേഹം കഥാപാത്രത്തിലേക്ക് എത്തി'
മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ആറാമത്തെ സിനിമയാണ് ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്.
ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്ത 'ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്' നാളെ തിയറ്ററുകളിലെത്തുകയാണ്. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം വളരെ വ്യത്യസ്തമായ ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണെന്നാണ് സൂചന. എന്നാല്‍ ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണെന്നു പറഞ്ഞപ്പോള്‍ മമ്മൂട്ടി കഥ കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്ന് ഗൗതം വാസുദേവ് മേനോന്‍ പറയുന്നു. മലയാളത്തില്‍ തുടര്‍ച്ചയായി ഇത്തരത്തിലുള്ള ഇന്‍വസ്റ്റിഗേഷന്‍ സിനിമകള്‍ വരുന്നത് ചൂണ്ടിക്കാട്ടിയാണ് ഡൊമിനിക്കിന്റെ കഥ കേള്‍ക്കാന്‍ മമ്മൂട്ടി തയ്യാറാകാതിരുന്നതെന്നും ദ് ക്യൂവില്‍ മനീഷ് നാരായണനു നല്‍കിയ അഭിമുഖത്തില്‍ ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.
' രണ്ട് മൂന്ന് ആളുകളുടെ അടുത്ത് ഞാന്‍ ഈ കഥ നേരത്തെ നരേറ്റ് ചെയ്തിട്ടുണ്ട്. തിരക്കഥാകൃത്തുകളും വേറെ ചില നടന്‍മാരുമായി സംസാരിച്ചു. പക്ഷേ, ഇത് മമ്മൂക്ക ചെയ്താല്‍ നന്നാകുമെന്ന് പിന്നീട് എനിക്ക് തോന്നി. ഇനി വേറെ ആരോടും കഥ പറയണ്ട, ഞാന്‍ മമ്മൂക്കയെ ബന്ധപ്പെട്ടു നോക്കാം എന്നു തിരക്കഥാകൃത്തുക്കളോടു പറഞ്ഞു. അങ്ങനെ ഞാന്‍ ജോര്‍ജ് സാറിനെ വിളിച്ചു, മമ്മൂക്കയുമായി മീറ്റിങ്ങിനു സമയം വാങ്ങി. ഇന്‍വസ്റ്റിഗേഷന്‍ ഴോണര്‍ ആണെന്നു പറഞ്ഞപ്പോള്‍ അദ്ദേഹം 'വേണ്ട' എന്നു പറഞ്ഞു. മലയാളത്തില്‍ കുറേയായി അങ്ങനെയുള്ള സിനിമകളാണ് വരുന്നതെന്ന് പറഞ്ഞ് കഥ കേള്‍ക്കാന്‍ പോലും തയ്യാറായില്ല. വേറെ എന്തെങ്കിലും കഥയുണ്ടോ എന്ന് ചോദിച്ചു. ഞാന്‍ ചെന്നൈയില്‍ നിന്ന് വന്നതാണ്, റൈറ്ററും എന്റെ കൂടെയുണ്ട്. കഥയൊന്ന് കേള്‍ക്കാമോ എന്നു ചോദിച്ചു. ഇഷ്ടപ്പെടുകയാണെങ്കില്‍ മതി, അല്ലെങ്കില്‍ നമുക്ക് വേറെ നോക്കാം എന്നും അദ്ദേഹത്തോടു പറഞ്ഞു. പക്ഷേ 15 മിനിറ്റ് കൊണ്ട് അദ്ദേഹം കഥാപാത്രത്തിലേക്ക് വന്നു, ഇടയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. അങ്ങനെ പത്ത് ദിവസം കൊണ്ട് പ്രീ പ്രൊഡക്ഷന്‍ തുടങ്ങി,' ദ് ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.
മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ആറാമത്തെ സിനിമയാണ് ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സ്. തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ദര്‍ബുക ശിവ ആണ് ഡൊമിനിക് ആന്റ് ദി ലേഡീസ് പേഴ്‌സില്‍ സംഗീതം ഒരുക്കിയിരിക്കുന്നത്. എന്നൈ നോക്കി പായും തോട്ട, റോക്കി, മുതല്‍ നീ മുടിവും നീ എന്നീ സിനിമകളിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാരദന്‍, ധ്രുവനച്ചത്തിരം എന്നീ സിനിമകള്‍ക്കു ശേഷം വിഷ്ണു ആര്‍ ദേവ് ക്യാമറ ചലിപ്പിക്കുന്ന ചിത്രമാണ് ഡൊമിനിക്. ഗൗതം വാസുദേവ് മേനോനൊപ്പം ഡോ.നീരജ് രാജന്‍, ഡോ.സൂരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ബ്രിന്ദ മാസ്റ്റര്‍ ആണ് കൊറിയോഗ്രഫി. സുപ്രീം സുന്ദര്‍, കലൈ കിങ്‌സണ്‍ എന്നിവര്‍ ചേര്‍ന്ന് സംഘട്ടനം നിര്‍വഹിച്ചിരിക്കുന്നു. മമ്മൂട്ടിക്കൊപ്പം ഗോകുല്‍ സുരേഷ്, സുഷ്മിത ബട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു, മീനാക്ഷി എന്നിവര്‍ മറ്റു പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു.