മമ്മൂട്ടി മരണമാസാണ്, പാര്‍വതിയോടും രാം ഗോപാല്‍ വര്‍മയോടും പ്രതികരിച്ചത് കണ്ടില്ലേ?

അനുരാജ് ശ്രീകുമാര്‍

വെള്ളി, 15 മാര്‍ച്ച് 2019 (14:20 IST)
ആര്‍ക്കും സൂപ്പര്‍സ്റ്റാറാകാം. അഭിനയനൈപുണ്യവും സൌന്ദര്യവും കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാനുള്ള കഴിവും നല്ല മാര്‍ക്കറ്റിംഗും ഉണ്ടെങ്കില്‍ ഏതൊരാള്‍ക്കും സൂപ്പര്‍സ്റ്റാറാകാം. സൂപ്പര്‍സ്റ്റാര്‍ ആകുന്നതിനൊപ്പം പക്വതയുള്ള ഒരു മനുഷ്യനായിരിക്കുക എന്നത് പക്ഷേ, ബുദ്ധിമുട്ടുള്ള കാര്യമാണ്. സമൂഹത്തില്‍ സംഭവിക്കുന്ന കാര്യങ്ങളോട് പക്വതയോടെ പ്രതികരിക്കുക, തനിക്കുനേരെ ഉയരുന്ന വിമര്‍ശനങ്ങളെ യുക്തിപൂര്‍വവും പാകതയോടെയും നോക്കിക്കാണുക എന്നിവയൊക്കെ എല്ലാവരിലും കാണുന്ന ഗുണങ്ങളല്ല.
 
എന്നാല്‍ മമ്മൂട്ടി ഇതെല്ലാം തികഞ്ഞ മെഗാതാരമാണ്. അദ്ദേഹം മലയാള സിനിമയുടെ അള്‍ട്ടിമേറ്റാണ്. നടന്‍ എന്ന നിലയിലും താരം എന്ന നിലയിലും മലയാളത്തിലെ ഒന്നാമന്‍. എന്നാല്‍ ഒരു വ്യക്തി എന്ന നിലയിലും മമ്മൂട്ടി ഒന്നാം സ്ഥാനത്തുതന്നെയാണ് എന്നതിന് എത്രയെത്ര ഉദാഹരണങ്ങള്‍ !
 
കസബ എന്ന സിനിമയെയും അതില്‍ മമ്മൂട്ടി അഭിനയിച്ചതിനെയും കുറിച്ച് നടി പാര്‍വതി ഒരു അഭിപ്രായം പറഞ്ഞപ്പോള്‍ മമ്മൂട്ടി ഫാന്‍സും മമ്മൂട്ടിയെ സ്നേഹിക്കുന്നവരുമെല്ലാം പാര്‍വതിക്കെതിരെ രൂക്ഷമായ പ്രതികരണങ്ങളാണ് നടത്തിയത്. സോഷ്യല്‍ മീഡിയയില്‍ പാര്‍വതിക്കെതിരെ കനത്ത ആക്രമണമുണ്ടായി. അവരുടെ സിനിമകളെ വരെ പ്രതികൂലമായി ബാധിക്കുന്ന തരത്തിലേക്കായി ആളുകളുടെ പ്രതികരണങ്ങള്‍.
 
എന്നാല്‍ മമ്മൂട്ടി എന്താണ് ചെയ്തത്? പാര്‍വതി പറഞ്ഞത് അവരുടെ അഭിപ്രായമാണെന്നും അവര്‍ക്കെതിരെയുള്ള സോഷ്യല്‍മീഡിയ അറ്റാക്ക് ശരിയല്ലെന്നുമായിരുന്നു മമ്മൂട്ടിയുടെ അഭിപ്രായം. തനിക്ക് വേണ്ടി പ്രതികരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയില്ലെന്നും തന്റെ അറിവോടെയല്ല ഇതൊന്നും നടക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു. മാത്രമല്ല, ആ സംഭവത്തിന് ശേഷം വന്ന ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് നൈറ്റില്‍ പാര്‍വതിക്ക് അവാര്‍ഡ് നല്‍കിയത് മമ്മൂട്ടിയായിരുന്നു. മഹാനടന്‍റെ കാല്‍ തൊട്ടുവന്ദിച്ചാണ് പാര്‍വതി ആ അവാര്‍ഡ് സ്വീകരിച്ചത്.
 
മമ്മൂട്ടിക്കെതിരെ രൂക്ഷമായ പരാമര്‍ശം നടത്തിയ രാം ഗോപാല്‍ വര്‍മയുടെ നടപടിയോടും മമ്മൂട്ടി പക്വതയോടെയാണ് പ്രതികരിച്ചത്. മകന്‍ ദുല്‍ക്കര്‍ സല്‍മാനില്‍ നിന്ന് മമ്മൂട്ടി അഭിനയം പഠിക്കണമെന്നൊക്കെയാണ് ആര്‍ ജി വി ആക്ഷേപിച്ചത്. എന്നാല്‍ അതിനോടൊന്നും പ്രതികരിക്കാതെ ശാന്തമായി തന്‍റെ ജോലിയില്‍ ശ്രദ്ധിക്കുകയാണ് മമ്മൂട്ടി ചെയ്തത്. ഈയിടെ ‘യാത്ര’ എന്ന തെലുങ്ക് ചിത്രം കണ്ടപ്പോള്‍ അതേ രാം ഗോപാല്‍ വര്‍മ തന്നെ മമ്മൂട്ടിയെ വാനോളം പുകഴ്ത്തുകയുണ്ടായി. വൈ എസ് ആര്‍ ആയി മമ്മൂട്ടി ജീവിക്കുകയായിരുന്നു എന്നാണ് ആര്‍ ജി വി പറഞ്ഞത്. എന്നാല്‍ ആ പുകഴ്ത്തലിനോടും ഒരു പുഞ്ചിരി മാത്രമായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മമ്മൂട്ടി പറഞ്ഞു - ‘മുടിയാത്’, ആ ഒറ്റ വാക്കില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു മെഗാഹിറ്റുണ്ടായി !