Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരേ വർഷം, 6 വ്യത്യസ്ത സിനിമകൾ; മമ്മൂട്ടിയോളം മികച്ച മറ്റൊരു നടനില്ലെന്ന് തെളിയിച്ച വർഷം !

ഒരേ വർഷം, 6 വ്യത്യസ്ത സിനിമകൾ; മമ്മൂട്ടിയോളം മികച്ച മറ്റൊരു നടനില്ലെന്ന് തെളിയിച്ച വർഷം !

എസ് ഹർഷ

, ബുധന്‍, 6 മാര്‍ച്ച് 2019 (11:55 IST)
ഏത് കഥാപാത്രത്തെയും അതിന്‍റെ ഉള്ളറിഞ്ഞ് അവതരിപ്പിക്കാന്‍ മിടുക്കനാണ് മമ്മൂട്ടി. ഗൌരവമുള്ള കഥാപാത്രമായാലും ചിരിപ്പിക്കുന്ന വേഷമായാലും പൊലീസായാലും കള്ളനായാലും വക്കീലായാലും വല്യേട്ടനായാലും ആ കഥാപാത്രത്തോട് ഏറ്റവും സത്യസന്ധതപുലര്‍ത്താന്‍ മമ്മൂട്ടിക്ക് കഴിയാറുണ്ട്. 
 
ഒരു വടക്കൻ വീരഗാഥ:
 
ചതിയന്‍ ചന്തു എന്ന് മാലോകരെല്ലാം കുറ്റപ്പെടുത്തിയ ചന്തുവിന്‍റെ മനസിലെ സംഘര്‍ഷങ്ങള്‍ സ്ക്രീനില്‍ അവതരിപ്പിക്കാന്‍ മമ്മൂട്ടിയോളം യോജിച്ച മറ്റൊരാളില്ല എന്ന് തിരിച്ചറിഞ്ഞ എംടിക്ക് ഒരു വടക്കൻ വീരഗാഥയിൽ മമ്മൂട്ടിയെ നായകനാക്കുകയായിരുന്നു. ഹരിഹരന്‍ സംവിധാനം ചെയ്ത 1989ലെ വിഷുക്കാലത്താണ് റിലീസ് ആയത്. 
 
മമ്മൂട്ടിയ്‌ക്കൊപ്പം സുരേഷ് ഗോപി, ബാലന്‍ കെ നായര്‍, മാധവി, ബിയോണ്‍, ക്യാപ്റ്റന്‍ രാജു, ഗീത, സുകുമാരി എന്നിങ്ങനെ നിരവധി താരങ്ങളും അണിനിരന്നിരുന്നു. വടക്കാന്‍ പാട്ടുകളെ ആസ്പദമാക്കി എംടി വാസുദേവന്‍ നായരായിരുന്നു സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരുന്നത്.
 
അഥർവ്വം:
 
webdunia
മമ്മൂട്ടി പ്രധാനകഥാപാത്രമായി ചാരുഹാസൻ, തിലകൻ, പാർവതി,ഗണേഷ് കുമാർ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് അഥർവ്വം. ഡെന്നിസ് ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ പറയുന്നത് ആഭിചാര കര്‍മ്മങ്ങളെക്കുറിച്ചാണ്. 1989 ജൂൺ 1നാണ് ചിത്രം റിലീസ് ചെയ്തത്. സിൽക്ക് സ്മിത ഉള്ളതിനാൽ മാത്രം ആരാധകർ വേണ്ടെന്ന് വെച്ച ചിത്രമായിരുന്നു അഥർവ്വമെന്ന് അടുത്തിടെ ഡെന്നീസ് ജോസഫ് തന്നെ വെളിപ്പെടുത്തിയിരുന്നു.
 
ജാഗ്രത: 
 
webdunia
1989 സെപ്തംബർ 7നാണ് ജാഗ്രത റിലീസ് ആയത്. . കെ മധു - എസ് എന്‍ സ്വാമി ടീമിന്‍റെ ഏറ്റവും മികച്ച കുറ്റാന്വേഷണ സിനിമകളുടെ പിറവിക്ക് പിന്നാലെ അതേ പാറ്റേണിൽ തന്നെ മറ്റൊരു കുറ്റാന്വേഷണ സിനിമ കൂടി റിലീസ് ആയി. സേതുരാമയ്യർ എന്ന കുശാഗ്രബുദ്ധിക്കാരനായ സിബിഐ ഉദ്യോഗസ്ഥന്റെ കുറ്റാന്വോഷണ കഥയാണ് ചിത്രം പറയുന്നത്. 
 
1988ലാണ് സിബിഐ സീരീസിലെ ആദ്യഭാഗം പിറന്നത് - ഒരു സിബിഐ ഡയറിക്കുറിപ്പ്. അത് ചരിത്രവിജയമായി. പിന്നീട് 89ല്‍ രണ്ടാം ഭാഗമെത്തി. ‘ജാഗ്രത’ എന്ന പേരിലെത്തിയ ആ സിനിമ അത്ര വിജയമായില്ല.  
 
നായർസാബ്: 
 
webdunia
1989 സെപ്തംബർ 8നായിരുന്നു മമ്മൂട്ടിയുടെ നായർസാബ് റിലീസ് ചെയ്തത്. ഡെന്നിസ് ജോസഫിന്‍റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ഈ സിനിമ മിലിട്ടറി പശ്ചാത്തലമാക്കി മലയാളത്തില്‍ ഇറങ്ങിയ ലക്ഷണമൊത്ത സിനിമയാണ്. കശ്മീരിലെ ഒരു ആര്‍മി ട്രെയിനിംഗ് സെന്‍ററിന്‍റെ പശ്ചാത്തലത്തിലായിരുന്നു നായര്‍സാബിന്‍റെ കഥ പറഞ്ഞത്. 
 
വളരെ കര്‍ക്കശക്കാരനായ ആര്‍മി ട്രെയിനര്‍ മേജര്‍ രവീന്ദ്രന്‍ നായര്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. 89ലെ ഓണക്കാലത്തെത്തിയ ചിത്രം മെഗാഹിറ്റായി മാറി. മൂന്നും നാലും ഷോ കളിച്ച തിയേറ്ററുകളില്‍ സ്പെഷല്‍ ഷോ തരംഗം തീര്‍ത്തതു ഈ മമ്മൂട്ടി ചിത്രമായിരുന്നു. 
 
മഹായാനം:
 
webdunia
മണ്ണില്‍ ചവിട്ടി നില്‍ക്കുന്ന കഥാപാത്രങ്ങളാണ് എം ടിയുടേതും പത്മരാജന്‍റേതും എന്ന് പലരും പറഞ്ഞിട്ടുണ്ട്. അതിലൊന്നാണ് ജോഷിക്ക് വേണ്ടി ലോഹിതദാസ് എഴുതി മമ്മൂട്ടി നായകനായി എത്തിയ മഹായാനം. തന്റേടത്തിന്റെ വലിയൊരു ഉദാഹരണമാണ് മാഹായാനത്തിലെ ചന്ദ്രു. ജീവിതത്തില്‍ പലതും വെട്ടിപ്പിടിക്കാന്‍, മറ്റുള്ളവര്‍ക്ക് കഴിയാത്ത പലകാര്യങ്ങളും ചെയ്യാന്‍, വാക്കുകൊണ്ടും ശരീരം കൊണ്ടും പ്രാപ്തരായ ആളാണ് ചന്ദ്രു. പച്ചയായ ജീവിതമാണ് അവിടെ തെളിഞ്ഞത്. മഹായാനം മമ്മൂട്ടിയുടെ കരിയറിലെ ഉജ്ജ്വലമായ അധ്യായമായി. 
 
മഹായാനത്തില്‍ ആത്മസുഹൃത്തിന്‍റെ ജഡവുമായി ആ നാട്ടിലേക്കു വരുന്ന ചന്ദ്രു മടങ്ങിപ്പോകുന്നത് തന്റേടിയായ കാമുകിയുടെ മൃതദേഹവുമായാണ്. തുടക്കം മുതൽ ഒടുക്കം വരെ താനാണ് നായകൻ എന്ന് ചന്ദ്രു ആവർത്തിച്ച് പറയുകയായിരുന്നു. തികച്ചും വ്യത്യസ്തമായ അഭിനയം. 1989 നവംബർ 3നാണ് ചിത്രം റിലീസ് ചെയ്തത്. 
 
മൃഗയ: 
 
webdunia
1989 ഡിസംബർ 23നായിരുന്നു ഈ ചിത്രം റിലീസ് ചെയ്തത്. ഐ വി ശശിക്ക് ലോഹിതദാസ് നല്‍കിയ എക്കാലത്തേയും ഗിഫ്സ്റ്റ് തന്നെയായിരുന്നു മൃഗയ. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഒരു എഴുത്തുകാരന്‍റെ ചിന്തയില്‍ വരാന്‍ സാധ്യതയില്ലാത്ത ഒരു കഥയായിരുന്നു മൃഗയ. “ഒരു ഗ്രാമത്തില്‍ പുലിയിറങ്ങുന്നു. പുലിയെ പിടിക്കാന്‍ ഒരു വേട്ടക്കാരനെ കൊണ്ടുവരുന്നു. അയാള്‍ പുലിയേക്കാള്‍ വലിയ തലവേദനയാകുന്നു”. ഇതായിരുന്നു ചിത്രത്തിന്റെ വൺ‌ലൈൻ. 

വാറുണ്ണി എന്ന കഥാപാത്രത്തിലൂടെ മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം കിട്ടി. വാറുണ്ണി എന്ന മമ്മൂട്ടിക്കഥാപാത്രം പ്രേക്ഷകര്‍ക്ക് എക്കാലത്തേക്കും ഓര്‍ത്തുവയ്ക്കാനുള്ള മികച്ച സൃഷ്ടിയായി. അത്ഭുതത്തോടെയാണ് മലയാളികൾ വാറുണ്ണിയെ സ്വീകരിച്ചത്. അന്നു വരെ മലയാള സിനിമ കണ്ടിട്ടില്ലാത്ത ധൈര്യശാലിയായ നായകനായിരുന്നു വാറുണ്ണി. രൂപത്തിലും ഭാവത്തിലും ഏറെ വ്യത്യസ്തമായ ഒരു മമ്മൂട്ടിക്കഥാപാത്രമായിരുന്നു മൃഗയയിലേത്.
 
അതേ വർഷമിറങ്ങിയ മറ്റ് മമ്മൂട്ടി ചിത്രങ്ങൾ: അടിക്കുറിപ്പ്, ഉത്തരം, അർത്ഥം, മുദ്ര, കാർണിവൽ

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി ഡബിള്‍ റോളില്‍, പടം കിടുക്കും!