Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടി മമ്മൂട്ടിയായതും നയന്‍‌താര നയന്‍‌താരയായതും!

മമ്മൂട്ടി മമ്മൂട്ടിയായതും നയന്‍‌താര നയന്‍‌താരയായതും!
, തിങ്കള്‍, 3 സെപ്‌റ്റംബര്‍ 2018 (17:10 IST)
ഒരു പേരിലെന്തിരിക്കുന്നു?. ധന്യാ നായരും നമ്മുടെ ഗോപാലകൃഷ്ണനും ഒന്നിച്ചഭിനയിച്ച എത്ര സിനിമകള്‍ സൂപ്പര്‍ ഹിറ്റായിരുന്നു. മലയാളികള്‍ക്ക് മറക്കാനാകുമോ അബ്ദുള്‍ ഖാദറും ക്ലാരയും അഭിനയിച്ച് റെക്കോര്‍ഡിട്ട നിരവധി സിനിമകള്‍.
 
ഇഷ്ടനടന്‍ കൃഷ്ണന്‍ നായരും ആശ കേളുണ്ണിയുമാണെന്ന് പറഞ്ഞാല്‍ എന്ത് തോന്നും?. എന്തെങ്കിലും പിശകു തോന്നുന്നുണ്ടോ. ഒന്നും തോന്നില്ല. കാരണം നമ്മുടെ ദിലീപും നവ്യയും, നസീറും ഷീലയും ജയനും രേവതിയുമൊക്കെത്തന്നെ ഇവര്‍.
 
യഥാര്‍ത്ഥ പേരുകളിലല്ല ഇവരൊന്നും നക്ഷത്രങ്ങളായി മാറിയത്. 
 
ചിറയന്‍കീഴില്‍ അക്കോട് ഷാഹുല്‍ ഹമീദിന്റെയും അസുമ ബീവിയുടെയും മകനായി 1925 ഏപ്രില്‍ 7-ന് ജനിച്ച അബ്ദുള്‍ ഖാദര്‍ 1952ല്‍ മരുമകള്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. രണ്ടാമത്തെ ചിത്രമായ വിശപ്പിന്റെ വിളിയുടെ ചിത്രീകരണത്തിനിടെയാണ് തിക്കുറിശ്ശി സുകുമാരന്‍ നായര്‍ അബ്ദുള്‍ ഖാദറിന്റെ പേര് പ്രേംനസീര്‍ എന്നാക്കി മാറ്റിയത്. 
 
‘വിശപ്പിന്റെ വിളി' കഴിഞ്ഞതോടെ ചിറയിന്‍കീഴുകാരന്‍ അബ്ദുല്‍ ഖാദര്‍ എന്ന പ്രേംനസീര്‍ മലയാളത്തിന്റെ സ്വപ്ന കാമുകനായി. പ്രേംനസീര്‍ എന്ന പേര് പിന്നീട് മലയാള സിനിമയുടെ പര്യായവുമായി മാ‍റി. അറമട ചെറുവിളാകത്ത് വീട്ടില്‍ മാനുവലിന്റെയും ലില്ലിയമ്മയുടെയും മകന്‍ മാനുവേല്‍ സത്യനേശന്‍ നാടാരാണ് മലയാള സിനിമയില്‍ സത്യന്‍ എന്ന പ്രതിഭയായത്.
 
കൊട്ടാരം വീട്ടില്‍ മാധവന്‍ പിള്ളയുടെയും ഭാരതിയമ്മയുടെയും ആദ്യ മകനായി 1938 കൊല്ലം തേവള്ളിയില്‍ ജനിച്ച കൃഷ്ണന്‍നായരാണ് പൌരുഷത്തിന്റെയും സാഹസികതയുടെയും പര്യായമായ ജയന്‍ ആയത്. ‘ശാപമോക്ഷം' എന്ന സിനിമയിലൂടെ ജയന്‍ വെള്ളിത്തിരയിലെത്തി. പഞ്ചമിയില്‍ കൂടെ അഭിനയിച്ച ജോസ്പ്രകാശാണ് കൃഷ്ണന്‍ നായര്‍ എന്ന പേരുമാറ്റി ജയന്‍ എന്നു വിളിച്ചത്.
 
കൊച്ചുമൊയ്തീന്റെയും ഖദീജയുടെയും മകനായ കൊടുങ്ങല്ലൂര്‍ക്കാരന്‍ പി കെ കുഞ്ഞാലുവാണ് നര്‍മരസപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കിയ ബഹദൂര്‍ ആയത്. തിക്കുറിശ്ശിയാണ് അദ്ദേഹത്തിന് ബഹദൂര്‍ എന്ന പേര് സമ്മാനിച്ചത്.
 
സഹസംവിധായകനായി മലയാള സിനിമയിലേക്കു കടന്നുവന്ന ആലുവ പത്മ സരോവരത്തില്‍ പത്മനാഭന്‍ പിള്ളയുടെയും സരോജത്തിന്റെയും മകന്‍ ഗോപാലകൃഷ്ണന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. കാരണം താരസിംഹാസനമാണ് ആ അസിസ്റ്ററ്റ് ഡയറക്ടര്‍ പയ്യനുവേണ്ടി മലയാളസിനിമ ഒരുക്കി വച്ചിരുന്നത്. ഗോപാലകൃഷ്ണനാണ് ജനപ്രിയനായകന്‍ ദിലീപ്.
 
മമ്മൂട്ടി, കേരളം ഏറ്റവും ഇഷ്ടപ്പെടുന്ന ഈ പേര് അതിന്റെ ഉടമസ്ഥന് ആദ്യം ഇഷ്ടമില്ലായിരുന്നത്രേ. മുഹമ്മദ് കുട്ടിയെന്ന ചെമ്പുകാരന്‍ ഇന്ന് മലയാളസിനിമയുടെ കിരീടത്തിലെ രത്നമായി മാറിയിരിക്കുന്നു.
 
പനങ്ങാട്ട് പദ്മദളാക്ഷന് പേരു കല്‍പ്പിച്ച് നല്‍കിയത് സുല്‍ത്താനാണ്, ബേപ്പൂര്‍ സുല്‍ത്താന്‍. പ്രസിദ്ധ സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീറാണ് പത്മദളാക്ഷന് കുതിരവട്ടം പപ്പു എന്ന പേര് കല്പിച്ച് നല്‍കിയത്. ഭാര്‍ഗ്ഗവീനിലയത്തില്‍ താനവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് പത്മദളാക്ഷന്‍ സ്വീകരിച്ചു. 
 
പകരക്കാരനില്ലാത്ത കാരണവര്‍. മലയാള സിനിമയുടെ ഈ കാരണവരുടെ തറവാട്ട് പേരാണ് ശങ്കരാടി. യഥാര്‍ത്ഥ പേര്‍ ചന്ദ്രശേഖരമേനോന്‍. അഭിനേതാവും നിര്‍മാതാവുമായ മണിയന്‍പിള്ള രാജുവിന്റെ പേര് സുധീറെന്നാണ്.
 
ഡയാന മറിയം കുര്യനാണ് സിനിമയില്‍ വന്നപ്പോള്‍ നയന്‍താരയായി മാറിയത്. തമിഴ് സിനിമയായ ‘നാടോടികളു’ടെ ചിത്രീകരണ വേളയിലായിരുന്നു ആയില്യാ നായര്‍ അനന്യയായി മാറുന്നത്.
 
ഗേളി ആന്റോ. കേട്ടിട്ടുണ്ടോ ഈ പേര്? ഗോപികയുടെ യഥാര്‍ത്ഥ പേരാണ് ഗേളി. താന്‍ കണ്ടെത്തുന്ന നായികമാരുടെ പേര് R എന്ന ഇംഗ്ലീഷ് അക്ഷരത്തില്‍ തുടങ്ങണമെന്ന് നിര്‍ബന്ധമുണ്ടായിരുന്ന ഭാരതിരാജയാണ് രേവതി എന്ന പേരിട്ടത്. ആശാ കേളുണ്ണി എന്നാണ് രേവതിയുടെ ശരിയായ പേര്.
 
ക്ലാര, സരസ്വതി, ഷീല മൂന്നു പേരുകളാണ് മലയാളികളുടെ കറുത്തമ്മയ്ക്ക് സിനിമാലോകം സമ്മാനിച്ചത്. ഷീല എന്ന പേര്‌ എംജിആര്‍ സരസ്വതി ദേവി എന്നാക്കി മാറ്റി. ആ പടത്തിന്റെ സെറ്റില്‍വച്ച്‌ സരസ്വതി ദേവിയെ കണ്ട പി ഭാസ്കരന്‍ തന്റെ അടുത്ത ചിത്രമായ ഭാഗ്യജാതകത്തില്‍ ഷീല എന്ന പേരിട്ട് നായികയാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത്ര ചീപ്പോ പേളി? ക്യൂട്ട് കപ്പിളിന്റെ പ്രണയലീലകൾ വിവാദത്തിൽ!