മമ്മൂട്ടിയെ ആദ്യമായി കണ്ട അനുഭവും തിയേറ്ററിൽ മമ്മൂട്ടിയുടെ സിനിമയ്ക്ക് കൂവിയ ഓർമ്മയും പങ്കുവയ്ക്കുകയാണ് നടൻ സൂരി.'മറുമലർച്ചി' എന്ന സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി സൂരി അഭിനയിച്ചിരുന്നു. ആ സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് ആദ്യമായി മമ്മൂട്ടിയെ കാണുന്നത്. അപ്പോഴാണ് സൂരിക്ക് ദളപതി സിനിമ തിയേറ്ററിൽ കണ്ട ഓർമ്മ വന്നത്. പഴയ ഓർമ്മകളിലേക്ക് തിരിച്ചു നടക്കുകയാണ് സൂരി.
"ഓരോ സിനിമകളിലേക്കും ഞങ്ങളുടെ നാടായ മധുരൈയിൽ നിന്ന് ആളുകൾ വന്ന് ജൂനിയർ ആർട്ടിസ്റ്റുകൾ കൊണ്ടുപോകുമായിരുന്നു. എനിക്കും അങ്ങനെ പോകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ 'മറുമലർച്ചി' എന്ന സിനിമയുടെ ഷൂട്ടിങ്ങിനുവേണ്ടി ജൂനിയർ ആർട്ടിസ്റ്റുകൾ വേണമെന്ന് പറഞ്ഞുകൊണ്ട് ആളുകൾ വന്നു. വീട്ടിലൊക്കെ ഒരുവിധത്തിൽ സമ്മതം വാങ്ങി. തിരുവണ്ണാമലൈയിലേക്ക് പോയി. ഞാൻ വിചാരിച്ചതിനേക്കാൾ വലിയ ഒരു ലൊക്കേഷൻ ആയിരുന്നു അത്. മമ്മൂട്ടി സാറായിരുന്നു അതിലെ നായകൻ. മമ്മൂട്ടി സാറിനെ ലൊക്കേഷനിൽ വച്ച് കണ്ടപ്പോൾ അന്തംവിട്ട് നിന്നുപോയി.
പെട്ടെന്ന് എന്റെ ഓർമ്മ ദളപതി സിനിമ ഇറങ്ങിയ സമയത്തേക്ക് പോയി. ആ സിനിമ തിയേറ്ററിൽ നിന്ന് കണ്ടപ്പോൾ മമ്മൂട്ടി വരുന്ന സീനൊക്കെ ഞാനും കൂട്ടുകാരും കൂവുമായിരുന്നു. രജനികാന്ത് അല്ലാതെ വേറെ ആരുടെയും ശബ്ദം കേൾക്കാൻ പാടില്ല എന്ന വാശിയായിരുന്നു ആ സമയത്ത്. ഒടുവിൽ നാട്ടുകാർ ഞങ്ങളെ പോലീസിന്റെ കയ്യിൽ ഏൽപ്പിക്കും എന്ന് പറഞ്ഞപ്പോൾ മിണ്ടാതിരുന്നു. ഈ മനുഷ്യൻറെ ഡയലോഗിന് ആണല്ലോ അന്ന് കൂവിയത് എന്നായിരുന്നു മമ്മൂട്ടി സാറിനെ കണ്ടപ്പോൾ തോന്നിയത്",-സൂരി പറഞ്ഞു.
മമ്മൂട്ടിയുടെ കടുത്ത ആരാധകനായി സൂരി സിനിമയിൽ വേഷമിട്ടിരുന്നു.മമ്മൂക്ക ദിനേശൻ എന്ന കഥാപാത്രത്തെയാണ് വേലൻ എന്ന ചിത്രത്തിൽ നടൻ അവതരിപ്പിച്ചത്. തമിഴ് ബിഗ് ബോസ് ഫെയിം മുഗേൻ റാവു പ്രധാനവേഷത്തിലെത്തുന്ന സിനിമ കവിൻ മൂർത്തി ആണ് സംവിധാനം ചെയ്തത്.