മമ്മൂട്ടിക്ക് മാത്രമേ അതിനു സാധിക്കൂ, അല്ലെങ്കിൽ ഈ സിനിമ ഉണ്ടാകുമായിരുന്നില്ല: സംവിധായകൻ പറയുന്നു
കേരളം ഇനി കാണാനുള്ളത് ഒരു ജനകീയ നായകനെ!
സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി കേരള മുഖ്യമന്ത്രിയാകുന്നു. ബോബി സഞ്ജയ് തിരക്കഥ എഴുതുന്ന ചിത്രത്തിലാണ് മമ്മൂട്ടി മുഖ്യമന്ത്രിയാകുന്നത്. ഒരു തമിഴ് ചിത്രത്തില്‍ മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷം കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും മലയാളത്തില്‍ ഇതാദ്യമാണ്.
മലയാളത്തില്‍ നായകനിരയില്‍ മുഖ്യമന്ത്രിയുടെ വേഷം കയ്യാളാന്‍ അധികം പേരില്ല എന്നത് ഒരു വസ്തുതയാണ്. പിന്നെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനുമായും സിനിമയില്‍ മറ്റാര്‍ക്കും ഇല്ലാത്ത അടുപ്പമുണ്ട് മമ്മൂട്ടിക്ക്. പക്ഷേ, ചിത്രത്തിൽ ഒരു പാർട്ടിയുടേയും തണലിലല്ല മമ്മൂട്ടി മുഖ്യമന്ത്രി ആകുന്നത്. പൊതുജനത്തിന്റെ നേതാവ് ആയാണ് ഈ കഥാപാത്രം സിനിമയില്‍ എത്തുന്നത്.
പൊളിറ്റിക്കല്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രം ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിംഗിന് സജ്ജമാകും. മമ്മൂട്ടിക്ക് ഈ വര്‍ഷം പൂര്‍ത്തിയാക്കാനുള്ള ചിത്രങ്ങള്‍ക്ക് ശേഷമായിരിക്കും പേരിടാത്ത ചിത്രത്തില്‍ അഭിനയിക്കുക. ചിറകൊടിഞ്ഞ കിനാവുകള്‍ ആണ് സന്തോഷ് ഇതിന് മുന്‍പ് സംവിധാനം ചെയ്ത സിനിമ.
മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷം ചെയ്യാന്‍ തയാറല്ലായിരുന്നുവെങ്കില്‍ ഈ പ്രോജക്ട് ഉപേക്ഷിച്ചേനെ എന്നാണ് സന്തോഷ് വിശ്വനാഥ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. സമകാലീന കേരള രാഷ്ട്രീയത്തില്‍ ഒരു മുഖ്യമന്ത്രി എങ്ങനെ ആകണമെന്ന് ഉള്ളതിന്റെ ഉദാഹരണമാണ് ഈ കഥാപാത്രം എന്നതിനാല്‍ മമ്മൂട്ടിയെ പോലെ അഭിനയപാടവമുള്ള ഒരാള്‍ക്ക് മാത്രമെ ഇത് ചെയ്യാനാവുകയുള്ളുവെന്നും സന്തോഷ് പറയുന്നു.