പിന്നിട്ടത് 6 മാസം, പിറന്നത് 4 ഹിറ്റുകൾ; ഒരേയൊരു മമ്മൂട്ടി !

ശനി, 15 ജൂണ്‍ 2019 (10:49 IST)
ഈ വർഷം മമ്മൂട്ടി എന്ന നടന്റേയും മെഗാസ്റ്റാറിന്റേയും വർഷമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്റ്റാർ വാല്യു മാത്രം നോക്കി സിനിമകൾ ചെയ്തിരുന്ന മമ്മൂട്ടി വീണ്ടും സംവിധായകന് വേണ്ടി മാറിയിരിക്കുകയാണ്. സംവിധായകർ ആവശ്യപ്പെടുന്നതിനനുസരിച്ച് എപ്പോഴും മാറ്റങ്ങൾ കൊണ്ട് വരുന്ന നടനാണ് മമ്മൂട്ടി.  
 
എന്തുകൊണ്ടാണ് 2019ലും മമ്മൂട്ടിക്ക് വേണ്ടി സംവിധായകരും നിർമാതാക്കളും ക്യൂ നിൽക്കുന്നതെന്നതിന്റെ ഏറ്റവും തെളിഞ്ഞ ഉത്തരമാണ് ഇന്നലെ റിലീസ് ചെയ്ത ഖാലിദ് റഹ്മാൻ സിനിമ ഉണ്ട. 2019ൽ മമ്മൂട്ടിയുടെതായി ആദ്യം റിലീസ് ചെയ്തത് പേരൻപ് എന്ന തമിഴ് ചിത്രമാണ്. 
 
റാം സംവിധാനം ചെയ്ത പേരൻപ് മമ്മൂട്ടിയിലെ നടനെ ഉപയോഗിച്ച ചിത്രമാണ്. നിർമാതാവിന് ലാഭം ഉണ്ടാക്കിയ സിനിമ തന്നെയാണ് പേരൻപ്. മമ്മൂട്ടിയെന്ന സ്റ്റാർ വാല്യു ഉള്ളതിനാൽ മാത്രമാണ് ചിത്രം കുറച്ചധികം ക്യാൻ‌വാസിലേക്ക് റിലീസ് ചെയ്യാനായതെന്ന് സംവിധായകൻ തന്നെ വ്യക്തമാക്കിയിരുന്നു.  
 
പിന്നാലെ വന്നത് യാത്ര എന്ന തെലുങ്ക് ചിത്രം. ജീവ ചരിത്ര വേഷങ്ങൾ ചെയ്യുമ്പോൾ ഭാഷയുടെ അതിർവരമ്പുകൾ താണ്ടി സംവിധായകർ മമ്മൂട്ടിയെ തേടി എത്തുമെന്നതിന്റെ അവസാനത്തെ ഉദാഹരണമായിരുന്നു യാത്ര. മികച്ച സിനിമയ്ക്കൊപ്പം 50 കോടിക്ക് മുകളിൽ പണം വാരിയ ചിത്രം കൂടിയാണ് യാത്ര. 
 
പിന്നാലെ വന്നത് മാസ് മസാല മധുരരാജ. അമുദവനിൽ നിന്നും വൈ എസ് ആറിൽ നിന്നും യാതോരു സാമ്യതയുമില്ലാത്ത രാജയായി മമ്മൂട്ടി കസറിയപ്പോൾ മലയാളികൾക്ക് ലഭിച്ചത് മറ്റൊരു നൂറ് കോടി പടമാണ്. ഈ തട്ടുപൊളിപ്പൻ പടം ബോക്സോഫീസിനെ കീഴടക്കി. 
 
അപ്പോഴും മലയാളികൾക്ക് ഒന്ന് മാത്രം പറഞ്ഞു. മമ്മൂട്ടിയെന്ന നടനെ തമിഴ്, തെലുങ്ക് ഭാഷാക്കാർ വേണ്ടവിധത്തിൽ ചീകിമിനുക്കി ഉപയോഗിക്കുകയാണ്. പക്ഷേ, മലയാളികൾ മാത്രം അദ്ദേഹത്തിനു നൽകുന്നത് മാസ് - ആക്ഷൻ- സിനിമകളാണ്. ഈ ആരോപണത്തെ മറികടക്കുന്നതാണ് ഖാലിദ് റഹ്മാന്റെ ഉണ്ട. 
 
അനുരാഗക്കരിക്കിൻ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കിയ ഉണ്ട ഒരു റിയലസ്റ്റിക് ആയ പൊലീസ് കഥയാണ് പറയുന്നത്. ഒരു പൊലീസിന്റെ അല്ല, മറിച്ച് 9 പൊലീസുകാർക്കൊപ്പം കേരള പൊലീസിന്റെ കഥ തന്നെയാണ് ഉണ്ട പറയുന്നത്. എസ് ഐ മണിയിൽ മമ്മൂട്ടിയുടെ ‘മെഗാസ്റ്റാർ’ തലക്കനം തീരെയില്ല. പ്രേക്ഷകരും വിമർശകരും ഒരുപോലെ ഏറ്റെടുത്ത ‘ഉണ്ട’ ബോക്സോഫീസിൽ വമ്പൻ ചലനം സൃഷ്ടിക്കുമെന്ന് ഉറപ്പ്.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം രൺ‌വീറിന്റെ ഭാര്യയായി അഭിനയിക്കാൻ ദീപിക വാങ്ങുന്നത് 14 കോടി ! - കണ്ണുതള്ളി ആരാധകർ