Select Your Language

Notifications

webdunia
webdunia
webdunia
webdunia

കഥ ശരിയായില്ല, മമ്മൂട്ടി ഒരു നമ്പരിട്ടു, സ്വാമി അതില്‍ കയറിപ്പിടിച്ചു; ഷാജി കൈലാസ് ഹാപ്പി!

കഥ ശരിയായില്ല, മമ്മൂട്ടി ഒരു നമ്പരിട്ടു, സ്വാമി അതില്‍ കയറിപ്പിടിച്ചു; ഷാജി കൈലാസ് ഹാപ്പി!
, വെള്ളി, 4 ജനുവരി 2019 (17:52 IST)
മലയാളത്തിന്‍റെ ത്രില്ലര്‍ രാജാവ് എസ് എന്‍ സ്വാമി തന്നെയാണ്. സി ബി ഐ സീരീസും ഇരുപതാം നൂറ്റാണ്ടും ആഗസ്റ്റ് ഒന്നുമൊക്കെ പ്രേക്ഷകരെ ഇന്നും ത്രില്ലടിപ്പിക്കുന്ന സിനിമകള്‍. കുറ്റാന്വേഷണ സിനിമകളോടാണ് സ്വാമിക്ക് പ്രിയം. അതുകഴിഞ്ഞാല്‍ ഷെയര്‍ മാര്‍ക്കറ്റിലെ സംഭവ വികാസങ്ങളാണ് സ്വാമിയെ രസിപ്പിക്കുക. 
 
ആഗസ്റ്റ് 15 എന്ന സിനിമ പരാജയമായിരുന്നു. ആഗസ്റ്റ് ഒന്നിന്‍റെ രണ്ടാം ഭാഗമായി ഒരു ചിത്രം. ആ സിനിമ സംഭവിച്ചതിന് പിന്നില്‍ ഒരു കഥയുണ്ട്. അത് രണ്ടാം ഭാഗത്തിനുവേണ്ടി തുടങ്ങിയ സിനിമയായിരുന്നില്ല. പുതിയ സിനിമ ചെയ്യണമെന്ന ആവശ്യവുമായി ഷാജി കൈലാസും എം മണിയും സമീപിക്കുമ്പോള്‍ സ്വാമിയുടെ പക്കല്‍ കഥയൊന്നുമില്ലായിരുന്നു.
 
മമ്മൂട്ടിയെ നായകനാക്കി ഒരു കഥ ആലോചിക്കാനാണ് ഷാജി കൈലാസ് ആവശ്യപ്പെട്ടത്. ഒരുപാട് സംഭവങ്ങളും ത്രെഡുകളുമൊക്കെ സ്വാമിയുടെ തലച്ചോറില്‍ കൂടി പാഞ്ഞു. ചില കഥകള്‍ രൂപപ്പെടുത്താനുള്ള ശ്രമം നടത്തി. ഒന്നും ശരിയായില്ല. ഒടുവില്‍ മമ്മൂട്ടി ഇടപെട്ടു. പല കഥകളെക്കുറിച്ചും ചര്‍ച്ച നടത്തി. അവസാനം മമ്മൂട്ടി പറഞ്ഞു - “ആഗസ്റ്റ് ഒന്നിലെ പെരുമാളിനെ വച്ച് പുതിയ കഥ ആലോചിച്ചു നോക്കൂ...”
 
അവിടെ പുതിയ ഒരു സിനിമയ്ക്ക് തുടക്കം കുറിക്കുകയായിരുന്നു. പെരുമാളിനെ മുഖ്യ കഥാപാത്രമാക്കി ഒരു കഥയെക്കുറിച്ച് ആലോചിച്ചതോടെ കഥ പതിയെ രൂപപ്പെട്ടു വന്നു. അവിടെ വീണ്ടും ഒരു മുഖ്യമന്ത്രിയും അയാളെ കൊല്ലാന്‍ പദ്ധതിയിട്ട് നടക്കുന്ന ഒരു കൊലയാളിയും രംഗത്തെത്തി. ‘ആഗസ്റ്റ് 15’ എന്ന സിനിമയുടെ തുടക്കം അങ്ങനെയായിരുന്നു. 
 
“ഷാജികൈലാസ്‌ എന്നെ സമീപിക്കുമ്പോള്‍ മമ്മൂട്ടിയുടെ ഡേറ്റും അരോമണി എന്ന പ്രൊഡ്യൂസറും മാത്രമാണ്‌ ഉണ്ടായിരുന്നത്‌. പല കഥകള്‍ ആലോചിച്ചിട്ടും എഴുത്ത്‌ ഒരിടത്തുമെത്തിയില്ല. അങ്ങനെയാണ്‌ പെരുമാളിനെ വച്ചുള്ള പുതിയ കഥയെക്കുറിച്ച് മമ്മൂട്ടി സൂചിപ്പിക്കുന്നത്‌. ശരിക്കും പറഞ്ഞാല്‍ ആ ചിത്രം മമ്മൂട്ടി തിരിച്ചുവിട്ട ചിന്തയില്‍ നിന്നാണ്‌ പിറന്നത്.” - ഒരു അഭിമുഖത്തില്‍ എസ് എന്‍ സ്വാമി വെളിപ്പെടുത്തി.
 
പക്ഷേ അന്വേഷണത്തിന്‍റെ ആവേശച്ചൂടുമായി തന്‍റെ ഒറ്റസീറ്റുള്ള ബൈക്കില്‍ പെരുമാള്‍ പാഞ്ഞെത്തിയെങ്കിലും പ്രേക്ഷകര്‍ തണുത്ത സ്വീകരണമാണ് നല്‍കിയത്. ആഗസ്റ്റ് 15 പരാജയമായെങ്കിലും ഒരു മൂന്നാം ദൌത്യവുമായി പെരുമാള്‍ വീണ്ടും വരുമെന്ന പ്രതീക്ഷ പ്രേക്ഷകര്‍ക്കുണ്ട്. ഷാജി കൈലാസോ സ്വാമിയോ മമ്മൂട്ടിയോ അതേക്കുറിച്ച് ചിന്തിക്കട്ടെ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നീലകണ്ഠനെയും ജഗന്നാഥനെയെയും മമ്മൂട്ടി ഒഴിവാക്കിയതെന്തിന്?