Mammootty: ഷൂട്ടിങ് പുരോഗമിക്കുന്ന മഹേഷ് പടം, ഓഫ് ബീറ്റും ആക്ഷന്‍ എന്റര്‍ടെയ്‌നറും ഉറപ്പിച്ചു; അറിയേണ്ടത് 'ബിലാല്‍' വരുമോ?
Mammootty: മഹേഷ് നാരായണന്‍ ചിത്രത്തിനു ശേഷം 'ആട്ടം' സംവിധായകന്‍ ആനന്ദ് ഏകര്‍ഷിയുടെ പ്രൊജക്ടില്‍ മമ്മൂട്ടി ഭാഗമാകും
Mammootty: ഒരു മാസത്തിലേറെയായ വിശ്രമത്തിനു ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടി സിനിമ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. ചെന്നൈയില്‍ വിശ്രമത്തില്‍ തുടരുന്ന താരം ഏപ്രില്‍ അവസാനത്തോടെ കേരളത്തിലെത്തും. മഹേഷ് നാരായണന്‍ ചിത്രത്തിലാകും പിന്നീട് മമ്മൂട്ടി ജോയിന്‍ ചെയ്യുക.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവരും മമ്മൂട്ടിക്കൊപ്പം ഈ ചിത്രത്തിലുണ്ട്. എല്ലാ താരങ്ങളും ഒന്നിച്ചുള്ള സീനുകളാണ് ഇനി ചിത്രീകരിക്കാന്‍ ശേഷിക്കുന്നത്.
മഹേഷ് നാരായണന്‍ ചിത്രത്തിനു ശേഷം 'ആട്ടം' സംവിധായകന്‍ ആനന്ദ് ഏകര്‍ഷിയുടെ പ്രൊജക്ടില്‍ മമ്മൂട്ടി ഭാഗമാകും. വളരെ കുറച്ച് ദിവസത്തെ ഷൂട്ടിങ് മാത്രമാണ് ഈ സിനിമയ്ക്കു ആവശ്യമെന്നാണ് റിപ്പോര്‍ട്ട്. ഇതൊരു ഓഫ് ബീറ്റ് ചിത്രമായിരിക്കുമെന്നും വിവരമുണ്ട്.
'ഫാലിമി'യിലൂടെ ശ്രദ്ധിക്കപ്പെട്ട നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ കോമഡി ത്രില്ലറിലായിരിക്കും പിന്നീട് മമ്മൂട്ടി അഭിനയിക്കുക. ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. നിതീഷ് തന്നെയാണ് തിരക്കഥ. ബിഗ് ബജറ്റ് ചിത്രമായതിനാല്‍ അടുത്ത വര്‍ഷമായിരിക്കും റിലീസ്.
ഭീഷ്മപര്‍വ്വത്തിനു ശേഷം അമല്‍ നീരദും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്നതായി വാര്‍ത്തകളുണ്ട്. ഇത് ബിലാലിനു വേണ്ടിയാണോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ബിലാല്‍ അല്ലെങ്കില്‍ മറ്റൊരു പ്രൊജക്ട് ആയിരിക്കും ഇരുവരും ഒന്നിച്ച് ചെയ്യുക. അടുത്ത മാസത്തോടെ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വരും. ബിലാലിന്റെ തിരക്കഥ പൂര്‍ത്തിയായതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ടിനു പാപ്പച്ചന്‍ സിനിമയിലും മമ്മൂട്ടി നായകനാകും.
സന്ദീപ് റെഡ്ഡി വങ്കയുടെ 'സ്പിരിറ്റി'ല്‍ പ്രഭാസിന്റെ അച്ഛനായി മമ്മൂട്ടി അഭിനയിച്ചേക്കുമെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ മലയാളത്തിനു പുറത്തുള്ള പ്രൊജക്ടുകള്‍ തല്‍ക്കാലത്തേക്ക് മമ്മൂട്ടി ഒഴിവാക്കാനാണ് സാധ്യത.