Select Your Language

Notifications

webdunia
webdunia
webdunia
webdunia

' ഞാന്‍ നോക്കുമ്പോള്‍ മമ്മൂക്ക കരയുകയാണ്,'; ഷൂട്ടിങ് അനുഭവം പങ്കുവെച്ച് ജയറാം

അര്‍ത്ഥം സിനിമയില്‍ ജയറാമിന്റെ കഥാപാത്രം ട്രെയിനിന് തലവെച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്ന രംഗമുണ്ട്

Jayaram and Mammootty, Ozler Movie, Mammootty in Ozler, Ozler Movie review, Mammootty in Ozler, Cinema News, Webdunia Malayalam

രേണുക വേണു

, ബുധന്‍, 19 മാര്‍ച്ച് 2025 (13:02 IST)
മമ്മൂട്ടിയുമായി വളരെ അടുത്ത സൗഹൃദമുള്ള നടനാണ് ജയറാം. ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമകളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അര്‍ത്ഥം എന്ന സിനിമയില്‍ മമ്മൂട്ടിയും ജയറാമും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ഈ സിനിമയുടെ ഷൂട്ടിങ്ങിനിടെയുണ്ടായ ഒരു അനുഭവം ജയറാം പലപ്പോഴും പങ്കുവെച്ചിട്ടുണ്ട്. മമ്മൂട്ടി തനിക്ക് മുന്നില്‍ നിന്ന് കൊച്ചു കുട്ടികളെ പോലെ പൊട്ടിക്കരഞ്ഞ സംഭവമാണ് അത്. 
 
അര്‍ത്ഥം സിനിമയില്‍ ജയറാമിന്റെ കഥാപാത്രം ട്രെയിനിന് തലവെച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്ന രംഗമുണ്ട്. ആ സമയത്ത് മമ്മൂട്ടിയുടെ കഥാപാത്രം വന്ന് ജയറാമിനെ രക്ഷിക്കും. ഈ സീന്‍ ഷൂട്ട് ചെയ്തതിനെ കുറിച്ചാണ് ജയറാം പറയുന്നത്. 
 
ഇന്നൊക്കെയാണെങ്കില്‍ ആ സീന്‍ ഗ്രീന്‍ മാറ്റ് ഉപയോഗിച്ച് ഷൂട്ട് ചെയ്യാം. അന്ന് അതിനുള്ള സൗകര്യമില്ല. റിയലായി എടുക്കണം. കൊല്ലം-ചെങ്കോട്ട-കൊട്ടാരക്കര റൂട്ടില്‍ ഒരു ട്രെയിനുണ്ട്. വൈകിട്ട് ഏഴിനാണ് അത്. ആ ട്രെയിന്‍ പോകുമ്പോള്‍ ഈ സീന്‍ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചു. ലക്ഷകണക്കിനു ആളുകളാണ് ഷൂട്ടിങ് കാണാന്‍ എത്തിയിരിക്കുന്നത്. മമ്മൂട്ടിയെ കാണാന്‍ എത്തിയവരാണ് അവരെല്ലാം. ഉച്ചയ്ക്ക് എല്ലാവരും ഷൂട്ടിങ് സെറ്റിലെത്തി. സത്യന്‍ എല്ലാവര്‍ക്കും കാര്യങ്ങള്‍ പറഞ്ഞു കൊടുത്തു. 
 
ജയറാം കിടക്കുകയാണ്. ട്രെയിന്‍ വരുന്നതിനു തൊട്ടുമുന്‍പ് മമ്മൂട്ടി ചെന്ന് ജയറാമിനെ വലിച്ച് എഴുന്നേല്‍പ്പിക്കണം. ട്രെയിന്‍ വരുമ്പോള്‍ ചാടി രക്ഷപ്പെടണം. അതാണ് സീന്‍. മമ്മൂക്ക കൃത്യസമയത്ത് എന്നെയും കൊണ്ട് ചാടണേ, എന്റെ ജീവന്‍ മമ്മൂക്കയുടെ കയ്യിലാണ് എന്ന് ഞാനും അദ്ദേഹത്തോട് പറഞ്ഞു. അതൊക്കെ ഞാന്‍ ചെയ്യാമെടാ, നീ പേടിക്കണ്ടാ എന്നായിരുന്നു മമ്മൂട്ടി തന്നോട് അപ്പോള്‍ പറഞ്ഞതെന്ന് ജയറാം ഓര്‍ക്കുന്നു. 
 
ട്രെയിനിന്റെ എഞ്ചിന്‍ ഡ്രൈവര്‍ വന്ന് മമ്മൂട്ടിയോട് കാര്യങ്ങള്‍ പറഞ്ഞു. മിസ്റ്റര്‍ മമ്മൂട്ടി ശ്രദ്ധിക്കണം. രാത്രിയായതുകൊണ്ട് ഹെഡ് ലൈറ്റ് മാത്രമേ കാണൂ. ഹെഡ് ലൈറ്റ് കാണുന്നതിനേക്കാള്‍ അടുത്തായിരിക്കും ട്രെയിന്‍ എത്തിയിട്ടുണ്ടാകുക. അതുകൊണ്ട് കൃത്യസമയത്ത് ചാടണം എന്നൊക്കെ പറഞ്ഞു. ഇതൊക്കെ കേട്ടതും മമ്മൂട്ടി ടെന്‍ഷന്‍ ആകാന്‍ തുടങ്ങി. ഞാന്‍ നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ കൈ വിറയ്ക്കുന്നു. സിനിമയില്‍ ആദ്യമായി അഭിനയിക്കാന്‍ വന്ന ആളെ പോലെയായി. ഞാന്‍ നോക്കിക്കോളാം, നീ നിന്നോളണേ എന്നൊക്കെ മമ്മൂക്ക എന്നോട് പറഞ്ഞു. 
 
ട്രെയിന്‍ കൊല്ലത്ത് നിന്ന് പുറപ്പെട്ടു. ആ സീന്‍ ഷൂട്ട് ചെയ്തു. ട്രെയിന്‍ എത്തിയതിന്റെ മുന്‍പ് എന്നെയും കൊണ്ട് മമ്മൂട്ടി ചാടി. കൃത്യസമയത്ത് എല്ലാം നടന്നു. കൂടിനിന്ന ജനങ്ങള്‍ കയ്യടിച്ചു. ഞാന്‍ നോക്കുമ്പോള്‍ ഒരു മൂലയില്‍ മമ്മൂട്ടി നിന്ന് കരയുന്നു. കൊച്ചു കുട്ടികളെ പോലെ മമ്മൂട്ടി നിന്ന് കരയുകയായിരുന്നു. കരച്ചിലിന്റെ ശബ്ദം തനിക്ക് കേള്‍ക്കാമായിരുന്നെന്നും ജയറാം പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

48 ദിവസത്തെ ചിത്രീകരണത്തിന് വിരാമം, ജീത്തു ജോസഫ്- ആസിഫ് അലി ചിത്രം മിറാഷിന് പാക്കപ്പ്