'എന്നെ മാറ്റി, എനിക്ക് പകരം അവർ പട്ടിയെ വച്ച് അഭിനയിപ്പിച്ചു'; നേരിട്ട അവഹേളനത്തെ കുറിച്ച് ശോഭിത
നാഗ ചൈതന്യയുമായി അടുത്തിടെയാണ് ശോഭിതയുടെ വിവാഹം കഴിഞ്ഞത്.
മോഡലിംഗിലൂടെ സിനിമയിലെത്തിയ ശോഭിത ധൂലിപാല ഇന്ന് സൗത്ത് ഇന്ത്യ മുഴുവൻ അറിയുന്ന നടിയാണ്. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം നിറ സാന്നിധ്യമായ ശോഭിത മലയാളത്തിലും സിനിമ ചെയ്തിട്ടുണ്ട്. ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന ചിത്രത്തിൽ ശോഭിത ആയിരുന്നു നായിക. നാഗ ചൈതന്യയുമായി അടുത്തിടെയാണ് ശോഭിതയുടെ വിവാഹം കഴിഞ്ഞത്. ഇതിനിടെ ഇപ്പോഴിതാ ശോഭിതയുടെ പഴയൊരു തുറന്ന് പറച്ചിൽ വാർത്തയാവുകയാണ്.
സിനിമാ പാരമ്പര്യമോ ബന്ധങ്ങളോ ഇല്ലാതെയാണ് ശോഭിത കടന്നു വന്നത്. അതുകൊണ്ട് തന്നെ സിനിമയിൽ തലതൊട്ടപ്പൻ ആരുമുണ്ടായിരുന്നില്ല. പിന്തുണയ്ക്കാൻ ആരുമില്ലാതിരുന്നതിനാൽ തുടക്കകാലത്ത് നടിക്ക് വലിയ പ്രതിസന്ധികളെ നേരിടേണ്ടി വന്നിരുന്നു. അത്തരത്തിൽ തനിക്ക് നേരിടേണ്ടി വന്നൊരു പ്രതിസന്ധിയെക്കുറിച്ചാണ് ശോഭിത തുറന്നു പറയുന്നത്. ഒരിക്കൽ ഒരു പരസ്യ ചിത്രത്തിൽ തനിക്ക് പകരം നായയെ അഭിനയിപ്പിച്ച അനുഭവമാണ് താരം പങ്കുവെക്കുന്നത്.
'ഒരു ബ്രാന്റിന് വേണ്ടിയായിരുന്നു. രാത്രി 11.30 ന് എനിക്കൊരു കോൾ വന്നു. ഒരു ഓഡിഷനുണ്ടെന്ന് പറഞ്ഞു. എനിക്ക് ചെറുതായി ഭയം തോന്നി. സോയ അക്തറിന് വേണ്ടിയാണെന്ന് അവർ പറഞ്ഞു. എന്നെ ഓഡിഷൻ ചെയ്യുകയും കാസ്റ്റ് ചെയ്യുകയും ചെയ്തു. അടുത്ത ദിവസം ഷൂട്ടിനായി ഗോവയിൽ പോകണമെന്ന് പറഞ്ഞു. തായ്‌ലന്റും ഓസ്‌ട്രേലിയയുമൊന്നുമല്ല. പക്ഷെ ഞാൻ എക്‌സൈറ്റഡ് ആയിരുന്നു.
ആദ്യത്തെ ദിവസം ക്യാമറയുമായി ബന്ധപ്പെട്ട് എന്തോ പ്രശ്‌നം ഉണ്ടായി. അതിനാൽ അടുത്ത ദിവസം ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞു. ക്ലയന്റ് ഫൂട്ടേജ് കണ്ടു. അവർക്ക് ഈ പെണ്ണ് പോരാ എന്ന് തോന്നി. ഇവൾക്ക് ആത്മവിശ്വാസമുണ്ട്. ബ്രാന്റിന്റെ ഇമേജിന് അത് ചേരില്ലെന്ന് അവർ പറഞ്ഞു. അങ്ങനെ അവർ എന്നെ മാറ്റി. എനിക്ക് പകരം അവർ വച്ചത് ഒരു പട്ടിയെയാണ്. എനിക്ക് എന്റെ പണം കിട്ടി. അതുകൊണ്ട് കുഴപ്പമില്ല', എന്നാണ് താരം പറഞ്ഞത്. എന്നാൽ, ഇത് ഒരു നടിയെ അവഹേളിക്കുന്നതിനു തുല്യമാണെന്നാണ് ആരാധകറുടെ കണ്ടെത്തൽ.