പൃഥ്വിരാജിനൊപ്പം വർക്ക് ചെയ്യുക ബുദ്ധിമുട്ടെന്ന് മോഹൻലാൽ
ഉദ്ദേശിക്കുന്നത് കിട്ടുന്നത് വരെ പൃഥ്വിരാജ് ചോദിച്ച് കൊണ്ടിരിക്കും, മോഹൻലാലിനെ കൊണ്ട് 17 ടേക്ക് വരെ എടുപ്പിച്ചിട്ടുണ്ട്
മോഹൻലാൽ, പൃഥ്വിരാജ് ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എമ്പുരാൻ. ആദ്യ ഭാഗം ലൂസിഫർ വൻ വിജയം നേടിയതിനാൽ ലൂസിഫറും പ്രതീക്ഷ തെറ്റിക്കില്ലെന്നാണ് ആരാധകർ പറയുന്നത്. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജിന്റെ സംവിധാനത്തെക്കുറിച്ച് മോഹൻലാൽ സംസാരിക്കുകയുണ്ടായി. പൃഥിരാജിനൊപ്പം വർക്ക് ചെയ്യുകയെന്നത് ശ്രമകരമാണെന്ന് മോഹൻലാൽ അഭിമുഖത്തിൽ പറഞ്ഞു.
സംവിധായകൻ എന്ന നിലയിൽ വളരെ കമ്മിറ്റഡ് ആയിട്ടുള്ള ആളാണ് പൃഥ്വിയെന്നും അദ്ദേഹം ഉദ്ദേശിക്കുന്നത് കിട്ടുന്നത് വരെ ചോദിച്ച് കൊണ്ടിരിക്കുമെന്നും മോഹൻലാൽ പറഞ്ഞു. അവിടെ ഈഗോയ്‌ക്ക് സ്ഥാനമില്ലെന്നും, സ്വയം അടിയറവ് പറയേണ്ടി വരുമെന്നും മോഹൻലാൽ പറയുന്നു. ബറോസിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഭരദ്വാജ് രംഗന് നൽകിയ അഭിമുഖത്തിലായിരുന്നു മോഹൻലാലിന്റെ പ്രതികരണം.
'പൃഥ്വിരാജ് അത്ഭുതപ്പെടുത്തിയ സംവിധായകനാണ്. അദ്ദേഹത്തിന് എല്ലാം അറിയാം. പ്രധാനമായും ലെൻസിംഗിനെക്കുറിച്ച്. എക്യുപ്മെന്റ്സിനെക്കുറിച്ചും ആക്ടേർസിനെക്കുറിച്ചും അറിയാം. സീനിൽ വേണ്ടത് ലഭിക്കുന്നത് വരെ ചോദിച്ച് കൊണ്ടിരിക്കും. വളരെയധികം കമ്മിറ്റഡായ സംവിധായകനാണ്. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുക ശ്രമകരമാണ്. നമ്മളെ തന്നെ സറണ്ടർ ചെയ്യണം. ഈഗോയില്ല. കഥാപാത്രത്തിന് വേണ്ടി ടേക്കുകൾ ചോദിക്കും. ഈ സിനിമ മുഴുവൻ പൃഥ്വിരാജിന്റെ തലയിലാണ്. അത് ഫ്ലോപ്പാക്കാൻ പറ്റില്ല', മോഹൻലാൽ പറഞ്ഞു.
വലിയ താരമാണെങ്കിലും മോഹൻലാലിനെക്കൊണ്ട് നിരവധി ടേക്കുകൾ ചെയ്യിക്കാൻ പൃഥ്വിരാജ് മടിച്ചിട്ടില്ല. ഇതേക്കുറിച്ച് പൃഥ്വിരാജ് തന്നെ നേരത്തെ സംസാരിച്ചിട്ടുണ്ട്. മോഹൻലാലിന്റെ അഭിമുഖത്തിന് പിന്നാലെ ഇതും ചർച്ചയാവുകയാണ്. 'ഞാൻ ചില സമയത്ത് ലാലേട്ടനെ കൊണ്ട് 17 ടേക്കുകളൊക്കെ ചെയ്യിച്ചിട്ടുണ്ട്. ലാലേട്ടന്റെ കുറ്റം കൊണ്ടല്ല. മറ്റ് കാരണങ്ങൾ കൊണ്ടാണ്. അപ്പോഴൊക്കെ അസിസ്റ്റന്റ്സോ കൂടെയുള്ളവരെ പതിനേഴാമത്തെ ടേക്കായി എന്ന് പറയും. എന്നാൽ ആ സമയത്തും എന്നെ ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്തിട്ടുള്ളത് ലാലേട്ടനാണ്. നിർമാതാവിനോട് പോലും അദ്ദേഹം പറഞ്ഞത് ആന്റണീ, (ആന്റണി പെരുമ്പാവൂർ) അയാൾ മനസിൽ കണ്ടത് പോലെ ചെയ്യട്ടെയെന്നാണെന്നും പൃഥ്വിരാജ് അന്ന് വ്യക്തമാക്കി.