മൂക്കുത്തി അമ്മൻ 2 വിന് തുടക്കമായി. 2020ൽ റിലീസ് ചെയ്ത മുക്കൂത്തി അമ്മന്റെ രണ്ടാം ഭാഗത്തിനാണ് ഇന്നലെ ചെന്നൈയിൽ തുടക്കമായത്. നടനും സംവിധായകനുമായ സുന്ദർ സി ആണ് മുക്കൂത്തി അമ്മൻ 2 ഒരുക്കുന്നത്. മുക്കൂത്തി അമ്മൻ 2വിന്റെ പൂജ കഴിഞ്ഞതിന് പിന്നാലെ ചിത്രത്തിന്റെ ബജറ്റിനെയും പ്രതിഫലങ്ങളെയും സംബന്ധിച്ച വിവരങ്ങൾ പുറത്തുവരികയാണ്. അമ്മനായി അഭിനയിക്കാൻ നയൻതാര ഒരു മാസത്തെ വ്രതമെടുത്തുവെന്നാണ് പൂജ വേളയിൽ നിർമാതാവ് ഇഷരി കെ ഗണേഷ് പറഞ്ഞത്.
ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം 100 കോടിയാണ് സിനിമയുടെ ബജറ്റ്. സുന്ദര്‍ സി തന്നെയാണ് തിരക്കഥ ഒരുക്കിയത്. 30 ദിവസം കൊണ്ടാണ് അദ്ദേഹം തിരക്കഥ ഒരുക്കിയതെന്നും നിര്‍മാതാവ് പറഞ്ഞു. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ചിത്രത്തിനായി നയൻതാര വാങ്ങിക്കുന്നത് 12 കോടി ആണ്. സമീപകാലങ്ങളിൽ സിനിമകൾ വലിയ ഹിറ്റാകാത്തതിനാൽ നയൻതാര പ്രതിഫലം ഉയർത്തിയിട്ടില്ല.
അതേസമയം, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തിൽ കഴിഞ്ഞ മാസം നയൻതാര ജോയിൻ ചെയ്തിരുന്നു. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയവരും പ്രധാന വേഷങ്ങിൽ എത്തുന്നുണ്ട്.