Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്ന് അച്ഛനോടൊപ്പം കണ്ട ആ മെലിഞ്ഞ താടിക്കാരന്‍, അത് നെടുമുടി വേണു, ഓര്‍മ്മകള്‍ പങ്കുവെച്ച് മുരളി ഗോപി

Nedumudi Venu

കെ ആര്‍ അനൂപ്

, ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (14:58 IST)
നെടുമുടി വേണുവിന്റെ ഓര്‍മ്മകളിലാണ് മുരളി ഗോപി.വേണു അങ്കിള്‍ മരിച്ചുവെന്നറിഞ്ഞപ്പോള്‍ അവിടെ താന്‍ പോയില്ലെന്നും ഒരു വലിയ നടന്റെ മൃതദേഹം കാണുക എന്നത് തികഞ്ഞ വിഷമം ഉണ്ടാക്കുമെന്നും ചലനമായിരിക്കണം തനിക്ക് ഇഷ്ടനടന്മാര്‍ അവശേഷിപ്പിച്ചു പോകുന്ന ഓര്‍മ്മയെന്നും മുരളി ഗോപി കുറിക്കുന്നു.
 
മുരളി ഗോപിയുടെ വാക്കുകളിലേക്ക്
 
ഓര്‍മ്മയുടെ നടനവിന്ന്യാസം 
 
അത്ര പഴയതല്ലാത്ത ഒരു കാലം.
എന്നാലും... ശബ്ദങ്ങള്‍ക്ക്, അന്നൊക്കെ, വ്യക്തമായ സ്വഭാവവും വ്യക്തിത്വവും കരുത്തുമുണ്ടായിരുന്ന പോലെ. മരംകൊത്തിക്കും കുയിലിനും ചിത്തിരക്കിളികള്‍ക്കുമെല്ലാം തമ്മില്‍ പറയാനും നമ്മോടു പറയാനും ഏറെയുണ്ടായിരുന്ന പോലെ. 
 
വൈകുന്നേരങ്ങളില്‍, ഒറ്റയ്ക്കുള്ള കളികളില്‍, മരങ്ങളായിരുന്നു എന്റെ കൂട്ടുകാര്‍. മടലുകളില്‍ നിന്ന് വാളും മുറങ്ങളില്‍ നിന്ന് പരിചയും കണ്ടെത്തിയ ഞാന്‍, മാവെന്ന മഹാറാണിയുടെ സാമ്രാജ്യത്തിനെതിരെ യുദ്ധം നടത്തും. പേര സൈന്യാധിപനുമായി ഒറ്റക്കൊറ്റയ്ക്ക് അംഗം വെട്ടും. പച്ച പേരക്കയും പഴുക്കാത്ത മാങ്ങയും വെട്ടിവീഴ്ത്തി വീരശൃംഖലയായ വേപ്പിന്‍കൊമ്പ് ഒടിച്ച്, വിയര്‍ത്തൊലിച്ച് ശ്വാസം കിട്ടാതെ നില്‍ക്കുമ്പോഴാണ് ഉയരെ, വീട്ടിലെ സ്വീകരണമുറിയില്‍ നിന്ന് ഒരു മൃദംഗ വായ്ത്താരി കേട്ടത്. 
ഒച്ചത്തിലായിരുന്നു. 
പറവകളെല്ലാം ഒന്ന് അമ്പരന്നു. 
 
ചെന്ന് നോക്കുമ്പോള്‍, അച്ഛന്‍, ഒരു കയ്യില്‍ സിഗരറ്റും മറുകയ്യാല്‍ താളവും പിടിച്ച് സെറ്റിയില്‍ ഇരിക്കുന്നു. എതിരെയിട്ട കസേരയില്‍ ഒരു കാല്‍ തൊടീച്ച്, ഇടത് കൈ അരയിലൂന്നി, വലത് കയ്യില്‍ അദൃശ്യമായ ഒരു ദീപശിഖയുമേന്തി ഒരു മെലിഞ്ഞ താടിക്കാരന്‍ നില്‍ക്കുന്നു. 
'ധ തകിട 
ധ തകിട 
ധ തകിട 
തക ധ...'
തിരിച്ച് കസേരയില്‍ അമര്‍ന്നു കൊണ്ട്, 'ഇങ്ങനെ ആയാലോ, ഗോപിണ്ണാ..?' എന്നൊരു ചോദ്യം.
'ആവാല്ലോ..' എന്ന് ഉത്തരം പറഞ്ഞ്, ഒന്ന് നീട്ടി പുകവലിച്ച് കുറ്റികുത്തിയ ശേഷം അച്ഛന്‍ ആ താളം ചൊല്ലികൊണ്ട് കസേരപ്പടിയില്‍ വിരലാല്‍ അത് വായിച്ചു. 
 
ഇത് കണ്ടുകൊണ്ടും കേട്ടുകൊണ്ടും കയറി ചെന്ന എന്നെ അച്ഛന്‍ ആ താടിക്കാരന് പരിചയപ്പെടുത്തി: 'മോനാ...' 
'ആഹാ..! എന്താ പരിപാടി? നല്ല ദേഹാധ്വാനം നടത്തിയ പോലുണ്ടല്ലോ..'
അച്ഛന്‍ ചിരിക്കാതെ: 'യുദ്ധം ആയിരുന്നു, അല്ലേടാ..?'
ഞാന്‍ ഗൗരവത്തോടെ 'ഉം' എന്ന പറഞ്ഞു. 
താടിക്കാരന്‍ ഗൗരവത്തോടെ ആരാഞ്ഞു: 'ആരാ ജയിച്ചത്..?'
ഞാന്‍ ഒന്നും പറയാതെ അകത്തേക്ക് ഓടിപ്പോയി. 
എന്റെ ചോദ്യങ്ങള്‍ പലതായിരുന്നു. 
അത് എന്റെ യുദ്ധമായിരുന്നു എന്ന് അച്ഛന് എങ്ങനെ മനസ്സിലായി? മനസ്സിലായെങ്കില്‍ തന്നെ, എന്തേ, മറ്റു 'മുതിര്‍ന്നവരെ' പോലെ പരിഹാസത്തില്‍ മൂക്കാതെ, ഇവര്‍ ഇരുവരും യുദ്ധ വിവരങ്ങള്‍ ഗൗരവത്തോടെ ആരാഞ്ഞു? 
 
ഉത്തരം ഒന്നേ ഉണ്ടായിരുന്നുള്ളൂ; അത് ഞാന്‍ പിന്നീടാണ് കണ്ടെത്തിയതും: 
യഥാര്‍ത്ഥ നടന്മാര്‍ അവര്‍ക്കായി അരങ്ങേറ്റാത്ത നാടകങ്ങളും കാണും. വേദിക്കപ്പുറവും നാടകവും നടന്മാരും ഉണ്ടെന്ന് തിരിച്ചറിയും. മടലിനെ ഖഡ്ഗമായും മുറത്തെ പരിചയായും മാവിനെ മഹാറാണിയും പേരയെ സര്‍വ്വസൈന്യാധിപനുമായും കണ്ട ഒരു പാവം കുഞ്ഞിനെ ഒപ്പമുള്ള ഒരുവനായി കാണുകയും കൂട്ടുകയും ചെയ്യും!
 
അന്ന് ഞാന്‍ അച്ഛനോടൊപ്പം കണ്ട ആ മെലിഞ്ഞ താടിക്കാരന്‍ 'നെടുമുടി വേണു'വായിരുന്നു. 
പിന്നീട്, പല തവണ ഞാന്‍ അദ്ദേഹത്തെ കണ്ടു. നടനായി, കഥാപാത്രമായി, അച്ഛന്റെ സുഹൃത്തായി.., പ്രാസംഗികനായി, ശ്രോതാവായി, മധ്യവയസ്‌കനായി, വയസ്സനായി...അങ്ങനെ പല പല വേഷങ്ങളില്‍. പല പല വേദികളില്‍. (അഭ്രത്തില്‍.) 
 
ഉറുമ്പുകളുടെ പരിചയംപുതുക്കല്‍ പോലുള്ള സാംഗത്യവശാലുള്ള കൂടികാഴ്ചകളായിരുന്നു പലതും. അപ്പോഴെല്ലാം, അദ്ദേഹം ഒരു സുഹൃത്തിനോടെന്ന പോലെ തോളില്‍ പിടിച്ചു നിന്ന് സംസാരിക്കും. 'ആ സുമുഖനായ താടിക്കാരന്‍ വയസ്സാകാതിരുന്നിരുന്നെങ്കില്‍..' എന്ന മൂഢമായ് ചിന്തിച്ചുകൊണ്ട് ഞാനും ആ കരസ്പര്‍ശമേറ്റ് പുഞ്ചിരിച്ച് നില്‍ക്കും. 
 
സംഗീതമാണ് ഒരു മഹാനടന്റെ അംഗവസ്ത്രമെങ്കില്‍ താളമാണ് അവന്റെ ഉടവാള്‍ എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതൊരു സത്യമാണെന്ന് തെളിയിക്കുന്ന ഉണ്മയുള്ള നടനായിരുന്നു വേണു അങ്കിള്‍ എന്ന് ഞാന്‍ പറയാതെ തന്നെ ഏവര്‍ക്കും അറിയാം. എന്നിരുന്നാലും, സംഗീതവും താളവും എങ്ങനെ പ്രകൃതിയില്‍ നിന്ന് നേരിട്ട് ഒഴുകി ഒരു നടന്റെ സ്വത്വത്തില്‍ വിലയിക്കുന്നു എന്ന് ശൈശവദിശയില്‍ തന്നെ കണ്ണാല്‍ കാണാന്‍ ഭാഗ്യം സിദ്ധിച്ച ഒരാളായി ഞാന്‍ എന്നെ കരുതുന്നു. അതിനു കാരണഭൂതര്‍ മേല്‍പ്പറഞ്ഞ രണ്ടാളുമാണ്. അച്ഛനും വേണു അങ്കിളും.
 
അരങ്ങും നാടകവും നടനവും നടനും എല്ലാം ഒന്നാകുമ്പോഴാണ് ഉലകവേദി ഉണരുന്നത്. അവിടെ ചിത്തിരക്കിളികളും കുയിലും മരംകൊത്തിയും യുദ്ധമാടുന്ന കുഞ്ഞുമെല്ലാം ഒരു മൃദംഗ വായ്ത്താരിയുടെ തുടിപ്പില്‍ ലയിച്ചൊന്നാവുന്നു. ആ തനത് നാടകവേദിയില്‍ താരങ്ങളില്ല. ആത്മാര്‍പ്പണം ചെയ്ത അഭിനേതാക്കള്‍ മാത്രം. അവര്‍ പിന്നെ എതിര്‍പാക്കുന്നത് ആ സപര്യക്ക് അന്ത്യം കുറിക്കുന്ന മോക്ഷ മുഹൂര്‍ത്തത്തെ മാത്രം.
 
വേണു അങ്കിള്‍ മരിച്ചുവെന്നറിഞ്ഞപ്പോള്‍ ഞാന്‍ അവിടെ പോയില്ല. ഒരു വലിയ നടന്റെ മൃതദേഹം കാണുക എന്നത് തികഞ്ഞ വിഷമം ഉണ്ടാക്കും. ചലനമായിരിക്കണം എനിക്ക് ഇഷ്ടനടന്മാര്‍ അവശേഷിപ്പിച്ചു പോകുന്ന ഓര്‍മ്മ. അതൊരു ശാഠ്യമാണ്. 
 
ഓര്‍മ്മയിലെന്നും ആ താടിക്കാരന്‍ മതി. 
കേള്‍വിയിലെന്നും ആ മൃദംഗ വായ്ത്താരിയും. 
മനസ്സിന്റെ അഭൗമ വേദികളില്‍ ആ രംഗപുഷ്പം യൗവ്വനമാര്‍ന്നുതന്നെ എന്നും നിലകൊള്ളട്ടെ. 
ഇതും ഒരു ശാഠ്യമാണ്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നല്ല ശബ്ദമല്ല, ആകാശവാണിയിൽ അനൗൺസർ ജോലി അമിതാഭ് ബച്ചന് നഷ്ടപ്പെട്ടു,പിന്നീട് രക്ഷപ്പെടുത്തിയതും അതേ ശബ്ദം