'എല്ലാരുമേ നമ്മ ആളുകൾ താൻ, ജയ് ബാലയ്യ!' തെലുങ്ക് ഓഡിയൻസിനെ കയ്യിലെടുത്ത് നസ്‌ലെൻ; വീഡിയോ
നസ്‌ലെന്റെ രസകരമായ കമന്റാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആലപ്പുഴ ജിംഖാന. നസ്ലിൻ ആണ് നായകൻ. ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്ന ട്രെയ്‌ലറിനും പാട്ടുകൾക്കും വലിയ സ്വീകരണമാണ് ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ചെന്നൈയിലെ എസ്ആർഎം കോളേജിൽ ചെന്നപ്പോഴുള്ള നസ്‌ലെന്റെ രസകരമായ കമന്റാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ആലപ്പുഴ ജിംഖാനയുടെ പ്രൊമോഷനായി സിനിമയിൽ മുഴുവൻ താരങ്ങളും കോളജിൽ എത്തിയിരുന്നു. സ്റ്റേജിൽ സംസാരിക്കുന്നതിനിടെയാണ് തെലുങ്ക് പ്രേക്ഷകരെ കയ്യിലെടുത്തുകൊണ്ടുള്ള നസ്‌ലെന്റെ കമന്റെത്തിയത്. 'തെലുങ്ക് ആളുകൾ ഇവിടെ ഉണ്ടോ?എല്ലാരുമേ നമ്മ ആളുകൾ താൻ. ജയ് ബാലയ്യ', എന്നായിരുന്നു നസ്‌ലെൻ പറഞ്ഞത്. നസ്‌ലെന്റെ മറുപടിയിൽ ആവേശത്തിലാകുന്ന വിദ്യാർത്ഥികളെയും വീഡിയോയിൽ കാണാം. സിനിമയിലെ ഓരോ അഭിനേതാക്കളെയും വലിയ കയ്യടികളോടെയാണ് വിദ്യാർത്ഥികൾ വരവേറ്റത്.
സിനിമയ്ക്ക് തമിഴ്‌നാട്ടിൽ നിന്നും വലിയ കളക്ഷൻ ലഭിക്കുമെന്നാണ് പ്രതീക്ഷ. ചിത്രം ഏപ്രിൽ പത്തിന് പുറത്തിറങ്ങും. കോളേജ് പഠനത്തിന് അഡ്മിഷൻ ലഭിക്കുവാനായി സംസ്ഥാന തല കായിക മേളയിൽ ബോക്സിങ് വിഭാഗത്തിൽ പങ്കെടുക്കുന്ന കുറച്ച് പ്ലസ് ടു വിദ്യാർത്ഥികളുടെ തമാശ നിറഞ്ഞ കഥയാണ് സിനിമ പറയുന്നത് എന്നാണ് സിനിമയെക്കുറിച്ച് ഖാലിദ് റഹ്മാൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്. പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിൽ ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.