'വലിയൊരു സിനിമ ചെയ്യണമെന്ന് ഞാൻ വിചാരിച്ചാൽ ചിലപ്പോൾ മലയാള സിനിമ നിന്നുപോകും': നിഖിലയുടെ ജീവിത ചിന്തകൾ
വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ ഒരു മറുപടി നിഖിൽ നൽകിയിട്ടില്ല.
മലയാളത്തിലും തമിഴിലും ശ്രദ്ധേയമായ സിനിമകൾ ചെയ്യുന്ന ആളാണ് നടി നിഖില വിമൽ. നടി ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ ഒരു മറുപടി നിഖിൽ നൽകിയിട്ടില്ല. ഭാവിയിൽ വിവാഹിതയാകുമോയെന്ന് ചോദിച്ചാൽ ഇന്ന് വൈകിട്ട് എന്ത് നടക്കും എന്നതിനെ കുറിച്ചുപോലും ധാരണയില്ലാത്തയാളാണ് താനെന്നാണ് നിഖിലയുടെ മറുപടി. കഴിഞ്ഞ ദിവസം കൈമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അടക്കം നടി മറുപടി നൽകിയത്.
ജനറലായി ഒരാളുടെ ലൈഫില്‍ നടക്കുന്ന കാര്യങ്ങളല്ല തന്റെ ലൈഫില്‍ നടക്കാറുള്ളതെന്നും നിഖില പറയുന്നു. ഭാവിയിൽ എപ്പോഴെങ്കിലും വിവാഹം കഴിക്കുമോ എന്നൊന്നും എനിക്ക് അറിയില്ല. ഇന്ന് വൈകിട്ട് എന്ത് നടക്കും എന്നതിനെ കുറിച്ച് പോലും എനിക്ക് ധാരണയില്ല. ഞാൻ പുട്ട് കഴിക്കണമെന്ന് വിചാരിച്ചാൽ എന്റെ വീട്ടിൽ പുട്ട് കുറ്റി കാണില്ല. അങ്ങനെ ഒരു സാഹചര്യത്തിൽ ഞാൻ കല്യാണം കഴിക്കുന്നതിനെ കുറിച്ച് ചിന്തിച്ച് നോക്കൂ. ഞാൻ അങ്ങനെയാണ്. എനിക്ക് വലിയ പ്ലാനിങ്ങൊന്നുമില്ല. വലിയൊരു സിനിമ ചെയ്യണമെന്ന് ഞാൻ വിചാരിച്ചാൽ ചിലപ്പോൾ മലയാള സിനിമ നിന്നുപോകും. അങ്ങനെ എനിക്ക് സംഭവിക്കാറുണ്ട്. ഒരു പ്രത്യേകതരം ജീവിതമാണല്ലേയെന്ന് എന്റെ മുഖത്ത് നോക്കി ചോദിച്ചാൽ അത് കറക്ടാണെന്ന് എനിക്ക് പറയേണ്ടി വരും.
ജനറലി ഒരാളുടെ ജീവിതത്തിൽ സംഭവിക്കുന്നതൊന്നും എന്റെ ജീവിതത്തിൽ സംഭവിക്കുന്നില്ല. പല പ്രശ്നങ്ങളും വരുമ്പോൾ വേറെ വല്ലവരുമാണെങ്കിൽ ഒരു ജോത്സ്യരെ വിളിച്ച് പ്രശ്നം വെപ്പിക്കണം എന്നൊക്കെ ചിന്തിക്കും ചെയ്യും. പക്ഷെ ഞാൻ പ്രശ്നം ഉണ്ടായല്ലേ എന്ന് ചിന്തിച്ച് നിർത്തും. ഇങ്ങനെ സംഭവിക്കുമെന്ന് അറിയാമായിരുന്നു എന്നതാണ് എനിക്ക് ആ സമയത്ത് തോന്നുക. ഇങ്ങനെ അല്ലാതെ എന്റെ ലൈഫിൽ ഒരു കാര്യങ്ങളും നടന്നിട്ടില്ല.
ലൈഫിൽ എന്ത് നെഗറ്റീവ് കാര്യങ്ങളും സംഭവിക്കും എന്നത് ഞാൻ പ്രതീക്ഷിക്കുന്നുണ്ട്. ഞാൻ എന്തെങ്കിലും പറഞ്ഞതിന്റെ പേരിൽ പിന്നീട് അത് വലിയ വാർത്തയാകുമ്പോൾ അമ്മയെ ഒന്ന് പ്രിപ്പേർ ചെയ്ത് നിർത്തിക്കോളാൻ ഞാൻ ചേച്ചിയോട് പറയും. പിന്നെ അമ്മ കുറച്ച് ചില്ലായിട്ടുള്ളയാളാണ്. കാര്യം പറഞ്ഞാൽ മനസിലാകും. പിന്നെ പല കാര്യങ്ങളും കൂടുതലും എഫക്ട് ചെയ്യുന്നത് അമ്മയെയാണ്. കാരണം അവർക്ക് അത് ശീലമില്ലാത്ത കാര്യമാണല്ലോ എന്നാണ് നിഖില പറഞ്ഞത്.