കരിയറിന്റെ തുടക്കകാലത്ത് തെലുങ്കിൽ പോയി ഐറ്റം ഡാൻസ് ചെയ്ത് പണം ഉണ്ടാക്കാൻ ഉപദേശം നൽകിയവരുണ്ടെന്ന് നടി പാർവതി തിരുവോത്ത്. ആദ്യം അഭിനയം എന്റെ വഴിയല്ല എന്ന തോന്നലുണ്ടായിരുന്നു. പക്ഷെ ഓരോ സിനിമ കഴിയുമ്പോഴും തനിക്ക് ആത്മവിശ്വാസം വരികയായിരുന്നു എന്നാണ് പാർവതി ദ് ന്യൂ ഇൻഡ്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.
തുടക്കകാലത്ത് തെലുങ്കിൽ പോയി ഐറ്റം ഡാൻസ് ചെയ്ത് പണമുണ്ടാക്കൂ, പിന്നീട് കേരളത്തിൽ വന്ന് അർഥവത്തായ സിനിമകൾ ചെയ്യാം എന്ന് ഉപദേശിച്ചവരുണ്ട്. എന്നാൽ എനിക്ക് അതിനോട് താൽപര്യമില്ലായിരുന്നു. ഇപ്പോൾ സിനിമകൾ കുറവാണ്, പക്ഷേ ഫാഷൻ ഫോട്ടോഷൂട്ട് തുടങ്ങി പല കാര്യങ്ങൾ ചെയ്യുന്നതു കൊണ്ട് തിരക്കുണ്ട്. അത് ആസ്വദിച്ചു തന്നെയാണ് ചെയ്യുന്നത്.
ചോദ്യങ്ങൾ ചോദിക്കുന്ന എന്റെ സ്വഭാവവും ഡബ്ല്യുസിസിയൊക്കെയായപ്പോൾ ആളുകൾ എന്റെ മുഖത്ത് പോലും നോക്കാതെയായി. പക്ഷേ ഞാൻ സിനിമാ മേഖലയിലെ സമത്വത്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന പൂർണബോധ്യമുണ്ട്. ഇങ്ങനെ പറയാൻ സാധിക്കുന്നത് തന്നെ ഒരനുഗ്രഹമാണ്, കാരണം ഒരു കാലം വരെ നല്ല സിനിമകൾ ചെയ്ത് കാശുണ്ടാക്കിയത് കൊണ്ടാണ് എനിക്ക് നിലപാടുകളിൽ ഉറച്ചുനിൽക്കാനാകുന്നത് എന്നാണ് പാർവതി പറയുന്നത്.