താരസഹോദരിമാരായ അംബികയും രാധയും ഒരു കാലത്ത് തമിഴിലെയും മലയാളത്തിലെയും തിരക്കേറിയ നടിമാരായിരുന്നു. അംബിക മലയാളത്തിലാണെങ്കിൽ അനിയത്തി രാധ തമിഴിലാണ് തരംഗം സൃഷ്ടിച്ചത്. എൺപതുകളിൽ രജനികാന്ത്, കമൽഹാസൻ, കാർത്തിക്, വിജയകാന്ത് തുടങ്ങിയ മുൻനിര നായകന്മാർക്കൊപ്പം നായികയായി രാധ അഭിനയിച്ചു. നിരവധി നടന്മാർക്കൊപ്പം രാധയുടെ പേര് ഗോസിപ്പ് കോളങ്ങളിൽ സ്ഥാനം പിടിച്ചു.
അത്തരത്തിൽ രാധയ്ക്ക് വേണ്ടി നടന്മാർ തമ്മിൽ തല്ലുന്ന സ്ഥിതിയിലേക്ക് എത്തിയതിനെ കുറിച്ച് പ്രശസ്ത മാധ്യമപ്രവർത്തകൻ തമിഴ തമിഴ പാണ്ഡ്യൻ പറഞ്ഞ കാര്യങ്ങൾ വൈറലാവുകയാണിപ്പോൾ. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെയാണ് രാധയെ കുറിച്ച് പാണ്ഡ്യൻ സംസാരിച്ചത്.
'സിനിമയിലെത്തിയതിന് ശേഷമാണ് രാധ എന്ന പേര് നടിയ്ക്ക് വരുന്നത്. യഥാർഥത്തിൽ ഉദയ ചന്ദ്രിക എന്നായിരുന്നു അവരുടെ യഥാർത്ഥ പേര്. പിന്നീട് രാധ എന്ന പേരാക്കി മാറ്റുകയായിരുന്നു. ഭാരതിരാജയാണ് ഈ പേര് മാറ്റത്തിന് കാരണക്കാരൻ. ആദ്യ സിനിമയിലൂടെ തരംഗമുണ്ടാക്കാൻ നടി രാധയ്ക്ക് സാധിച്ചിരുന്നു. ഇതോടെ രാധയെ തന്റെ നിയന്ത്രണത്തിൽ നിർത്താൻ ആഗ്രഹിച്ച ഭാരതിരാജ അസിസ്റ്റന്റ് ഡയറക്ടറായ ചിത്ര ലക്ഷ്മണയെ രാധയുടെ മാനേജരാക്കി മാറ്റി.
ഈ സമയത്താണ് ഒരുമിച്ച് നായിക, നായകന്മാരായി അഭിനയിച്ച കാർത്തിക്കുമായുള്ള രാധയുടെ പ്രണയം സംഭവിക്കുന്നത്. കാർത്തിക്കും രാധയും തമ്മിലുള്ള കെമിസ്ട്രി വർക്ക് ആയതോടെ ഇരുവരും നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചു. രാധയുടെ വിജയത്തിൽ സഹോദരി അംബികയും അമ്മയും വലിയൊരു ഘടകമായി കൂടെ നിന്നു. അങ്ങനെ ആഴത്തിലുള്ള പ്രണയത്തിലേക്ക് എത്തിയതോടെ കാർത്തിക്കും രാധയും ഒളിച്ചോടാൻ പദ്ധതിയിട്ടിരുന്നതായിട്ടും കഥകൾ പ്രചരിച്ചിരുന്നു.
ആ സമയത്ത് രാധയുടെ അമ്മ മകളെ ഉപദേശിച്ചു. അങ്ങനെ മനസ് മാറിയ രാധ കാർത്തിക്കുമായിട്ടുള്ള ബന്ധം അവസാനിപ്പിച്ചു. ശേഷം തെലുങ്ക് മെഗാസ്റ്റാറും രാഷ്ട്രീയക്കാരനുമായ ചിരഞ്ജീവിയുമായി പ്രണയത്തിലായി. എന്നാൽ രാധയുടെ പേരിൽ നടന്മാർ തമ്മിൽ വാക്കേറ്റമുണ്ടായൊരു കഥ കൂടിയുണ്ട്. രാധയെ ചൊല്ലി നന്ദമുരി ബാലകൃഷ്ണയും ചിരഞ്ജീവിയും തമ്മിലാണ് കടുത്ത പോരാട്ടം ഉണ്ടായത്. ഇരുവരും രാധയെ സ്‌നേഹിച്ചിരുന്നതായിട്ടാണ് പറയപ്പെടുന്നത്. ഇതിലൊന്നും രാധ ഒരിക്കലും പ്രതികരിച്ചിട്ടില്ല. ഒടുവിൽ രാധ ഒരു ബിസിനസുകാരനെയാണ് വിവാഹം ചെയ്തത്.