മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ എമ്പുരാൻ മലയാളത്തിൽ ഇന്നുവരെയുള്ള എല്ലാ കളക്ഷൻ റെക്കോഡുകളും ഭേദിച്ച് മുന്നേറുകയാണ്. ഇപ്പോൾ സിനിമയ്ക്ക് ലഭിക്കുന്ന മാധ്യമ ശ്രദ്ധ അൽപ്പം കൂടുതലാണെന്ന് വിമർശിച്ച് ജഗതിയുടെ മകൾ പാർവതി ഷോൺ. എമ്പുരാൻ വിവാദം ഒരു മാർക്കറ്റിങ് തന്ത്രം മാത്രമാണെന്നും ഇതിനു പിന്നാലെ നടക്കാൻ നാണമില്ലേ എന്നും പാർവതി ചോദിക്കുന്നു.
ചെറിയൊരു കാര്യം ഓർമിപ്പിക്കാനാണ് ഇവിടെ വന്നത്. പത്ര മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും വീക്ഷിക്കുമ്പോഴും അവിടെയെല്ലാം എമ്പുരാൻ സിനിമ മാത്രമാണ്. അതായത് ഒരു ശരാശരി സിനിമയുടെ വിശേഷണം മാത്രമേ ഒള്ളൂ. ആവശ്യമുള്ളവർ സിനിമ പോയി കാണൂ, ഇല്ലാത്തവർ കാണണ്ട. ഇതൊക്കെ ഒരു മാർക്കറ്റിങ് ബിസിനസ്സ് ആണ്. നമ്മുടെ നാട്ടിൽ, ഈ രാജ്യത്ത് മറ്റെന്തെല്ലാം കാര്യങ്ങളുണ്ട് ചർച്ച ചെയ്യാൻ. ഇതൊരു സംഭവമാണോ എനിക്കറിയില്ല, ഈ പത്ര മാധ്യമങ്ങളൊക്കെ എന്തിന്റെ പിന്നാലെയാണ്. നേരാംവണ്ണം ഒരു മൂത്രപ്പുരപോലും ഈ നാട്ടിൽ ഇല്ല', പാർവതി പറയുന്നു.
അതേസമയം, സിനിമ ഇതിനോടകം വേൾഡ് വൈഡ് 200 കോടി നേടിക്കഴിഞ്ഞു. കേരള ബോക്സ് ഓഫീസിൽ നിന്നു മാത്രമായി ചിത്രം 50 കോടി കളക്ട് ചെയ്തിട്ടുണ്ട്. ചിത്രത്തിന് നേരെ സംഘപരിവാർ നടത്തുന്ന സൈബർ ആക്രമണം സിനിമയ്ക്ക് ഗുണം ചെയ്തിട്ടേ ഉള്ളൂ.