അഭിനേതാവും കാസ്റ്റിങ് ഡയറക്ടറുമായ ദിനേശ് പ്രഭാകറിന്റെ ഒരു വെളിപ്പെടുത്തലാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുന്നത്. പ്രേമം സിനിമയുമായി ബന്ധപ്പെട്ടായിരുന്നു ദിനേശിന്റെ വെളിപ്പെടുത്തൽ. പ്രേമം സിനിമയിൽ ഓഡിഷന് വന്ന് പുറത്താകുകയും പിന്നീട് മറ്റൊരു ചിത്രത്തിലൂടെ മികച്ച അഭിനേതാവിനുള്ള സംസ്ഥാന പുരസ്കാരം നേടിയ ഒരു നടിയുണ്ടെന്ന് ദിനേശ് പറയുന്നു.
സിനിമയിലെ കാസ്റ്റിങ് ഡയറക്ഷനെ കുറിച്ച് സംസാരിക്കവേയാണ് ദിനേശ് ഇക്കാര്യം പറഞ്ഞത്. ആ നടിയെ അഞ്ചോ ആറോ തവണ ഓഡിഷൻ നടത്തിയെന്നും എന്നാൽ ഭയം കാരണമോ അന്നത്തെ മാനസികാവസ്ഥ കൊണ്ടോ ആകാം അന്ന് പരാജയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ആരാണ് ആ നടിയെന്ന് തുറന്നു പറയാൻ അദ്ദേഹം തയ്യാറായില്ല.
ആ നടി ആരെന്നു കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ആരാധകർ. 2015 മെയിൽ ആണ് പ്രേമം റിലീസ് ആകുന്നത്. ഇതിനു ശേഷം മൂന്ന് നടിമാർക്കാണ് സംസ്ഥാന അവാർഡ് ലഭിച്ചിട്ടുള്ളത്. പാർവതി തിരുവോത്ത്, നിമിഷ സജയൻ, രജിഷ വിജയൻ. ഇതിൽ പാർവതി ആകാനുള്ള യാതോരു സാധ്യതയുമില്ലെന്ന് സോഷ്യൽ മീഡിയ പറയുന്നു. പിന്നീടുള്ളത് രജിഷയും നിമിഷയുമാണ്. രജിഷ വിജയൻ ആയിരിക്കും ആ നടിയെന്ന കണ്ടെത്തലിലാണ് സോഷ്യൽ മീഡിയ. ആരാണെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.