ലൂസിഫറിനെ കടത്തിവെട്ടാൻ മാമാങ്കം! - പറയുന്നത് പൃഥ്വിരാജ്

വെള്ളി, 28 ജൂണ്‍ 2019 (11:51 IST)
പരസ്പരം ചളി വാരിയെറിയാതെ മലയാളത്തിലെ മുൻ‌നിര നായകന്മാരുടെ ആരാധകരെ കൊണ്ട് ബിഗ് ബജറ്റ് സിനിമയ്ക്ക് കൈയ്യടിപ്പിക്കേണ്ടത് എങ്ങനെയാണെന്ന് ലൂസിഫർ എന്ന ചിത്രത്തിലൂടെ പൃഥ്വിരാജ് കാണിച്ച് തന്നു കഴിഞ്ഞു. നിഷ്പക്ഷരായ പ്രേക്ഷകരെ കൂടാതെ മോഹൻലാൽ, പൃഥ്വിരാജ്, ടൊവിനോ തുടങ്ങിയ താരങ്ങളുടെ ഫാൻസിനെ കൊണ്ട് സിനിമയെ പ്രൊമോട്ട് ചെയ്യാൻ സംവിധായകൻ എന്ന നിലയിൽ പൃഥ്വിക്ക് കഴിഞ്ഞിട്ടുണ്ട്. ഒപ്പം വാണിജ്യപരമായി വമ്പൻ മേഖലകളിൽ വിജയം കൈവരിച്ച ചിത്രമാണ് ലൂസിഫർ. 
 
എന്നാൽ, മലയാള സിനിമയിലെ വിജയത്തെ അങ്ങേയറ്റം എന്ന് പറയുന്നത് ലൂസിഫർ ആയിരിക്കില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് പൃഥ്വി. ഇക്കാര്യത്തിൽ ഒരു തുടക്കം മാത്രമാണ് ലൂസിഫർ. ഇനി വരാനിരിക്കുന്ന മാമാങ്കം, മരയ്ക്കാർ എന്നീ ചിത്രങ്ങൾ ലൂസിഫറിനെ കടത്തിവെട്ടുമെന്നാണ് പൃഥ്വിരാജ് പറയുന്നത്. 
 
‘മലയാള സിനിമ ഇന്നോളം കൈവയ്ക്കാത്ത മേഖലയിലേക്ക് ലൂസിഫര്‍ കടന്നു ചെന്നു എന്നതാണ് ലൂസിഫറിന്റെ ഈ വലിയ വിജയത്തിന് പിന്നില്‍. ഡിജിറ്റല്‍ റൈറ്റ്‌സിന്റെ അപാര സാധ്യതയും ലൂസിഫറിലൂടെ മലയാള സിനിമയ്ക്ക് തുറന്നുകിട്ടി. ഇത്തരത്തില്‍ ബിസിനസുകളെല്ലാം ഉപയോഗപ്പെടുത്തുന്ന അവസാന സിനിമയല്ല ലൂസിഫര്‍, ഇതൊരു കാല്‍വെയ്പ്പാണ്. അണിയറയിലൊരുങ്ങുന്ന വലിയ ചിത്രങ്ങളായ മരയ്ക്കാറും മാമാങ്കവും ലൂസിഫറിനെ കടത്തി വെട്ടുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്‘. നാനയുമായുള്ള അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു.
 
100 കോടി കളക്ഷനെന്ന സ്വപ്നത്തിലേക്ക് മോഹൻലാലിന്റെ പുലിമുരുകൻ ചുവടുകളെടുത്ത് വെച്ചപ്പോൾ പലരും കരുതി ഇനിയൊരു മലയാള സിനിമയ്ക്കും അതിനു സാധിക്കില്ലെന്ന്. എന്നാൽ, അവിടെ വാണിജ്യ മേഖലയിലെ മലയാള സിനിമയുടെ ജൈത്ര യാത്ര അവിടെ തുടങ്ങുകയായിരുന്നു എന്ന് തെളിയിക്കുന്നതാണ് പിന്നീട് വന്ന രണ്ട് ചിത്രങ്ങളും. മധുരരാജയും ലൂസിഫറും. രണ്ടും നൂറ് കോടി കടന്നു. 
 
ലൂസിഫർ ആ തേരോട്ടം അവസാനിപ്പിച്ചത് 200 കോടിയിലാണ്. ഇനി മാമാങ്കവും മരയ്ക്കാറും കുറിക്കുന്നത് 250, 300 കോടി ചരിത്രമായിരിക്കും. കാത്തിരിക്കാം ആ വസന്ത കാലത്തിനായി.   

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം “അതൊരു വലിയ കഥയാ മോനേ, പറഞ്ഞുതുടങ്ങിയാല്‍ പത്തുമുപ്പതുകൊല്ലത്തെ ചരിത്രം പറയേണ്ടിവരും” - മാസ് ഡയലോഗുമായി മമ്മൂട്ടി; പതിനെട്ടാം പടി ട്രെയിലര്‍ കാണാം!